Connect with us

Articles

ഇറാനില്‍ കൊടുങ്കാറ്റടങ്ങിയോ?

യു എസ് എസ് എബ്രഹാം ലിങ്കണ്‍ എന്ന കൂറ്റന്‍ വിമാനവാഹിനിക്കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത ആക്രമണഭീതിയൊഴിഞ്ഞുവെന്ന ആശ്വാസത്തെ കെടുത്തിക്കളയുന്നുണ്ട്. അത്യാഹിതങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങില്ലെന്ന സൂചന നല്‍കി വ്യോമപാത തുറക്കാന്‍ ഇറാന്‍ തയ്യാറായി എന്നത് ആശ്വാസകരമാണ്. അപ്പോഴും അടിത്തട്ട് പ്രക്ഷുബ്ധം തന്നെയാണ്. അതൃപ്ത ജനത അത്ര പെട്ടെന്ന് പിൻ വാങ്ങില്ല.

Published

|

Last Updated

ഇറാനില്‍ സ്ഥിതിഗതികള്‍ അല്‍പ്പം മെച്ചപ്പെടുന്നുവെന്നാണ് ഇതെഴുതുമ്പോള്‍ ലഭിക്കുന്ന വിവരം. സൈനിക നടപടിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. പ്രക്ഷോഭകരെ വധശിക്ഷക്ക് വിധേയമാക്കില്ലെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ എല്ലാവരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും ഇറാന്‍ അധികൃതരും പറയുന്നു. ട്രംപ് പറയുന്നതൊന്നും പൂര്‍ണ വിശ്വാസത്തിലെടുക്കാനാകില്ല. ഇത്രയും അപ്രവചനീയമായ യു എസ് പ്രസിഡന്റ് ചരിത്രത്തിലുണ്ടായിട്ടില്ല. ഇപ്പോള്‍ പറഞ്ഞതല്ല അടുത്ത നിമിഷം പറയുക. തന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ഏത് വഴിയും സ്വീകരിക്കും. ശുഭാപ്തിവിശ്വാസത്തിന്റെ എല്ലാ സാധ്യതകളെയും തല്ലിക്കെടുത്തിയാണ് ട്രംപിസം കുതിക്കുന്നത്. യു എസ് എസ് എബ്രഹാം ലിങ്കണ്‍ എന്ന കൂറ്റന്‍ വിമാനവാഹിനിക്കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത ആക്രമണഭീതിയൊഴിഞ്ഞുവെന്ന ആശ്വാസത്തെ കെടുത്തിക്കളയുന്നുണ്ട്.

അത്യാഹിതങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങില്ലെന്ന സൂചന നല്‍കി വ്യോമപാത തുറക്കാന്‍ ഇറാന്‍ തയ്യാറായി എന്നത് ആശ്വാസകരമാണ്. അപ്പോഴും അടിത്തട്ട് പ്രക്ഷുബ്ധം തന്നെയാണ്. അതൃപ്ത ജനത അത്ര പെട്ടെന്ന് പിൻവാങ്ങില്ല. അവരനുഭവിക്കുന്ന സാമ്പത്തിക ദുരന്തം ഒരു യാഥാര്‍ഥ്യമാണ്. ആ അതൃപ്തിയെ ആളിക്കത്തിക്കാനും ഭരണമാറ്റത്തിന്റെ വ്യാമോഹം കുത്തിവെക്കാനും സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ കുതന്ത്രങ്ങളെയും യഥാര്‍ഥ പ്രതിസന്ധികളെയും വേര്‍തിരിച്ച് തന്നെ മനസ്സിലാക്കണം. അടിച്ചമര്‍ത്തിയും കൊന്നുതള്ളിയും പ്രക്ഷോഭം അവസാനിപ്പിക്കാമെന്ന നിലപാടില്‍ നിന്ന് സംഭാഷണത്തിന്റെയും തിരുത്തലുകളുടെയും പാതയിലേക്ക് ഇറാന്‍ നേതൃത്വം വന്നുവെന്നതാണ് ഏറ്റവും പുതിയ കാഴ്ച.

ഇസ്‌റാഈലിന്റെ താത്പര്യം യു എസ്- ഇറാന്‍ ഏറ്റുമുട്ടലാണ്. മറ്റൊരു രാജ്യവും അത്തരമൊരു ഇരുണ്ട ദിനം കാത്തിരിക്കുന്നില്ല. സഊദി അറേബ്യയടക്കമുള്ളവ കൈവിട്ട കളിക്ക് നില്‍ക്കരുതെന്നാണ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. യു എസിന്റെയും ഇസ്‌റാഈലിന്റെയും നേരിട്ടുള്ള ആക്രമണം എട്ട് മാസങ്ങള്‍ക്ക് മുമ്പ് അനുഭവിച്ച ഇറാന്‍ ആ അനുഭവത്തിന്റെ കരുത്തിലാണിരിക്കുന്നത്. ഇസ്‌റാഈല്‍ നടത്തിയ നേരിട്ടുള്ളതും ചാരന്‍മാരെ വെച്ചുള്ളതുമായ ആക്രമണത്തെയും അതിജീവിച്ചു ഇറാന്‍. വലിയ നഷ്ടങ്ങള്‍ അവരുടെ സൈനിക സംവിധാനത്തെ കൂടുതല്‍ ജാഗ്രത്താക്കിയിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ്, “സമാധാനമെങ്കില്‍ സമാധാനം, യുദ്ധമെങ്കില്‍ യുദ്ധ’മെന്ന് അവര്‍ പ്രഖ്യാപിക്കുന്നത്. വെനസ്വേലയില്‍ കടന്ന് കയറിയപോലെ എളുപ്പമാകില്ല കാര്യങ്ങളെന്ന ബോധ്യം ട്രംപിനുള്ളത് കൊണ്ട് കൂടിയാണ് ഒരു പിന്നോട്ടടി ഉണ്ടായിരിക്കുന്നത്. ജൂണില്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോഴും 2020ല്‍ ജനറല്‍ ഖാസിം സുലൈമാനിയെ വകവരുത്തിയപ്പോഴും പ്രതീകാത്മകമായി മാത്രമാണ് ഇറാന്‍ പ്രതികരിച്ചത്. ആയത്തുല്ല അലി ഖാംനഈയെ ലക്ഷ്യമിട്ടാല്‍ അതായിരിക്കില്ല ഉണ്ടാകുക. ആത്യന്തിക ഏറ്റുമുട്ടലുണ്ടാകും. യു എസിന് ഏറ്റവും വലിയ ബാധ്യതയാകുന്ന യുദ്ധമാകും അത്.
പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തിയതിനൊപ്പം രാജ്യം അപകടത്തില്‍ എന്ന ന്യായീകരണം കൂടി ഇറാനില്‍ ശിയാ നേതൃത്വം ഉത്പാദിപ്പിക്കുന്നുണ്ട്. പ്രക്ഷോഭം തളര്‍ത്താന്‍ ഇത് ഉപകരിച്ചു. നിവലിലെ ഭരണസംവിധാനത്തിന് ബദലായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് പഹ്‌ലവി ഉളമുറക്കാരനായ റെസാ പഹ്‌ലവിയെയാണല്ലോ. ഭരണം പിടിച്ചാല്‍ അടുത്ത നിമിഷം ഇസ്‌റാഈലിനെ അംഗീകരിക്കുമെന്നും ആണവ പരിപാടി നിര്‍ത്തിവെക്കുമെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഇറാനികള്‍ക്ക് മുമ്പില്‍ വെക്കാവുന്ന ഏറ്റവും അനാകര്‍ഷകമായ വാഗ്ദാനമാണത്. ഇയാളെ വിശ്വസിച്ച് ഒരു ഇറാനിയും ആയത്തുല്ലമാരെ അട്ടിമറിക്കാന്‍ പോകില്ല. ചൈനയും റഷ്യയും അറബ് രാജ്യങ്ങളും സ്വന്തം ഉത്കണ്ഠയുടെ പേരിലാണെങ്കില്‍ പോലും ട്രംപിന് വിപരീതത്തില്‍ നിന്നത്‌കൊണ്ട് കൂടിയാണ് വലിയ ദുരന്തം തത്കാലം വഴിമാറിയത്.
ഇറാനിലെ പ്രക്ഷോഭം അവസാനിച്ചാല്‍ എല്ലാം ശാന്തമാകുമോ? ഊരിയ വാള്‍ ട്രംപ് ഉറയിലിടുമോ? ഇല്ലെന്ന് തന്നെയാണ് ഉത്തരം. പെട്രോ വിഭവങ്ങള്‍ക്ക് മേല്‍ നിയന്ത്രണമുറപ്പിക്കുകയും അതിന്റെ വിപണനം ഡോളറില്‍ ഉറപ്പിച്ച് നിര്‍ത്തുകയും അതുവഴി ഡോളറിന്റെ സര്‍വാധിപത്യം നിലനിര്‍ത്തുകയുമാണ് ട്രംപ് ചെയ്യുന്നതെന്ന വിലയിരുത്തലാണ് ഇപ്പോള്‍ പ്രബലമായുള്ളത്. എന്നാല്‍ അതിനുമപ്പുറത്തേക്കുള്ള ഭൗമരാഷ്ട്രീയ താത്പര്യങ്ങള്‍ ഈ നടപടിക്ക് പിന്നിലുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ശാന്തമായാലും പിന്നെയും സ്ഥിതി സങ്കീര്‍ണമാക്കി അധിനിവേശ യുക്തികളിലേക്ക് ട്രംപ് നീങ്ങുമെന്ന് പറയുന്നത്. കൊളോണിയല്‍ കാലത്തിന്റെയും ശീതസമര കാലത്തിന്റെയും തനിയാവര്‍ത്തനം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. ലോകമഹായുദ്ധകാലത്ത് എതിരാളി ജര്‍മന്‍ ചേരിയും ശീതസമര കാലത്ത് സോവിയറ്റ് ചേരിയും ആയിരുന്നെങ്കില്‍ ഇന്ന് അത് ചൈനയാണെന്ന വ്യത്യാസമേയുള്ളൂ.

ഏതാനും ദിവസത്തിനുള്ളില്‍ എന്തൊക്കെയാണ് നടന്നത്? വെനസ്വേലന്‍ പ്രസിഡന്റിനെ തടവിലാക്കി. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള ഭീഷണികള്‍ ട്രംപ് മുഴക്കുകയും അത് പ്രതിരോധിക്കാനുള്ള വഴികള്‍ ഡെന്‍മാര്‍ക്കും നാറ്റോ രാജ്യങ്ങളും ആലോചിച്ച് തുടങ്ങുകയും ചെയ്തു. ഇറാനില്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ കുത്തിത്തിരിപ്പ് നടത്തുന്നു. ചൈനയെയും നിര്‍ണായക ധാതുക്കളിലുള്ള അവരുടെ ആധിപത്യത്തെയും വെല്ലുവിളിക്കാനുള്ള അമേരിക്കയുടെ ദൃഢനിശ്ചയമാണ് ഇതിലെല്ലാമുള്ള പൊതുവിഷയം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ലിഥിയം നിക്ഷേപം ആരുടെ കൈകളിലെത്തുന്നുവെന്നതാകും ഭാവിയിലെ മേധാവിത്വം ആര്‍ക്കെന്ന് തീരുമാനിക്കുക.

ആര്‍ട്ടിക്ക് രാജ്യമായ ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുക്കം പുതിയ ട്രേഡ് റൂട്ട് തുറക്കുമെന്നും അത് ഏഷ്യയിലേക്ക് ദൂരം കുറഞ്ഞ സഞ്ചാരം സാധ്യമാക്കുമെന്നും പ്രവചിക്കപ്പെടുന്നു. ഇന്നത്തെ നിലക്ക് ചൈനക്ക് ഈ മേഖലയില്‍ നല്ല സ്വാധീനമുണ്ട്. ജിയോ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് ഡാന്‍ അലെയ്മാരിയു കൃത്യമായി നിരീക്ഷിക്കുന്നതിങ്ങനെ: “യു എസ്- ചൈന വൈരാഗ്യമാണ്, ഒരു പരിധിവരെ യു എസ്- റഷ്യ തന്ത്രപരമായ സംഘര്‍ഷവുമാണ് നടക്കുന്നത്. ചൈനയോ റഷ്യയോ ഇറാനോ വെനിസ്വേലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് യു എസിന് സഹിക്കാനാകില്ല. ആര്‍ട്ടിക് മേഖലയിലേക്കുള്ള റഷ്യന്‍ നീക്കങ്ങളെ ചെറുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഗ്രീന്‍ലാന്‍ഡില്‍ ചൈനീസ് സാമ്പത്തിക സ്വാധീനം അനുവദിച്ചുകൊടുക്കരുതെന്ന് ശാഠ്യം അവര്‍ക്കുണ്ട്. ബീജിംഗും മോസ്‌കോയും സൗഹൃദപരമായി പ്രവര്‍ത്തിക്കുന്ന ഇറാനെയും വെനിസ്വേലയെയും ദുര്‍ബലപ്പെടുത്തി മാത്രമേ ഭൗമരാഷ്ട്രീയ മേധാവിത്വം നിലനിര്‍ത്താന്‍ സാധിക്കൂവെന്ന് യു എസ് തിരിച്ചറിയുന്നു’. വൈദ്യുത വാഹനങ്ങള്‍ മുതല്‍ ബഹിരാകാശം, പ്രതിരോധം വരെയുള്ള എല്ലാത്തിനും നിര്‍ണായക ധാതുക്കള്‍ കൈക്കലാക്കണം. പോളാര്‍ സില്‍ക്ക് റൂട്ട് വരുതിയിലാക്കണം. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത ആർട്ടിക് ഷിപ്പിംഗ് റൂട്ടാണ് പോളാർ സിൽക്ക് റൂട്ട്. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുരുകുന്പോൾ സാധ്യമാകുന്ന ആ റൂട്ട് ഏഷ്യയിലേക്കുള്ള ദൂരം ഗണ്യമായി കുറക്കും. അത്തരം “തന്ത്രപരമായ സ്ഥലങ്ങളും’ വിഭവങ്ങളും എതിരാളികളുടെ നിയന്ത്രണത്തില്‍ വരരുതെന്ന് വാഷിംഗ്ടണ്‍ തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
റെയര്‍ എര്‍ത്ത് മേഖലയില്‍ ചൈനക്ക് ഏകപക്ഷീയമായ നിയന്ത്രണാധികാരമുണ്ടെന്നത് വസ്തുതയാണ്. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ കണക്കനുസരിച്ച്, ലോകത്തിലെ ഖനനത്തിന്റെ 70 ശതമാനവും സംസ്‌കരണ ശേഷിയുടെ 90 ശതമാനത്തിലധികവും അവര്‍ നിയന്ത്രിക്കുന്നു. ചൈനക്ക് എണ്ണ നല്‍കുന്ന രണ്ട് രാജ്യങ്ങളായ വെനിസ്വേലയും ഇറാനും ഊര്‍ജരംഗത്തെ അങ്കലാപ്പുകളെ മറികടക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് റെയര്‍ എര്‍ത്ത് പോലുള്ള മേഖലയിലേക്ക് കൂടുതല്‍ കരുത്തോടെ നീങ്ങാനുള്ള ഊര്‍ജം അവര്‍ക്ക് നല്‍കുന്നു. വിവിധ രാജ്യങ്ങളില്‍ വമ്പന്‍ പ്രോജക്ടുകളില്‍ പണം മുടക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജസ്വയംപര്യാപ്തതയും ചൈനക്ക് സമ്മാനിക്കുന്നു. യു എസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പ് സമാഹരിച്ച ഡാറ്റ പ്രകാരം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചൈനീസ് കമ്പനികള്‍ വെനസ്വേലയില്‍ 4.8 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ബീജിംഗ് കാരക്കാസിന് പണവും വായ്പ നല്‍കിയിട്ടുണ്ട്. ധാതു സമ്പന്നമായ ആഫ്രിക്കയിലും ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളുമായി സമാനമായ കരാറുകള്‍ രൂപപ്പെടുത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. നിര്‍ണായക ധാതുക്കളില്‍ ആസ്ത്രേലിയയും മലേഷ്യയും യു സുമായി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. പക്ഷേ, ഇറാനിലും വെനസ്വേലയിലും ഗ്രീന്‍ലാന്‍ഡിലും അത് പോരാ. ദീര്‍ഘകാലത്തേക്കുള്ള നിയന്ത്രണാവകാശം തന്നെ വേണമെന്നാണ് ട്രംപിന്റെ നിലപാട്.

ഇറാന്റെ കാര്യത്തില്‍ ചൈന ആസ്വദിക്കുന്ന ഊര്‍ജ സ്വയംപര്യാപ്തത മാത്രമല്ല യു എസിനെ അലോസരപ്പെടുത്തുന്നത്. തിന്മയുടെ അച്ചുതണ്ടെന്ന് യു എസും കൂട്ടാളികളും വിശേഷിപ്പിക്കുന്ന ഹൂതികള്‍, ഹിസ്ബുല്ല, ഹമാസ് തുടങ്ങിയവയുമായി ഇറാനുള്ള ഗാഢബന്ധവും ഈ ബാന്ധവങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ചൈനയും റഷ്യയും നല്‍കുന്ന പിന്തുണയും ട്രംപിന്റെ ഉറക്കം കെടുത്തുന്നു. ഹോര്‍മുസ് കടലിടുക്കിലും ചെങ്കടലിലുമടക്കം ഇവക്കുള്ള സ്വാധീനം അംഗീകരിച്ചുകൊടുക്കാന്‍ ട്രംപിനാകില്ല. ചൈനീസ് സ്വാധീനം നിയന്ത്രിക്കാനോ പ്രതിരോധിക്കാനോ യു എസ് ശ്രമിക്കുമ്പോള്‍ തന്നെ ബീജിംഗുമായി നേരിട്ടുള്ള സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന വസ്തുത കൂടി കാണേണ്ടതുണ്ട്. ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും അടുത്തു തന്നെ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ആരാന്റെ മണ്ണില്‍ കുഴപ്പങ്ങളുണ്ടാക്കി ചട്ടമ്പിത്തരം കാണിക്കുന്ന വന്‍ ശക്തികള്‍ സ്വന്തം താത്പര്യങ്ങള്‍ക്കപ്പുറത്തേക്ക് ആരുമായും സഖ്യത്തിന് പോകുകയില്ല. ചൈന അതിന്റെ സാമ്പത്തിക അധീശത്വം വ്യാപിപ്പിക്കുമ്പോള്‍ യു എസ് സൈനിക അതിക്രമങ്ങള്‍ കൂടുതല്‍ മാരകമാക്കുകയാകും ചെയ്യുക. നേരിട്ട് ഏറ്റുമുട്ടാത്ത നിഴല്‍ യുദ്ധം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest