book review
മാനസികോല്ലാസത്തിന്റെ താക്കോൽക്കൂട്ടങ്ങൾ
മനോഹരമായൊരു ദ്വീപിലേക്കുള്ള യാത്രയാണ് ഇക്കിഗായ്. ഒക്കിനാവ ദ്വീപുനിവാസികളുടെ കഥകള്‍ പറയുന്നതാണീ പുസ്തകം

മനോഹരമായൊരു ദ്വീപിലേക്കുള്ള യാത്രയാണ് ഇക്കിഗായ്. ഒക്കിനാവ ദ്വീപുനിവാസികളുടെ കഥകള്‍ പറയുന്നതാണീ പുസ്തകം. ജപ്പാനിലെ ഉള്‍ഗ്രാമമായ ഒക്കിനാവക്ക് ഏറെ സവിശേഷതകളുണ്ട്. പ്രധാനമായും ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കുന്ന അപൂർവ ജനതയെ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. നൂറ് വയസ്സ് കഴിഞ്ഞിട്ടും എങ്ങനെയാണ് പൂർണ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഉത്സാഹത്തോടെയും ഇവിടുത്തുകാര്‍ കഴിയുന്നതെന്ന് വ്യക്തമാക്കുന്നു. സന്തോഷത്തിന്റെ ലളിതമായ സൂത്രവാക്യം ആളുകളെ രചന പരിചയപ്പെടുത്തുന്നു.
“ഇക്കിഗായ്’ ജാപ്പനീസ് ആശയമാണ്. ഉന്മേഷത്തോടെ ജീവിത തിരക്കുകളില്‍ മുഴുകുന്നതിന്റെ സന്തോഷമെന്ന് ഏതാണ്ട് അതിനെ വിവര്‍ത്തനം ചെയ്യാം. ഇത് ലോഗോ തെറാപ്പിയെ പോലെയാണ്. അതിനപ്പുറം ഒരുപടികൂടി കടന്നുപോകുന്നതുമാണ്. ജപ്പാന്‍കാരുടെ, പ്രത്യേകിച്ച് ഒക്കിനാവ ദ്വീപുനിവാസികളുടെ, അസാധാരണമായ ദീര്‍ഘായുസ്സിനെ വിശദീകരിക്കാനുള്ള ഒരു വഴി കൂടിയാണിത്. ഒക്കിനാവയില്‍ ഓരോ ലക്ഷത്തിലും 24.55 ശതമാനം ആളുകളും നൂറ് വയസ്സിനുമേല്‍ പ്രായമുള്ളവരാണ്. ആഗോള ശരാശരിയേക്കാള്‍ ഏറെ മുന്നില്‍!
ദക്ഷിണ ജപ്പാനിലുള്ള ഈ ദ്വീപുനിവാസികള്‍ക്ക് ലോകത്ത് മറ്റെവിടെയുള്ളവരെക്കാളും എന്തുകൊണ്ട് ഇത്ര ദീർഘായുസ്സ് ലഭിക്കുന്നു എന്ന പഠനം ചെന്നവസാനിക്കുന്നത് അവരുടെതായ ചില ജാപ്പനീസ് രഹസ്യങ്ങളിലേക്കാണ്. ആരോഗ്യകരമായ ആഹാരക്രമം, ലാളിത്യം നിറഞ്ഞ ഭൗതിക ജീവിതം, ഗ്രീന്‍ ടീ, മിതമായ ഉഷ്ണമേഖലാ കാലാവസ്ഥ ഉള്‍പ്പെടെയുള്ള സവിശേഷമായ ഇക്കിഗായാണ് ഇവിടുത്തുകാരുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്.
ആഹ്ലാദകരമായ ദീര്‍ഘായുസ്സിന് മനസ്സും ശരീരവും പങ്കുവഹിക്കുന്നു. മനസ്സിന്റെ സന്തോഷം ആരോഗ്യത്തെയും ആരോഗ്യത്തിന്റെ സന്തോഷം മനസ്സിനെയും ഒരുപോലെ ബാധിക്കുന്നതാണ്. വ്യക്തമായ ജീവിത ലക്ഷ്യവും ലക്ഷ്യത്തിലെത്താനുള്ള ലളിതമായ വഴികളും കണ്ടെത്താനുള്ള തിരിച്ചറിവാണ് ഈ പുസ്തകം സമ്മാനിക്കുന്നത്. ജീവിതം ഒരു സമയം വരെ ജീവിച്ച് തീര്‍ക്കുക എന്നതിലപ്പുറം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും രുചിച്ചും അനുഭവിച്ചും ആസ്വദിച്ചും ജീവിതത്തെ സമ്പന്നമാക്കുക, അതിനാവശ്യമായ ജീവിത ക്രമീകരണങ്ങള്‍ ചിട്ടപ്പെടുത്തുക, മാനസിക സന്തോഷത്തിന്റെ വഴികളും മാര്‍ഗങ്ങളും ഇക്കിഗായിലൂടെ രൂപപ്പെടുത്തുക, ശാരീരിക ആരോഗ്യത്തിന്റെ സൂത്രവാക്യങ്ങള്‍ തിരിച്ചറിയുക എന്നിങ്ങനെയാണത്.
“ഹര ഹാച്ചി ബു’ ജപ്പാനില്‍ സാധാരണ പറയുന്ന ഒരു കാര്യമാണിത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും അവര്‍ ആവര്‍ത്തിച്ച് പറയുന്ന വാക്കാണിത്. “നിങ്ങളുടെ വയര്‍ 80 ശതമാനം മാത്രം നിറയ്ക്കുക’ എന്നതാണ് അതിന്റെ അർഥം. വയർ നിറയെ ഭക്ഷണം കഴിക്കുന്നതിനെ പഴയ അറിവുകള്‍ എതിര്‍ത്തിരുന്നു. അതുകൊണ്ടാണ് ഒക്കിനാവക്കാര്‍ അവരുടെ വയര്‍ 80 ശതമാനം നിറഞ്ഞുകഴിഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുന്നത്.
നിങ്ങളുടെ വയറിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രം ഭക്ഷണത്തിന് വേണ്ടി മാറ്റിവെക്കുക, ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം പൂർണമായും കാലിയാക്കിവെക്കണം എന്നതായിരുന്നു പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ അധ്യാപനം.
അമിത ഭക്ഷണം ശരീരത്തിന് പ്രയാസം സൃഷ്ടിക്കുന്നു. ഒക്കിനാവക്കാരുടെ ഈ പിന്തുടര്‍ച്ച അതുവഴി കോശങ്ങളുടെ ഓക്സീകരണത്തിന്റെ വേഗം കൂട്ടുന്ന ദീര്‍ഘമായ ദഹനപ്രക്രിയയിലൂടെ ശരീരം തളര്‍ന്നു പോകുന്നത് ഒഴിവാക്കാനും കഴിയുന്നു. നമ്മുടെ വയര്‍ 80 ശതമാനമാണ് നിറഞ്ഞത് എന്ന് അറിയാന്‍ തീര്‍ച്ചയായും വഴികളില്ല. വയര്‍ നിറഞ്ഞു എന്ന് തോന്നിത്തുടങ്ങുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുകയെ ചെയ്യാനാകൂ.
നമ്മില്‍ എത്ര പേര്‍ ഈ ജീവിതത്തെ ആസ്വദിക്കുന്നുണ്ട്.? ജപ്പാനിലെ ഓരോരുത്തരും അവരവരുടെ ജീവിതത്തില്‍ സന്തുഷ്ടരാണ്. ഒരു മനുഷ്യനും പൂർണമായും സന്തോഷം നല്‍കാനാകില്ല. എങ്കിലും അത്തരം ചില നിമിഷങ്ങളെ ഉണ്ടാക്കിയെടുക്കാന്‍ നമുക്കാകും. നമ്മുടെ ജീവിതം നമ്മള്‍ ഇഷ്ടപ്പെട്ടത് പോലെയാണോ, ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും തൊഴിലുകളിലും ആവശ്യമായ സംതൃപ്തി നേടിയെടുക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ.? നമ്മള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും നമുക്ക് വേണ്ടി തന്നെയാണോ? ഇത്തരം ചിന്തകളാണ് ജപ്പാനിലെ ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത്.
നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് നമ്മുടെ അഭിനിവേശമായി മാറുന്നു. അതില്‍ നിന്നും നമുക്ക് പണം കണ്ടെത്താന്‍ കഴിയുന്നുവെങ്കില്‍ അത് നമ്മുടെ തൊഴിലായി മാറുന്നു. അതോടൊപ്പം ഈ കാര്യങ്ങളെല്ലാം നിങ്ങള്‍ ചെയ്യുമ്പോള്‍ അതൊരു നിയോഗമായി ത്തീരും. നമ്മള്‍ ചെയ്യുന്ന സർവ പ്രവര്‍ത്തനങ്ങളിലും സന്തോഷം കണ്ടെത്താന്‍ കഴിയുന്ന ഒരു തത്വചിന്തയുടെ പേരാണ് ഇക്കിഗായ്. നമ്മുടെ ജീവിതത്തിൽ ലക്ഷ്യവും ബോധവും വിജയവും കൈവരിക്കാന്‍ ഈ രചന സഹായിക്കുന്നുണ്ട്.
നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യവും നിങ്ങള്‍ അവസാനിപ്പിക്കരുത്. ജാപ്പനീസ് ഭാഷയില്‍ വിരമിക്കുക എന്ന ഒരു പദമില്ല. നമ്മള്‍ ഇഷ്ടപ്പെടുന്ന നമ്മുടെ ജീവിതത്തില്‍ ഒരുപാട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം, അത് ഉപേക്ഷിച്ചാല്‍ നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം നഷ്ടമാകും. പുസ്തകത്തില്‍ മിറാലസ് ഇങ്ങനെ എഴുതി. “നമുക്കിടയില്‍ നോക്കിയാല്‍ തന്നെ കാണാം. ഇത് വരെ ഉത്സാഹത്തോടെ ഓടി നടന്നവര്‍ ജോലിയിൽ നിന്ന് നിരമിച്ചാൽ പിന്നെ രോഗികളായി മാറുന്നു. പിന്നെ അവര്‍ക്കില്ലാത്ത അസുഖങ്ങളില്ല.’ മനസ്സും ശരീരവും പരസ്പരം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. ഉത്സാഹമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരത്തെ പരിപോഷിപ്പിക്കുന്നു.
അമിതമായ ആഹാരം ഒഴിവാക്കുകയും ഗുണമുള്ള ഭക്ഷണം മാത്രം പതിവാക്കുകയും ചെയ്യുക. 80 ശതമാനം മാത്രം ഭക്ഷണം കഴിക്കുന്നവരാണ് ഒക്കിനാവ ജനത എന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു. സഹകരണ മനോഭാവം ഇവിടുത്തുകാരുടെ വേറിട്ടൊരു കാഴ്ചയാണ്. അവര്‍ക്കിടയില്‍ ഒറ്റപ്പെടലുകളില്ല. ആരെങ്കിലും സാമ്പത്തിക പ്രയാസം നേരിട്ടാല്‍ അവര്‍ പരസ്പരം സഹകരിച്ച് പരിഹാരം കണ്ടെത്തുന്നു. മിക്ക ഒക്കിനാവക്കാരും പൂന്തോട്ടം ഒരു പുണ്യസ്ഥലമായി കാണുന്നു. സൂര്യോദയത്തിലും അസ്‌തമയത്തിലും അവര്‍ പൂന്തോട്ടത്തില്‍ ചെലവഴിക്കുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്ന വലിയ മനസ്സ് അവരുടെ ആരോഗ്യ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തില്‍ കൃത്യമായ ലക്ഷ്യ ബോധം അവര്‍ കൊണ്ടുനടന്നു. ജീവിത വിജയത്തിന്റെ ചവിട്ടുപടികളായി ഇക്കിഗായിയെ അവര്‍ കണ്ടു.
പുസ്തകത്തിന്റെ അവസാന താളുകളില്‍ വായനക്കാരോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി അത് നിങ്ങള്‍ ആത്മാർഥമായി ഇഷ്ടപ്പെടുന്ന ജോലിയാണോ, 100 പേരില്‍ 85 ശതമാനവും അവര്‍ ജീവിതത്തില്‍ ഇഷ്ടപ്പെടാത്ത, ആഗ്രഹിക്കാത്ത ജോലിയല്ലെ ചെയ്തു കൊണ്ടിരിക്കുന്നത്.! ആളുകള്‍ അവരുടെ ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്കായി ജോലി ചെയ്യുന്നു, വിട്ടുവീഴ്ചകള്‍ ചെയ്യുന്നു. എന്നാല്‍ യഥാർഥത്തില്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നത് എന്താണെന്ന് ഇന്നുവരെ തിരിച്ചറിയുന്നില്ല. അതിനായ് നമ്മള്‍ തന്നെ നമ്മുടെ ഇക്കിഗായിയെ കണ്ടെത്തുക. ജീവിതത്തില്‍ നമ്മേ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയുക. അതിനെ ആത്മാർഥമായി പിന്തുടരുക. അതില്‍ നിന്നും സന്തോഷവും വിജയവും നിങ്ങളെ തേടി വരും.
ഹെക്തര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്ക് മിറാല്യസ് എന്നിവർ ഗ്രന്ഥകര്‍ത്താക്കളായ ഇക്കിഗായിയുടെ വിവര്‍ത്തനം കെ കണ്ണനാണ് നിർവഹിച്ചിരിക്കുന്നത്. പ്രസാധനം : മഞ്ജുള്‍ പബ്ലിഷിംഗ് ഹൗസ്. 350 രൂപയാണ് വില.