Kerala
അന്താരാഷ്ട്ര മീലാദ് സമ്മേളനം മറ്റന്നാൾ കോഴിക്കോട്ട്
അറബ് മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും

കോഴിക്കോട് | ‘തിരുവസന്തം 1500’ എന്ന പ്രമേയത്തിൽ മർകസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം മറ്റന്നാൾ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടക്കും. പ്രവാചകൻ മുഹമ്മദ് നബി(സ്വ)യെ കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. വിവിധ രാജ്യങ്ങളിലെ സാമൂഹിക- സാംസ്കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
പ്രശസ്ത അറബ് ഗായക സംഘമായ അൽ ഹുബ്ബ് ട്രൂപ്പിന്റെ നബികീർത്തന സദസ്സും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. നബി ദർശനങ്ങളും അധ്യാപനങ്ങളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ലക്ഷ്യം.
സമ്മേളനപ്പൊലിമ വിളംബരം ചെയ്ത് മറ്റന്നാൾ വൈകിട്ട് മൂന്നിന് നഗരത്തിൽ 1,500 കലാപ്രതിഭകൾ അണിനിരക്കുന്ന മെഗാ ഘോഷയാത്ര നടക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ കോഴിക്കോട് ജില്ലാ സാരഥികൾ, സാദാത്തുക്കൾ, ജാമിഅ മർകസ് മുദരിസുമാർ ഘോഷയാത്രക്ക് നേതൃത്വം നൽകും. മർകസ് കോംപ്ലക്സ് പരിസരത്ത് നിന്നാരംഭിച്ച് അരയിടത്തുപാലം മിനി ബൈപ്പാസ് വഴി സമ്മേളന നഗരിയിൽ ഘോഷയാത്ര സമാപിക്കും.
വൈകിട്ട് 4.30ന് ബുർദ പാരായണത്തോടെ പൊതുസമ്മേളനത്തിന് തുടക്കമാകും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. മീലാദ് സമ്മേളനത്തിന്റെ മുഖ്യ ആകർഷകങ്ങളിലൊന്നായ ‘അൽ ഹുബ്ബ്’ അന്താരാഷ്ട്ര മൗലിദ് ട്രൂപ്പിന്റെ പ്രകടനം വൈകുന്നേരം 7:40 ന് അരങ്ങേറും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തും.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി എളമരം, സി പി ഉബൈദുല്ല സഖാഫി, അനസ് അമാനി പുഷ്പഗിരി സംസാരിക്കും.
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, അബൂ ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, അബ്‌ദുറഹ്‌മാൻ ഫൈസി മാരായമംഗലം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഹാജി ഇഹ്‌സാൻ ഗാഡവാല, ഹാജി ഹസീൻ അഗാഡി മഹാരാഷ്ട്ര, ഹാജി അഫ്താബ് സോപാരിവാല, എ പി അബ്ദുൽ കരീം ഹാജി ചാലിയം, അബ്‌ദുറഹ്‌മാൻ ഹാജി കുറ്റൂർ, സയ്യിദ് മുനീറുൽ അഹ്ദൽ, ഉസ്മാൻ സഖാഫി തിരുവത്ര, എൻ അലി അബ്ദുല്ല, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എ സൈഫുദ്ദീൻ ഹാജി സംബന്ധിക്കും.