Kerala
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം; കേസില്‍ നാളെ വിധി പ്രസ്താവിക്കും
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 2263 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ ഈ വിധി ഏറെ നിര്‍ണായകമാണ്.
ചെറുവള്ളി | സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂമി തര്‍ക്കങ്ങളിലൊന്നായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ പാലാ സബ് കോടതി നാളെ (തിങ്കള്‍) വിധി പ്രസ്താവിക്കും. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 2263 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ ഈ വിധി ഏറെ നിര്‍ണായകമാണ്. അയന ചാരിറ്റബിള്‍ ട്രസ്റ്റ് (മുമ്പ് ഗോസ്പല്‍ ഫോര്‍ ഏഷ്യ), ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, ഡോ. സിനി പുന്നൂസ്, അന്തരിച്ച ബിഷപ്പ് കെ പി യോഹന്നാന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഭൂമി തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ നിയമപോരാട്ടം നടത്തുന്നത്. 1910-ലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം ഈ ഭൂമി ‘പണ്ടാരവകപ്പാട്ടം’ (സര്‍ക്കാര്‍ വക പാട്ടം) വിഭാഗത്തില്‍പ്പെട്ടതാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
ഉടമസ്ഥാവകാശം നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന രേഖ സെറ്റില്‍മെന്റ് രജിസ്റ്റര്‍ ആണെന്ന് മുമ്പ് ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഉന്നത കോടതികള്‍ വ്യക്തമാക്കിയിട്ടുള്ള കാര്യം സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 1947-ല്‍ ഹാരിസണ്‍സ് ഹാജരാക്കിയ ആധാരങ്ങളിലും ഇത് പണ്ടാരവക ഭൂമിയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അതിനാല്‍ ഇതിന്റെ പൂര്‍ണ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നുമാണ് വാദം. 2005-ല്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡില്‍ നിന്നാണ് ബിഷപ്പ് കെ പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് ഈ ഭൂമി വാങ്ങിയത്.
2005-ന് മുമ്പ് ഈ ഭൂമി ഒരു സ്വകാര്യ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലായിരുന്നു എന്നതിന് യാതൊരു രേഖയുമില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ ഹാരിസണ്‍സ് നല്‍കിയ ആധാരങ്ങളുടെയും ദീര്‍ഘകാലമായുള്ള കൈവശാവകാശത്തിന്റെയും അടിസ്ഥാനത്തിലാണ് തങ്ങള്‍ ഭൂമി വാങ്ങിയതെന്നാണ് ട്രസ്റ്റിന്റെ നിലപാട്. ശബരിമല വിമാനത്താവള നിര്‍മാണത്തിനായി ഈ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി അനുകൂലമായാല്‍ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാതെ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ സാധിക്കും. മറിച്ച് ട്രസ്റ്റിന് അനുകൂലമായാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.





