മനുഷ്യർക്കൊപ്പം'
ഹൃത്തടത്തിലൂടെ ഒരു യാത്ര
മനുഷ്യർക്കൊപ്പം എന്ന ആശയത്തില്‍ ആരും മുന്നിലോ പിന്നിലോ നില്‍ക്കുന്നില്ല. നമ്മളെല്ലാവരും ചേര്‍ന്നുള്ള ഒരുമിച്ചു നടത്തമാണത്. നമ്മളെല്ലാവരും പങ്കുവെക്കേണ്ട ഒരു സാമൂഹിക ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തില്‍ പങ്കാളികളാകാന്‍ വേണ്ടി കൂടിയാണ് നിങ്ങളെയെല്ലാവരെയും തിരുവനന്തപുരത്തേക്ക് ക്ഷണിക്കുന്നത്. നമ്മള്‍ ഒരുമിച്ച് നിർമിക്കാന്‍ ആഗ്രഹിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള ഒരു തുടര്‍സംഭാഷണത്തിലേക്കുള്ള ക്ഷണമാണത്. ഇനിയും തുടരേണ്ട യാത്രകളിലേക്കുള്ള ക്ഷണം
ഈ പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്ന് തുടങ്ങി തെക്കേ അറ്റത്തേക്ക് നീങ്ങിയ അതിമനോഹരമായ ഒരു യാത്രക്കാണ് നമ്മുടെ നാട് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കൊടി തോരണങ്ങളോ വാഹനവ്യൂഹങ്ങളുടെ അകമ്പടിയോ ശബ്ദ-വെളിച്ച വിന്യാസങ്ങളോ ആയിരുന്നില്ല ഈ യാത്രയെ സാധ്യമാക്കിയതും ഇത്രമേല്‍ മനോഹരമാക്കിത്തീര്‍ത്തതും. മറിച്ച്, ഈ യാത്രയുടെ ഭാഗഭാക്കായ മനുഷ്യര്‍ അവരുടെ സംസാരങ്ങളിലൂടെയും കേള്‍വികളിലൂടെയും പരസ്പരം പങ്കുവെച്ച ഉത്കണ്ഠകളുടെയും പ്രതീക്ഷകളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട ധാര്‍മികമായ അടിത്തറയില്‍ കുരുത്ത പരസ്പര്യവും അതിലൂടെ സാധ്യമായിത്തീര്‍ന്ന വരാനിരിക്കുന്ന ഭാവിയെ കുറിച്ചുള്ള നൈതികമായ ഭാവനകളുമായിരുന്നു ഈ യാത്രയുടെ ഇന്ധനമായി തീര്‍ന്നത്. അങ്ങനെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്്ലിം ജമാഅത്ത് സംഘടിപ്പിച്ച ഈ യാത്ര അക്ഷരാർഥത്തില്‍ കേരളത്തിന്റെ ഹൃത്തടത്തിലൂടെയുള്ള യാത്രയായി മാറി.
കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി കേരളീയ സമൂഹത്തില്‍ സമസ്ത വിതറിയ പ്രകാശത്തിന്റെ വെളിച്ചത്തിലാണ് ഞങ്ങൾ യാത്രയാരംഭിച്ചത്. സമസ്തയുടെ പ്രാഥമിക പ്രവര്‍ത്തന മേഖലയായ കേരളത്തെയും അതിലെ വൈവിധ്യപൂർണമായ മനുഷ്യ-സാമൂഹിക പരിസ്ഥിതികാവസ്ഥകളെയും കൂടുതല്‍ തെളിച്ചത്തോടെ, വ്യക്തതയോടെ കാണാന്‍ ആ പ്രകാശം ഞങ്ങളെ സഹായിച്ചു. സുൽത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാരുടെ നേതൃത്വത്തില്‍ സുന്നി പ്രസ്ഥാനമാണ് ഈ യാത്ര തുടങ്ങിയത്. പക്ഷേ, ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോഴേക്കും കേരളീയ പൊതുമണ്ഡലത്തില്‍ ആഴത്തില്‍ ഇടപെട്ട ഒരു ജനകീയ പ്രസ്ഥാനമായി കേരളയാത്ര മാറി. സുന്നിപ്രസ്ഥാനം തുടങ്ങിയ യാത്ര, ആര്‍ക്കും മാറിനില്‍ക്കാന്‍ കഴിയാത്ത വിധം മുഴുവന്‍ മലയാളികളുടേതുമായി. കേരള മുസ്്ലിം ജമാഅത്തിനെ സംബന്ധിച്ചിടത്തോളം, സമസ്ത കൊളുത്തിവെച്ച വെളിച്ചത്തെ കൂടുതല്‍ കരുത്തോടെ പ്രശോഭിപ്പിക്കാനും സമസ്തയുടെ അടുത്ത നൂറ്റാണ്ടിലേക്ക് കൂടുതല്‍ തെളിച്ചത്തോടെ പ്രവേശിക്കാനുമുള്ള ആത്മവിശ്വാസവും തുറവിയുമാണ് ഈ യാത്ര തന്നത്.
കേരളം അതിന്റെ എല്ലാവിധ സാമൂഹിക വൈവിധ്യങ്ങളോടെയുമാണ് ഈ യാത്രയെ വരവേറ്റത്. കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറം ഉള്ളാളത്തു നിന്നാണ് ഈ യാത്ര തുടങ്ങിയതു തന്നെ. ഈ യാത്രയുടെ ഭാഗമായി തമിഴ്നാടിന്റെ ഭാഗമായ നീലഗിരിയില്‍ സ്‌നേഹയാത്രയും സംഘടിപ്പിച്ചു. ഇങ്ങനെ കേരളത്തെ മാത്രമല്ല, കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനങ്ങളെ കൂടി ഈ യാത്രയുടെ ഭാഗമാക്കി. അത് അയല്‍വാസികളോടുള്ള നമ്മുടെ കടപ്പാടിന്റെ ഭാഗമാണ്. അതിര്‍ത്തികള്‍ വേര്‍തിരിവുകള്‍ അല്ല എന്ന കാഴ്ചപ്പാട്. ഓരോ ജില്ലകളിലൂടെയും കടന്നുപോകുമ്പോള്‍ പതിനായിരങ്ങള്‍ ഈ യാത്രയുടെ ഭാഗമായി. വഴിയോരങ്ങളില്‍ നിന്ന് മലയാളികള്‍ ഈ യാത്രയെ ആശീര്‍വദിച്ചു.
മത, സാമൂഹിക, സമുദായ, രാഷ്ട്രീയ നേതാക്കള്‍ ജാതി, മത, വര്‍ഗ, പ്രാദേശിക വ്യത്യാസങ്ങളില്ലാതെ ഈ യാത്രയില്‍ പങ്കെടുത്തത് അഭൂതപൂര്‍വമായ അനുഭവമായി. പരസ്പരം കലഹിക്കാന്‍ ഉയര്‍ത്തിയിരുന്ന കൊടികള്‍ ഈ യാത്രയെ ആശിര്‍വദിക്കുന്നതിനു വേണ്ടി തെരുവുകളില്‍ അച്ചടക്കത്തോടെ അണിനിരക്കുന്ന മനോഹരമായ കാഴ്ചകള്‍ നമ്മള്‍ കണ്ടു. ശത്രുക്കളും മിത്രങ്ങളുമില്ലാതെ മനുഷ്യരായി അവരെല്ലാം ഈ യാത്രയില്‍ അണി ചേര്‍ന്നു. കേരളത്തിന്റെ പൊതുസാംസ്‌കാരിക ബോധത്തെക്കുറിച്ച് ഏറെ കാര്യങ്ങള്‍ ഇതു ബോധ്യപ്പെടുത്തുന്നുണ്ട്. സമീപകാല കേരള ചരിത്രത്തില്‍ തന്നെ അപൂര്‍വമായി രേഖപ്പെടുത്തപ്പെടേണ്ട ഒരു ജനകീയ ഇടപെടലായി കേരളയാത്ര മാറുന്നതും ഇക്കാരണങ്ങള്‍ കൊണ്ടാണ്.
ഈ യാത്രയും യാത്രക്കാരും ഓരോയിടങ്ങളിലുമെത്തിയത് പ്രഭാഷണങ്ങള്‍ നടത്താനായിരുന്നില്ല. മറിച്ച് ആ നാട്ടുകാരെ കേള്‍ക്കാന്‍ വേണ്ടിയായിരുന്നു. ഓരോ ദിവസത്തെയും യാത്രയുടെ ആദ്യത്തെ ഇനം ജനങ്ങളെ, അവരുടെ ആവലാതികളെ, പ്രതീക്ഷകളെ കുറിച്ച് കേള്‍ക്കലായിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ യാത്രക്കാര്‍ ജനങ്ങളോടൊപ്പം ഇരുന്നു. അവരുടെ പ്രതിനിധികളുമായി സംസാരിച്ചു. ഓരോ മേഖലയിലെയും വിദഗ്ധരുമായി സംസാരിച്ചു. സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ സ്വാധീനമുള്ള വ്യക്തികളെ കണ്ടുമുട്ടി. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി, പരിസ്ഥിതി, ജനാധിപത്യ അവകാശങ്ങള്‍, സമുദായബന്ധങ്ങള്‍ എന്നിങ്ങനെ ജനങ്ങള്‍ ഉയര്‍ത്തിയ ഉത്കണ്ഠകളെ “പരാതികളായി’ട്ടല്ല ഞങ്ങള്‍ കേട്ടത്. ഓരോരുത്തരുടെയും ജീവിതാനുഭവങ്ങളായി ഏറ്റുവാങ്ങുകയായിരുന്നു. അവ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചു. പൊതുസമ്മേളനങ്ങളില്‍ തുറന്നു ചര്‍ച്ച ചെയ്തു. ഈ തുറന്ന സംവാദമാണ് ഈ യാത്രയെ വേറിട്ടതാക്കിയത്.
യാത്രയിലുടനീളം ഞങ്ങള്‍ക്ക് ലഭിച്ച സ്വീകരണം കേരളീയ സമൂഹത്തിന്റെ ആഴത്തിലുള്ള സ്വഭാവം വെളിപ്പെടുത്തുന്നതായിരുന്നു. അസ്വസ്ഥതകളും ധ്രുവീകരണങ്ങളും നിറഞ്ഞ ഇന്നത്തെ കാലത്തും സത്യസന്ധമായ ഇടപെടലുകള്‍ കേള്‍ക്കാനും മനസ്സിലാക്കാനും മാത്രമല്ല, അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും സമൂഹത്തില്‍ ഇടമുണ്ടെന്ന് ഈ യാത്ര തെളിയിച്ചു. “മനുഷ്യർക്കൊപ്പം’ എന്ന പ്രമേയം ഒരു സംഘടനയുടെയോ സമുദായത്തിന്റെയോ മുദ്രാവാക്യമായി ആര്‍ക്കും തോന്നിയില്ല; മറിച്ച് എല്ലാവര്‍ക്കും പങ്കുവെക്കാവുന്ന ഒരു നൈതിക ആഹ്വാനമായി ജനങ്ങള്‍ ആ മുദ്രാവാക്യത്തെ അനുഭവിച്ച നാളുകളായിരുന്നു കേരളയാത്രയുടേത്. കേരളത്തിന്റെ ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലായി അതവരേറ്റെടുത്തു.
സാഹോദര്യവും സഹവര്‍ത്തിത്വവും കരുണയും സ്‌നേഹവും പരസ്പര ബഹുമാനവും നവോത്ഥാന മൂല്യങ്ങളും വഴിയൊരുക്കിയ കേരളീയ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന വാക്കുകളായിട്ടാണ് ആ മുദ്രാവാക്യത്തെ അവര്‍ വായിച്ചത്. ആ ഓർമപ്പെടുത്തലിലൂടെ വര്‍ത്തമാനകാലത്തെ കൂടി വായിക്കാനും മനസ്സിലാക്കാനും ആത്മപരിശോധന നടത്താനും സര്‍വോപരി തിരുത്തലുകള്‍ നടത്താനും സജ്ജമായ ഒരു സമൂഹമാണ് മലയാളികളുടേതെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച ആവേശോജ്ജ്വലമായ ഓരോ സ്വീകരണങ്ങളും.
വ്യത്യസ്ത രാഷ്ട്രീയധാരകളിലുള്ള നേതാക്കളും മതവിഭാഗങ്ങളിലെ പ്രതിനിധികളും ഒരേ വേദിയില്‍ ഒന്നിച്ച് അണിനിരക്കുക മാത്രമല്ല ചെയ്തത്. അവര്‍ പരസ്പരം സംസാരിച്ചു. കൂടുതല്‍ സംസാരങ്ങള്‍ക്ക് വേണ്ടിയുള്ള വേദികള്‍ കണ്ടെത്താന്‍ തീരുമാനിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ മനുഷ്യബന്ധങ്ങളെ തകര്‍ക്കാനുള്ളതല്ലെന്നും പ്രത്യുത, മനുഷ്യബന്ധങ്ങളെ പുതുക്കിപ്പണിയാനുള്ള മാർഗങ്ങളാണെന്നും സ്വയം ബോധ്യപ്പെടുത്തുകയും മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഒരു സമൂഹം ശക്തമാകുന്നത് പരസ്പരമുള്ള സംശയത്തിലൂടെയും അതുത്പാദിപ്പിക്കുന്ന വെറുപ്പിലൂടെയും അല്ല, പരസ്പരമുള്ള ആശയവിനിമയങ്ങളിലൂടെയാണെന്ന് ഈ യാത്ര എല്ലാവരെയും ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു.
ഈ യാത്രക്ക് നേതൃത്വം നല്‍കിയ ഞങ്ങളെ സംബന്ധിച്ചിടത്തോളവും ഇതൊരു ആത്മപരിശോധനയുടെ കൂടി അനുഭവമായിത്തീര്‍ന്നു. നേതൃത്വമെന്നത് പ്രഖ്യാപനമല്ല, സാന്നിധ്യമാണെന്ന ബോധ്യത്തിലേക്കുള്ള യാത്ര. പറയലല്ല കേള്‍ക്കലാണ് പ്രധാനം എന്ന ബോധത്തിലേക്കുള്ള യാത്ര. ജനങ്ങളുടെ അങ്ങേയറ്റത്തെ വേദനകള്‍ക്കും മുകളില്‍ അവരുടെ പ്രതീക്ഷകള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ആ പ്രതീക്ഷകളുടെ തണലിലാണ് ഓരോ മനുഷ്യരും അവരുടെ വേദനകള്‍ മറക്കുന്നത്. പ്രതീക്ഷയുടെ ആ തണലിനെ വിശാലമാക്കുക എന്നതാണ് നമ്മുടെ ദൗത്യം. ആ തണലില്‍ ഒരുമിച്ചിരുന്ന് വേദനകള്‍ പങ്കുവെക്കുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്വമാണ് നമുക്ക് നിര്‍വഹിക്കാനുള്ളത്. ആ പ്രതീക്ഷകളുടെ വലിയൊരു തുരുത്താണ് കേരളം.
കേരളം തണലൊരുക്കേണ്ടത് മലയാളികള്‍ക്ക് മാത്രമല്ല. മലയാളത്തിനും പുറത്തുള്ള ലോകത്തിനു കൂടിയാണ്. അപ്പോഴാണ് നാം പൂര്‍ണാര്‍ഥത്തിലുള്ള മനുഷ്യരായിത്തീരുക. ഒരു വേദനയുടെ നടുമുറ്റത്ത് വെച്ചാണ് ഈ യാത്ര തുടങ്ങിയത്. അതിഥി തൊഴിലാളികളായി നമ്മുടെ നാട്ടിലെത്തിയ രണ്ട് മനുഷ്യരെ ആൾക്കൂട്ടം സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ ആ വാര്‍ത്ത നമ്മളെ ലജ്ജിപ്പിക്കുന്നതാണ്. വിവിധ മേഖലകളില്‍ നാം കൈവരിച്ച നേട്ടങ്ങളെ ഈ വക സൗകര്യങ്ങളൊന്നുമില്ലാത്തവര്‍ക്കു കൂടി പങ്കുവെക്കുമ്പോഴാണ് അതിര്‍ത്തികള്‍ വേര്‍തിരിവുകള്‍ അല്ലാതായിത്തീരുക. അപ്പോഴാണ് മനുഷ്യന്‍ പ്രപഞ്ച സൃഷ്ടാവിന്റെ ഭൂമിയിലെ പ്രതിനിധിയായി തീരുക. ആ പ്രതിനിധ്യത്തെ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുമ്പോഴാണ് നാം ഈ പ്രപാഞ്ചത്തോടും പ്രപഞ്ച സൃഷ്ടിയോടുമുള്ള നമ്മുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന മനുഷ്യരായിത്തീരുക.
ഇന്ന് മഹാസമ്മേളനത്തോടെ തിരുവനന്തപുരം താജുല്‍ ഉലമ നഗറില്‍ ഈ കേരളയാത്ര സമാപിക്കും. ഇത് പക്ഷേ ഒരു യാത്രയുടെ സമാപനമല്ല. മറ്റനേകം യാത്രകളുടെ ആരംഭമാണ്. ഒരുമിച്ചുള്ള ആലോചനകളുടെയും തുടര്‍സംവാദങ്ങളുടെയും ഒരു ഇടവേള മാത്രമാണ്. ഈ യാത്ര സമാപിക്കുന്നത്, പ്രവാചകര്‍ നബിതിരുമേനിയുടെ വിശിഷ്ടമായ മിഅ്റാജ് യാത്രയുടെ ഓർമ ദിവസമാണെന്നത് ഒരു യാദൃച്ഛികതയാണ് എന്ന് ഞാന്‍ കരുതുന്നില്ല. ആകാശത്തോളം പോയി സൃഷ്ടാവിനെ കണ്ട നബി തിരുമേനി എല്ലാ സൗഭാഗ്യങ്ങളുടെയും ഉത്തുംഗത്തില്‍ എത്തി. എന്നിട്ടും നബി തിരുമേനി ഭൂമിയിലേക്ക് തിരിച്ചു വന്നു. മനുഷ്യരെ കുറിച്ചുള്ള ഉത്കണ്ഠയില്‍, അവരെക്കൂടി ആ ഉത്തുംഗത്തില്‍ എത്തിക്കാനുള്ള തന്റെ ഉത്തരവാദിത്വ നിര്‍വഹണത്തിനു വേണ്ടിയായിരുന്നു ആ തിരിച്ചു വരവ്. സ്രഷ്ടാവിനെ കണ്ട നബി തിരുമേനി സൃഷ്ടികളോടൊപ്പം നില്‍ക്കാന്‍ വേണ്ടിയാണ് ഭൂമിയിലേക്ക് തിരിച്ചു വന്നത്.
മനുഷ്യരോടൊപ്പം എന്ന ആശയത്തില്‍ ആരും മുന്നിലോ പിന്നിലോ നില്‍ക്കുന്നില്ല. നമ്മളെല്ലാവരും ചേര്‍ന്നുള്ള ഒരുമിച്ചു നടത്തമാണത്. അതൊരു മുദ്രാവാക്യമല്ല. നമ്മളെല്ലാവരും പങ്കുവെക്കേണ്ട ഒരു സാമൂഹിക ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തില്‍ പങ്കാളികളാകാന്‍ വേണ്ടി കൂടിയാണ് നിങ്ങളെയെല്ലാവരെയും തിരുവനന്തപുരത്തേക്ക് ക്ഷണിക്കുന്നത്. നമ്മള്‍ ഒരുമിച്ച് നിർമിക്കാന്‍ ആഗ്രഹിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള ഒരു തുടര്‍സംഭാഷണത്തിലേക്കുള്ള ക്ഷണമാണത്. ഇനിയും തുടരേണ്ട യാത്രകളിലേക്കുള്ള ക്ഷണം.




