Connect with us

Ongoing News

ചൈനാ ചങ്ങാത്തത്തിന്റെ പ്രാധാന്യം

ട്രംപിന്റെ തീരുവ ഭീഷണി സൃഷ്ടിച്ച ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ ലോകക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ട്രംപിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ മോദി ഭരണകൂടം ചങ്കൂറ്റം കാണിക്കുകയാണെങ്കില്‍ ലോകക്രമത്തില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

Published

|

Last Updated

ഇന്ത്യ- ചൈന ബന്ധത്തിനും ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുടെ പരസ്പര സന്ദര്‍ശനത്തിനും ഏഴ് പതിറ്റാണ്ട് പഴക്കമുണ്ട്. 1954ല്‍ പഞ്ചശീല തത്ത്വങ്ങള്‍ അവതരിപ്പിച്ച പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മിക്ക ഇന്ത്യന്‍ പ്രധാനമന്ത്രിമാരും ചൈന സന്ദര്‍ശിക്കുകയും വിവിധ കരാറുകളില്‍ ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ട്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മോദിയുടെ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ “പ്രതികാരച്ചുങ്കം’ പ്രഖ്യാപിക്കുകയും പഹല്‍ഗാം ആക്രമണത്തിനു ശേഷവും പാകിസ്താനുള്ള ചൈനയുടെ പിന്തുണ തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പുതിയ സന്ദര്‍ശനം.

ടിയാന്‍ജിനില്‍ നടക്കുന്ന ഷാംഗ്ഹായ് സഹകരണ സംഘ(എസ് സി ഒ)ത്തിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യമെങ്കിലും ട്രംപ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിന് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പായി സന്ദര്‍ശനത്തെ വിലയിരുത്തപ്പെടുന്നുണ്ട്. ട്രംപിന്റെ അധികത്തീരുവ ഇന്ത്യയുടെ കയറ്റുമതിയെയും വിപണിയെയും സാരമായി ബാധിച്ചിരിക്കെ അതിനെ അതിജീവിക്കാന്‍ ഇന്ത്യക്ക് ചൈന ഉള്‍പ്പെടെ മറ്റു രാഷ്ട്രങ്ങളുടെ സഹകരണവും വ്യാപാരക്കരാറുകളും ആവശ്യമാണ്. ഇന്ത്യ- അമേരിക്ക ബന്ധത്തിലുണ്ടായ വിള്ളലിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ബന്ധം സുദൃഢമാക്കുന്നതിന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് താത്പര്യം അറിയിക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച കത്തിലാണ് ഷീ ജിന്‍പിംഗ് ഇക്കാര്യം സൂചിപ്പിച്ചത്.

എസ് സി ഒ ഉച്ചകോടിക്ക് മുമ്പായി നടന്ന ഒരു മണിക്കൂര്‍ നീണ്ട മോദി- ഷീ ജിന്‍പിംഗ് കൂടിക്കാഴ്ചയെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ശുഭസൂചകമാണ്. ഇന്ത്യയും ചൈനയും വികസന പങ്കാളികളാണ്; എതിരാളികളല്ലെന്ന് ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കിയതായി വിദേശ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുനേതാക്കളും പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ വര്‍ഷത്തെ സൈനിക പിന്മാറ്റത്തിലും അതിനു ശേഷം അതിര്‍ത്തി പ്രദേശങ്ങളില്‍ കണ്ടുവരുന്ന സമാധാനത്തിലും ശാന്തിയിലും നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി. അതിര്‍ത്തി പ്രശ്‌നത്തിന് ന്യായവും യുക്തിസഹവുമായ പരിഹാരത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

ആഗസ്റ്റ് 29, 30 തീയതികളില്‍ മോദി ജപ്പാന്‍ സന്ദര്‍ശിക്കുകയും നിരവധി വാണിജ്യ കരാറുകളിലും പ്രതിരോധ രംഗത്തും ചാന്ദ്രയാന്‍ ബഹിരാകാശ ദൗത്യത്തിലും സഹകരിക്കുന്നതിനുള്ള കരാറിലും ഒപ്പ് വെച്ചിരുന്നു. ഇന്ത്യയിലേക്ക് 6,800 കോടിയുടെ നിക്ഷേപത്തിന് ജപ്പാന്‍ സന്ദര്‍ശനം വഴിയൊരുക്കി. സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക സുരക്ഷ, പരിസ്ഥിതി സുസ്ഥിരത, സാങ്കേതിക വിദ്യയും നവീകരണവും, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് മുന്നേറാനും നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും ഈ സന്ദര്‍ശനത്തില്‍ ധാരണയായി. ഇതിന്റെ തുടര്‍ച്ചയായിരുന്നു മോദിയുടെ ചൈന സന്ദര്‍ശനം.

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ട്രംപ് ഇന്ത്യക്ക് ഇറക്കുമതി തീരുവ അമ്പത് ശതമാനമായി ഉയര്‍ത്തിയത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇന്ത്യയുടെ എണ്ണ ഇറക്കുമതി, യുക്രൈനിനെതിരായ റഷ്യന്‍ യുദ്ധത്തിന് സഹായം ചെയ്യുന്നതിന് തുല്യമാണെന്നും മോസ്‌കോയുടെ സൈനിക ശ്രമങ്ങളെ അത് ശക്തിപ്പെടുത്തുമെന്നുമാണ് ട്രംപിന്റെ വാദം. എന്നാല്‍ അമേരിക്കന്‍ ഭീഷണിക്കു വഴങ്ങാതെ ഇന്ത്യ എണ്ണ ഇറക്കുമതി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് പകുതിയില്‍ ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണയില്‍ 38 ശതമാനവും റഷ്യയില്‍ നിന്നാണ്. വാണിജ്യ താത്പര്യത്തിന് മുന്‍ഗണന നല്‍കുന്ന അമേരിക്കന്‍ ഭരണകൂടത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മറ്റുള്ളവരുടെ ബിസിനസ്സുകളെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നാണ് ട്രംപിന്റെ ഭീഷണിയോട് പ്രതികരിക്കവെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞത്. ഇന്ത്യയില്‍ നിന്ന് എണ്ണയോ മറ്റു ഉത്പന്നങ്ങളോ വാങ്ങുന്നതില്‍ അമേരിക്കക്ക് പ്രയാസമുണ്ടെങ്കില്‍ അത് വാങ്ങേണ്ടതില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

റഷ്യയുള്‍പ്പെടെ ഏഷ്യ- യൂറോപ്യന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പത്ത് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഷാംഗ്ഹായ് സഹകരണ സംഘം. ചൈനയില്‍ നടന്ന കോണ്‍ഫറന്‍സില്‍ റഷ്യന്‍ പ്രധാനമന്ത്രി പുടിന്‍ പങ്കെടുത്തതിനാല്‍ മോദിക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നതിന് ചൈനാ സന്ദര്‍ശനം അവസരമേകി. ഇന്ത്യ- റഷ്യ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി ഡിസംബറില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതായും റിപോര്‍ട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റഷ്യ സന്ദര്‍ശന വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള പുടിന്റെ താത്പര്യം റഷ്യന്‍ വൃത്തങ്ങള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. 2022ല്‍ റഷ്യ- യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.

അതേസമയം, പുതുതായി രൂപപ്പെട്ടു വരുന്ന ഇന്ത്യ- ചൈന- റഷ്യ കൂട്ടുകെട്ട് ഡൊണാള്‍ഡ് ട്രംപിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. വിറളിപൂണ്ട ട്രംപ് ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്താനും ഇന്ത്യക്ക് അധിക തീരുവ ഏര്‍പ്പെടുത്താനും യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് എണ്ണയും പ്രകൃതി വാതകവും വാങ്ങുന്നത് നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള ഉപരോധങ്ങളാണ് ട്രംപ് ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങള്‍ ഇതിന് വഴങ്ങുമോയെന്ന് കണ്ടറിയണം. ഏതായാലും ട്രംപിന്റെ തീരുവ ഭീഷണി സൃഷ്ടിച്ച ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ ലോകക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ട്രംപിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ മോദി ഭരണകൂടം ചങ്കൂറ്റം കാണിക്കുകയാണെങ്കില്‍ ലോകക്രമത്തില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

---- facebook comment plugin here -----

Latest