Connect with us

Prathivaram

ചെമ്പുലികളുടെ സ്വന്തം മസായിമാര

മസായിമാര അങ്ങനെയൊരു ഭൂമികയാണ്. ഓരോ നിമിഷവും നമ്മളിങ്ങനെ വിസ്മയിച്ചുകൊണ്ടിരിക്കും. പുൽമേടുകളിൽ നിമിഷ നേരങ്ങൾകൊണ്ടുണ്ടാകുന്ന ഫ്രെയിമുകൾ...മൃഗപോരാട്ടങ്ങൾ, ഇരതേടലുകൾ, പ്രണയഭാവങ്ങൾ, മാതൃവാത്സല്യങ്ങൾ... അങ്ങനെയെന്തെല്ലാം... ഒരു നേച്ചർ ഫോട്ടോഗ്രാഫറുടെ നേർക്കാഴ്ചകൾ...

Published

|

Last Updated

ആ നിമിഷം ഇപ്പോഴും മനസ്സിൽ ഫ്രീസ് ആയി തന്നെ നിൽക്കുന്നുണ്ട്… വെള്ളക്കെട്ടുള്ള പുൽത്തകിടിയിൽ നിന്ന് ഏതാണ്ട് രണ്ടടിയോളം ഉയരത്തിൽ മൺതിട്ടയിലേക്കുള്ള ലുലുക്കയുടെ ഞെട്ടിക്കുന്ന ആ ചാട്ടം… ഒരു നിമിഷം ഒന്ന് അമ്പരന്നു …പക്ഷേ, ക്യാമറയിലെ ഫ്രെയിമിൽ ലുലുക്ക വായുവിൽ ഒഴുകി നിൽക്കുന്നു… സത്യത്തിൽ ആ ചിത്രം കണ്ടപ്പോൾ മനസ്സിൽ നിറഞ്ഞ സന്തോഷത്തിന് അതിരില്ല… ലുലുക്ക ആരാണെന്നല്ലേ. മാസായിമാരയിലെ ഏറ്റവും സുന്ദരിയായ പുള്ളിപ്പുലി. ശാന്തയാണവൾ പക്ഷേ, രാജകീയ പരിവേഷമുള്ളവൾ. മസായിമാരയുടെ ഹരം എന്ന് തന്നെ വിശേഷിപ്പിക്കാം. പുൽക്കാടിനുള്ളിൽ കുഞ്ഞിനെ ഒളിപ്പിച്ചുനിർത്തി അവൾ ഇരപിടിക്കാൻ ഇറങ്ങിയതാണ്. അതിനിടയിലായിരുന്നു ഈ ഞെട്ടിപ്പിച്ച ചാട്ടം.

മസായിമാര അങ്ങനെയൊരു ഭൂമികയാണ്. ഓരോ നിമിഷവും നമ്മളിങ്ങനെ വിസ്മയിച്ചുകൊണ്ടിരിക്കും. പുൽമേടുകളിൽ നിമിഷനേരങ്ങൾ കൊണ്ടുണ്ടാവുന്ന ഫ്രെയിമുകൾ…മൃഗപോരാട്ടങ്ങൾ, ഇരതേടലുകൾ, പ്രണയഭാവങ്ങൾ, മാതൃവാത്സല്യങ്ങൾ അങ്ങനെയെന്തെല്ലാം…

2019 ജൂലൈ അവസാനത്തോടെയാണ് ആറ് ദിവസത്തെ സന്ദർശനത്തിന് മസായിമാരയിൽ എത്തുന്നത്. അന്ന് നമുക്ക് കൊറോണയെന്തെന്ന് അറിയുക പോലുമില്ലായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ യെല്ലോ ഫീവറിനുള്ള വാക്‌സിൻ എടുക്കണമായിരുന്നു. കൊച്ചിയിൽ നിന്ന് ബോംബെ വഴി കെനിയയുടെ തലസ്ഥാനമായ നൈറോബിയിലേക്ക് കെനിയൻ എയർവെയ്‌സിലായിരുന്നു യാത്ര.

ഒന്നര മണിക്കൂർ വൈകിയാണ് നൈറോബിയിൽ എത്തുന്നത്. അവിടെ നിന്ന് മസായിമാരയിലേക്ക് 12 സീറ്റുള്ള എയർ ക്രാഫ്റ്റ് ബുക്ക് ചെയ്തിരുന്നു. അൽപ്പം ഭയാശങ്കകളോടെയാണ് ആഫ്രിക്കൻ സുന്ദരി ജാക്വലിൻ ഞങ്ങളെ എയർപോർട്ടിൽ നിന്ന് ചെറുവിമാനങ്ങളുടെ എയർ പോർട്ടായ വിൽസണിലേക്ക് എത്തിക്കുന്നത്. എന്തായാലും സഹയാത്രികരായ ഡോക്ടർ കൃഷ്ണകുമാറിനും ഡോക്ടർ ലിന്റോ ജോണിനുമൊപ്പം കുഞ്ഞൻ എയർ ക്രാഫ്റ്റിൽ മഴമേഘങ്ങൾക്കിടയിലൂടെ മസായി പുൽമേടുകളിലേക്കു പറന്നു. ഇടക്കിടെ ചെരിഞ്ഞും തിരിഞ്ഞും പാറിപ്പറന്നു വിമാനം ചരൽ മണ്ണ് നിറഞ്ഞ റൺവേയിലേക്ക് ചെന്നിറങ്ങി ഒന്നര മണിക്കൂർ കൊണ്ട്. ആ യാത്ര അതിസാഹസികം തന്നെയായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം . ഞങ്ങളെ സ്വീകരിക്കാൻ ലാൻഡ് ക്രൂസേറുമായി ഗൈഡ് എറിക് കോച്ച്‌ എത്തിയിരുന്നു. ആറടി ഉയരത്തിലുള്ള മസായി വംശജൻ. നാഷനൽ ജ്യോഗ്രഫി, ബി ബി സി ചാനലുകൾ എറിക്കിനൊപ്പമാണ് പല ചീറ്റ അനുഭവങ്ങളും ക്യാമറയിലേക്ക് പകർത്തിയിട്ടുള്ളത്. എറിക് ഞങ്ങളെയും കൊണ്ട് ജാക്കിൽ ബെറി റിസോർട്ടിലേക്ക് ചെന്നു. മസായി ഗോത്ര വർഗക്കാർ അവരുടെ തനത് നൃത്തച്ചുവടോടെ പാട്ടു പാടി സ്വീകരിച്ച് മുറികളിലേക്കെത്തിച്ചു. അവിടുത്തെ “caretaker’ പറഞ്ഞു. “കാടിന് നടുവിലാണ് നമ്മുടെ റിസോർട്ട്. ചുറ്റും ഹിപ്പോയും പുള്ളിപ്പുലികളും കാണും. പുറത്തിറങ്ങുമ്പോൾ ഒന്ന് ഉറക്കെ വിളിക്കണം. ഇവിടുത്തെ കാവൽക്കാർ ഓടിവരും. എന്നിട്ടേ പുറത്തിറങ്ങാവൂ. ഉച്ചഭക്ഷണം കഴിഞ്ഞു മൂന്ന് മണിയോടെ എറിക് വണ്ടി ഓണാക്കി ചോദിച്ചു. “വാട് യു തിങ്ക് ?.
“നിങ്ങൾക്ക് എന്തൊക്കെ ചിത്രങ്ങളെടുക്കണം ? എന്നതാണ് ആ ചോദ്യത്തിന്റെ അർഥം.

“ആദ്യം മസായി കാട് കൺനിറയെ കാണണം. എറിക്കിന്റെ ഇഷ്ടത്തിന് വിടുന്നു’ എന്നായി ഞങ്ങൾ. അങ്ങനെ ” തലേക്ക്’ നദിക്കരയിലൂടെ വണ്ടി ഓടിച്ചു “ലുക്ക് ഔട്ട് ഏരിയ’യിൽ എത്തി. അവിടെ കണ്ട കാഴ്ചയിൽ ഞങ്ങൾ അത്ഭുത പരതന്ത്രരായി ഒരു ചീറ്റ കുടുംബം. അമ്മയും മൂന്ന് മക്കളും. മൺതിട്ടയിൽ വിശ്രമിക്കുന്നു. ഞങ്ങളുടെ വണ്ടിയുടെ ശബ്ദം കേട്ടതും മെല്ലെയെഴുന്നേറ്റു തിരിഞ്ഞു കിടക്കുന്നു. കുറച്ചു നേരം അവയെ കൗതുകത്തോടെ നോക്കിയിരുന്നു. ഇന്ത്യയിൽ നിന്ന് വംശനാശം സംഭവിച്ച ചീറ്റകൾ. അവയെ കാണാൻ ഈ ആഫ്രിക്കൻ പുൽമേടിലേക്ക് എത്തേണ്ടി വന്നു. പെട്ടെന്നാണ് എറിക് പറയുന്നത് “കുറച്ചു ദൂരെ കാട്ടുപൂച്ചയുണ്ട് (serval cat). അവനിപ്പോൾ ആ പുല്ലിലൂടെ നടന്നുവരും. പറഞ്ഞ പോലെ തന്നെ സംഭവിച്ചു. ആരെയും കൂസാതെ നടന്നു പോയി. പെട്ടന്നതാ കാട്ടുപൂച്ചയുടെ സാന്നിധ്യം കണ്ടറിഞ്ഞതും ചീറ്റ കുടുംബം ജാഗരൂകരായി പതുക്കെ എഴുന്നേറ്റു. പിന്നെ മത്സര ഓട്ടം തന്നെയായിരുന്നു. മൂന്ന് ചീറ്റകൾ മൂന്നിടങ്ങളിലായി നിന്നു.

പോരാട്ടവീര്യം കൂടുതലുള്ള ഒരുവൻ കാട്ടുപൂച്ചയുടെ പിന്നാലെ ഓടി. കാട്ടുപൂച്ച അംബ്രല്ല മരത്തിനു കീഴെ നിന്നൊന്നു ചീറി. പിന്നാലെ ഓടിയെത്തിയ ചീറ്റയൊന്നു അന്ധാളിച്ചു. പെട്ടന്ന് തന്നെ പൂച്ച മരത്തിലൂടെ ഓടിക്കയറി ഒരു ചില്ലയിൽ ഇരുപ്പുറപ്പിച്ചു. താഴെ ചീറ്റകളും. സൂര്യൻ അസ്തമയത്തിലേക്ക് വേഗത്തിൽ നീങ്ങി. മരത്തിലേക്ക് വലിഞ്ഞു കയറാൻ നിൽക്കാതെ ചീറ്റകൾ പിൻവാങ്ങി. അസ്തമയസൂര്യനൊപ്പം തിളങ്ങിക്കൊണ്ട് കാട്ടുപൂച്ച അജയ്യനായി അവിടെ തന്നെയിരുന്നു. ഞങ്ങൾക്ക് ആ കാഴ്ച അത്ഭുതം തന്നെയായിരുന്നു. എലികളെ പേടിപ്പിച്ച പൂച്ചയെന്ന വാചകം മാറ്റി ചീറ്റകളെ പേടിപ്പിച്ച പൂച്ചയെന്ന് ഞങ്ങൾ കളിയാക്കി പറഞ്ഞു.

അന്ന് വൈകുന്നേരം റിസോർട്ടിലേക്ക് തിരിച്ചു ചെന്ന് കിടന്നുറങ്ങി കുളിരുള്ള വെളുപ്പിന് എറിക്കിനോടൊപ്പം വീണ്ടും പുൽക്കാടിനുള്ളിലേക്ക്. ചീറ്റകളുടെ ടെറിട്ടറികൾ എറിക്കിന് മനഃപാഠമാണ്. അതുകൊണ്ട് തന്നെ പുള്ളിപ്പുലികളെ ട്രാക്ക് ചെയ്യുകയെന്നുള്ളത് അയാളുടെ പ്രിയപ്പെട്ട ജോലിയാണ്. ലുലുക്കക്ക് വേണ്ടിയുള്ള തിരച്ചിലുകൾ ആദ്യ ദിനങ്ങളിൽ വിഫലമായി. മറ്റൊരു പുള്ളിപ്പുലിയെ കുറ്റിച്ചെടികൾക്കിടയിൽ കണ്ടുവെങ്കിലും അവൻ മറഞ്ഞിരുന്നു.

പേരിനു ചില ഫ്രെയിമുകൾ കിട്ടിയെങ്കിലും ഞങ്ങൾ സംതൃപ്തരായില്ല; എറിക്കും. പിന്നെ ഞങ്ങളെയുംകൊണ്ട് സിംഹങ്ങളുടെ മടയിലേക്കായിരുന്നു യാത്ര. മെഷ് പ്രൈഡ് ടെറിട്ടറിയിലേക്ക്. സ്വർണ വർണത്തിലുള്ള ഉദയ സൂര്യനൊപ്പം സിംഹരാജനും വീട്ടുകാരും. പൂച്ചക്കുട്ടികളെ പോലെ സിംഹക്കുഞ്ഞുങ്ങൾ ഓടി നടക്കുന്നു. അമ്മ സിംഹിണി അവയെ നക്കിത്തുടക്കുന്നു. അച്ഛൻ ദൂരെ നിന്ന് വീക്ഷിക്കുന്നു. ഇങ്ങനെ പല പല പ്രയ്‌ഡുകൾ. എന്തൊരു കൗതുകമാണെന്നോ ആ കുഞ്ഞുങ്ങളെ കാണാൻ. ശരിക്കും കുറുമ്പുണ്ണികൾ. ചില നേരങ്ങളിൽ അമ്മ സിംഹം കുഞ്ഞിനേയും കടിച്ചുപിടിച്ചു നടന്നു നീങ്ങുന്നതും കണ്ടു. അതുപോലെ തന്നെ സിംഹ പ്രണയിനികളുടെ മെയ്‌റ്റിംഗ്‌ നിമിഷങ്ങളും കാണാൻ കഴിഞ്ഞു.

വൈകുന്നേരമാകുമ്പോഴേക്കും സൂര്യനൊപ്പം തലയുയർത്തി നിൽക്കുന്ന ജിറാഫ് കൂട്ടങ്ങളെ പലതവണ കണ്ടു. സൂര്യശോഭയിൽ അവയുടെ മുഖങ്ങൾ തിളങ്ങി. പിറ്റേന്നും അതിരാവിലെയുള്ള കറക്കത്തിൽ സിംഹക്കൂട്ടങ്ങൾക്കിടയിലൂടെ പലതവണ കടന്നുപോയി. ഇതിനിടയിൽ പുള്ളിപ്പുലിയെ തേടിയുള്ള അലച്ചിൽ. ഒടുവിൽ അവൻ നടന്നുവന്നു, ക്യാമറയുടെ മുന്നിൽ തലയുയർത്തിക്കൊണ്ടു പലതവണ ” head on’ ഷോട്ടുകൾ.

അന്ന് ഉച്ചക്കാണ് ഫൈവ് ബ്രദേഴ്സ് എന്ന ചീറ്റ സഹോദരങ്ങളുടെ ടെറിട്ടറിയിലേക്ക് ഞങ്ങളെത്തുന്നത്. ഈ അഞ്ച് സഹോദര ചീറ്റകൾ. ലോകത്തിന് മുഴുവൻ അത്ഭുതമാണ്. അത്രയും കെട്ടുറപ്പോടെയാണ് ഈ അഞ്ച് പേരും ഇര തേടുന്നതും മാംസം പങ്കിട്ടെടുക്കുന്നതും ഉറങ്ങുന്നതും ഉറക്കമുണരുന്നതുമെല്ലാം. ഏതാണ്ട് മൂന്ന് മണിയോടെ കുറ്റിച്ചെടികൾക്കിടയിലൂടെ ഉറക്കമുണർന്നെഴുന്നേറ്റു ഇരപിടിക്കാൻ ഇറങ്ങുന്നു. അഞ്ച് പേരും നിരന്നുനിന്നു. ദൂരെ മേയുന്ന ആയിരക്കണക്കിന് വിൽഡ് ബീസ്റ്റുകൾ. എപ്പോഴും ആക്രമിക്കാൻ തയ്യാറായി നിൽക്കുന്ന അഞ്ച് ചീറ്റകൾ. ഏത് നിമിഷവും ആക്രമണം ഉണ്ടാകാം. പെട്ടെന്നാണ് ചീറ്റകളിൽ ഒരുത്തൻ ഒറ്റ തുടങ്ങിയത്. വിൽഡ്‌ബെയ്സ്റ്റുകൾ പരന്നൊഴുകി. അവൻ ഒരു വിൽഡ്‌ബെയ്സ്റ്റിന്റെ കഴുത്തിൽ ചാടിപ്പിടിച്ചു കുടഞ്ഞു. ജീവൻ നഷ്ടപ്പെടുന്നവരെ ചീറ്റ കഴുത്തിൽ നിന്ന് പിടിവിടുന്നില്ല. അപ്പോഴേക്കും മറ്റു നാല് പേരും പാഞ്ഞെത്തി വിൽഡ്‌ബിയ്സ്റ്റിന്റെ ശരീരത്തിലേക്ക് ചാടിവീണു. ചുടുചോര നക്കിത്തുടച്ചു കൊണ്ട് മാംസം ഭക്ഷിച്ചുതുടങ്ങി. ചോരയൊഴുകുന്ന മുഖത്തോടെ ചേട്ടൻ ചീറ്റ അനിയൻ ചീറ്റയെ നക്കിത്തുടച്ചു വൃത്തിയാക്കി. അങ്ങനെ മണിക്കൂറുകളോളം നായാട്ട് കാഴ്ചകൾക്ക് ഞങ്ങൾ ഒരുപാട് ഫോട്ടോഗ്രാഫർമാർ സാക്ഷ്യം വഹിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും ഫൈവ് ബ്രദേഴ്സിന്റെ ടെറിറ്ററിയിലേക്ക് തന്നെയായിരുന്നു യാത്ര. ഒരുപാട് നായാട്ട് രംഗങ്ങൾ പകർത്തിയെടുത്തു മടങ്ങുമ്പോൾ വിവിധ ഫ്രെയിമുകളിൽ സിബ്രക്കൂട്ടങ്ങൾ. സെക്രട്ടറി ബേർഡ്, ഗ്രൗണ്ട് ഹോൺബിൽ , ഓസ്ട്രിച്ച്, “crown crane’ എന്നിങ്ങനെ ഒരുപാട് പക്ഷികൾ, ഇടക്കിടെ ആഫ്രിക്കൻ ആനകളുടെ ചെറിയ കൂട്ടങ്ങൾ, ഹിപ്പോകളുടെ ജലക്രീഡാ എന്നിങ്ങനെ പോകുന്നു കാഴ്ചകൾ. മസായിമാര കാഴ്ചകളുടെ പറുദീസയാണ്. ഒരൊറ്റ യാത്രയിൽ എത്രയെത്ര കാടിന്റെ കഥകളാണ് ഒപ്പിയെടുക്കാൻ കഴിഞ്ഞത്. അങ്ങനെ യാത്രയുടെ അവസാന ദിവസം മസായികളുടെ, അവിടുത്തെ ഗോത്രവർഗക്കാരുടെ ഗ്രാമം കാണാൻ യാത്രയായി. അവരുടെ ഗ്രാമം മുഴുവൻ നടന്നു കാണാം. ഒരാൾക്ക് 20 ഡോളർ.

അവിടെയെത്തുന്നവരെ വളരെ ഹൃദയഹാരിയായി തന്നെ അവർ എതിരേൽക്കും. നമ്മളെയും ഉൾപ്പെടുത്തി കൊണ്ട് പാട്ടു പാടി നൃത്തം വെക്കും. ഗ്രാമത്തിലെ അവരുടെ തനതു ജീവിതം കാണിച്ചു തരും. അവരുണ്ടാക്കുന്ന കരകൗശല വസ്തുക്കളും ആഭരണങ്ങളും നിരത്തിവെച്ചിരിക്കുന്നത് കാണാം. ആവശ്യമുള്ളവർക്ക് വാങ്ങാം. അമേരിക്കൻ ഡോളറിലാണ് വിനിമയം. കിട്ടുന്ന പണം ഗ്രാമത്തിന്റെ പുരോഗതിക്കും കുട്ടികളുടെ വിദ്യാഭാസത്തിനും ഉപയോഗിക്കും. ഇവിടെയുള്ള മിടുക്കരായ ആളുകൾക്ക് ഗൈഡായി മാറണമെങ്കിൽ മൂന്നോ, നാലോ യോഗ്യതാ പരീക്ഷകളുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം വിശദീകരിച്ചു തന്നത് റോബിൻ എന്ന യുവാവാണ്. അയാളാണ് ഗ്രാമത്തിന്റെ “സ്പോക്ക് പേഴ്സൺ’. അങ്ങനെ അവിടെയെല്ലാവരോടും യാത്ര പറഞ്ഞു റിസോട്ടിലേക്ക് തിരിച്ചു.

അവിടെ നിന്നും ഫ്രഷായി. അവിടുത്തെ കൂട്ടുകാരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മസായികളുടെ യാത്രയയപ്പ് പാട്ടുകൾ ഉയർന്നു. ചെറു വിമാനത്തിനായി മൺ റൺവേയിലേക്ക് പാഞ്ഞു. എറിക്കിനോട് യാത്ര പറയുമ്പോൾ കൺനിറഞ്ഞു. ആറ് ദിവസമാണ് ഈ മനുഷ്യൻ ഒരു ജ്യേഷ്ഠനെ പോലെ കൂടെ നിന്ന് കാടിന്റെ ഫ്രെയിമുകളിലേക്കു കൊണ്ടുപോയത്. എത്രയെത്ര അനുഭവങ്ങൾ പങ്കുവെച്ചു. അറിവുകൾ പകർന്നുതന്നു. ബൈ എറിക് ബ്രോ… ഈ പുൽമേടുകൾ എന്നെ ഭ്രമിപ്പിക്കുന്നുണ്ട്. മസായിയുടെ നാട്ടിലേക്ക് വീണ്ടും വന്നേ പറ്റു. അതുവരെ ആറ് ദിവസത്തെ ഓർമകൾ കൊണ്ട് മനസ്സ് എന്നും അവിടെയെത്തും; അത്രമേൽ ഹൃദയമവിടെ ചേർത്തുവെക്കുന്നു.
.

zeemasuresh2008@gmail.com

Latest