Connect with us

Articles

സിദ്റതുല്‍ മുന്‍തഹക്കപ്പുറത്തേക്ക്

നബി(സ)യുടെ അമാനുഷികതകളില്‍ ശ്രദ്ധേയമാണ് ഇസ്‌റാഉം മിഅ്റാജും. മക്കയില്‍ നിന്ന് അക്കാലത്ത് ഒരു മാസം വഴിദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് ഒറ്റ രാത്രിയില്‍ നടത്തിയ യാത്രയാണ് ഇസ്‌റാഅ്, അഥവാ രാപ്രയാണം. ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് ഏഴ് ആകാശങ്ങള്‍ക്കപ്പുറമുള്ള സിദ്റത്തുല്‍ മുന്‍തഹ വരെയുള്ള സഞ്ചാരമാണ് മിഅ്റാജ്. പല തലങ്ങളില്‍ നിന്നും വായിക്കാനാകുന്ന ഈ അത്ഭുത യാത്രയെ എങ്ങനെ നോക്കിയാലും അതില്‍ നിറഞ്ഞുനില്‍ക്കുന്നത് നബി(സ)യുടെ മഹത്വം തന്നെയാണ്.

Published

|

Last Updated

നബി(സ)യുടെ അമാനുഷികതകളില്‍ ശ്രദ്ധേയമാണ് ഇസ്‌റാഉം മിഅ്റാജും. മക്കയില്‍ നിന്ന് അക്കാലത്ത് ഒരു മാസം വഴിദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് ഒറ്റ രാത്രിയില്‍ നടത്തിയ യാത്രയാണ് ഇസ്‌റാഅ്, അഥവാ രാപ്രയാണം. ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് ഏഴ് ആകാശങ്ങള്‍ക്കപ്പുറമുള്ള സിദ്റത്തുല്‍ മുന്‍തഹ വരെയുള്ള സഞ്ചാരമാണ് മിഅ്റാജ്. പല തലങ്ങളില്‍ നിന്നും വായിക്കാനാകുന്ന ഈ അത്ഭുത യാത്രയെ എങ്ങനെ നോക്കിയാലും അതില്‍ നിറഞ്ഞുനില്‍ക്കുന്നത് നബി(സ)യുടെ മഹത്വം തന്നെയാണ്.

അവിടുത്തെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്‍, നിര്‍വചനങ്ങള്‍ക്കു വഴങ്ങാത്ത വിധം നബി(സ)യുടെ ജീവിതത്തിന് മേലാപ്പ് ചാര്‍ത്തിയ ബീവി ഖദീജ(റ), നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തായി മക്കയിലെ ‘നാടുവാഴി’ത്വത്തിന് മുമ്പില്‍ നബി(സ)ക്ക് പ്രതിരോധമായിരുന്ന പിതൃസഹോദരന്‍ അബൂത്വാലിബ് എന്നിവരുടെ വിയോഗം മൂലമുണ്ടായ മനപ്രയാസം. തുടര്‍ ദിവസങ്ങളില്‍ അപമാനിക്കാന്‍ ത്വാഇഫുകാര്‍ നടത്തിയ ശ്രമം കാരണം ഉണ്ടായിത്തീര്‍ന്ന മനുഷ്യസഹജമായ ഹൃദയവേദനകള്‍ പൂര്‍ണമായി മായ്ച്ചു കളയാനും ഒരിക്കലും കുലുങ്ങാത്ത നിശ്ചയദാര്‍ഢ്യം പകരാനുമുള്ള പശ്ചാത്തലമുണ്ടായിരുന്നു ഈ യാത്രക്ക്. ഒരു അടിമയുടെ മാനസികപ്രയാസം തീര്‍ക്കാന്‍ ചരിത്രത്തില്‍ മറ്റാര്‍ക്കും കൊതിക്കാന്‍ പോലും സാധിക്കാത്ത സംവിധാനങ്ങള്‍ ഒരുക്കുക വഴി അല്ലാഹു നബി(സ)യെ പ്രപഞ്ചത്തിനു മുകളില്‍ ഉയര്‍ത്തിവെച്ചു.

മറ്റാരും ഉപയോഗിച്ചിട്ടില്ലാത്ത, മിന്നല്‍ പിണരിനെ പിന്നിലാക്കുന്ന ബുറാഖിലായിരുന്നു തിരുനബി(സ)യുടെ യാത്ര. കഴുതയേക്കാള്‍ വലിപ്പമുള്ളതും കോവര്‍കഴുതയേക്കാള്‍ ചെറുതുമായ ഒരു മൃഗമാണ് ബുറാഖ്. അതിന്റെ നോട്ടം എവിടേക്കെത്തുന്നുവോ അവിടേക്ക് അതിന്റെ കാല്‍പാദങ്ങളും എത്തും വിധമായിരുന്നു അതിന്റെ പ്രയാണ വേഗം. മാലാഖമാരുടെ അധിപന്‍, അല്ലാഹുവിന്റെ അടുത്ത് സ്ഥാനമുള്ളവര്‍ എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ ജിബ്്രീല്‍(അ)നെ തന്നെ അകമ്പടി സേവിക്കാന്‍ നിയോഗിച്ചു. ബൈത്തുല്‍ മുഖദ്ദസില്‍ പ്രവാചകന്‍മാരെ ഒന്നാകെ അണിനിരത്തി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. അവിടെ വെച്ച് അവര്‍ക്ക് ഇമാമായി നിന്ന് രണ്ട് റക്അത്ത് നിസ്‌കരിച്ചു. മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെ മുന്നില്‍ നബി(സ) ഇമാമായി നില്‍ക്കുകയുണ്ടായി എന്നത് അവിടുത്തേക്ക് മറ്റു പ്രവാചകന്മാരില്‍ നിന്ന് ലഭിച്ചിട്ടുള്ള മഹത്തായ പദവി തന്നെയായിരുന്നു.

ഇസ്‌റാഅ് വേളയില്‍ പല അത്ഭുതകരമായ കാഴ്ചകളും നബി(സ) കണ്ടു. അതുവരെ കണ്ടിട്ടില്ലാത്ത മസ്ജിദുല്‍ അഖ്‌സ കണ്ടതും അന്നാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നബി(സ)ക്ക് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് അല്ലാഹു ഇസ്‌റാഅ് നടത്തിയതെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ?

ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് ഏഴ് ആകാശങ്ങള്‍ക്കപ്പുറത്തേക്കുള്ള യാത്രയില്‍ ഓരോ ആകാശ വാതിലിലും കാത്തിരുന്ന് സ്വാഗതമോതിയ നബിമാരെയും മലക്കുകളെയും വിന്യസിച്ചു. ഒടുക്കം ജിബ്്രീല്‍(അ)ന് പോലും പ്രവേശനമില്ലാത്ത സിദ്റതുല്‍ മുന്‍തഹയിലേക്കുള്ള കാല്‍വെപ്പ്. അറബി ഭാഷയില്‍ സിദ്റത് എന്നാല്‍ ഇലന്ത മരമാണ്. മുന്‍തഹാ എന്നാല്‍ അന്തിമ അതിര്‍ത്തിയും. ‘അങ്ങേയറ്റത്തെ അതിര്‍ത്തിയിലുള്ള ഇലന്തമരം’ എന്നാണ് സിദ്റതുല്‍ മുന്‍തഹയുടെ ഭാഷാര്‍ഥം. ഭൗതികലോകത്തിന്റെ ആ അതിര് കടന്ന് മറ്റൊരാളും യാത്ര ചെയ്തില്ല. യാത്രയും സംവിധാനങ്ങളും ഒരുക്കവുമെല്ലാം അതുല്യം. ഒരു വ്യക്തിക്കു നല്‍കുന്ന പരിഗണനയിലൂടെ മനുഷ്യ സമൂഹം തന്നെ വാഴ്ത്തപ്പെടുന്നു.

ശേഷം ആ അത്ഭുത യാത്രക്ക് അവസരം ഒരുക്കിയവനായി എന്നതില്‍ അല്ലാഹു അഭിമാനം പറയുകയും ചെയ്യുന്നു. സൂറത്തുല്‍ ഇസ്റാഅ് എന്ന പേരില്‍ ഒരു അധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രസ്തുത അധ്യായം ആരംഭിക്കുന്നത് ഈ അഭിമാനം പറച്ചിലുകൊണ്ടാണ്. തന്റെ അടിമയെ ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന്, പരിസരം നാം അനുഗൃഹീതമാക്കിയ മസ്ജിദുല്‍ അഖ്‌സയിലേക്ക് നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! തിരുനബി(സ)യുടെ വൈശിഷ്ട്യവും അസാധാരണത്വവും മനുഷ്യ ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് ഇതിനപ്പുറം ഒരു അധ്യായവും ആവശ്യമില്ല എന്ന തിരിച്ചറിവാണ് ഒരു വിശ്വാസിക്ക് ഈ ദിനം നല്‍കുന്നത്.