Connect with us

Kerala

എരമംഗലത്ത് പൊതുകുളം നവീകരണത്തിനിടെ വിഗ്രഹങ്ങള്‍ കണ്ടെടുത്തു

കുളം നവീകരണത്തിന്റെ ഭാഗമായി അടിത്തട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ ലഭിച്ചത്.

Published

|

Last Updated

വെളിയങ്കോട് | എരമംഗലം ആലിന്‍ചുവട് ക്ഷേത്രത്തിന് സമീപത്തെ പൊതുകുളം നവീകരണത്തിനിടെ വിഗ്രഹങ്ങള്‍ കണ്ടെടുത്തു. കരിങ്കല്ലില്‍ തീര്‍ത്ത രണ്ട് വിഗ്രഹങ്ങളാണ് ലഭിച്ചത്. കരിങ്കല്ലില്‍ തീര്‍ത്ത വിനായകന്റേയും മുരുകന്റേയും വിഗ്രഹങ്ങളാണ് ലഭിച്ചത്. വിഗ്രഹങ്ങള്‍ക്ക് ഏകദേശം അരനൂറ്റാണ്ടിലേറെ പഴക്കം കണക്കാക്കുന്നുണ്ട്.

എരമംഗലം ആലിന്‍ ചുവട് ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പൊതുകുളം നവീകരണത്തിന്റെ ഭാഗമായി വറ്റിക്കുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെടുത്തത്. നേരത്തേ സ്വകാര്യ വ്യക്തിയുടെ അധീനതയിലായിരുന്ന കുളം വര്‍ഷങ്ങളായി പൊതുകുളമായി ഉപയോഗിച്ച് വരികയാണ്. ക്ഷേത്രത്തിന് സമീപത്തെ പൊതുകുളം ഭിത്തി കെട്ടി സംരക്ഷിക്കാന്‍ എം എല്‍ എ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധാരണ പ്രവൃത്തികള്‍ നടന്നുവരികയായിരുന്നു. കുളം നവീകരണത്തിന്റെ ഭാഗമായി അടിത്തട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ ലഭിച്ചത്.

നേരത്തേ കുളം വറ്റിച്ചപ്പോള്‍ വിഗ്രഹങ്ങള്‍ ലഭിച്ചിരുന്നില്ല. വിഗ്രഹം ലഭിച്ചതിനെത്തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ പെരുമ്പടപ്പ് പൊലീസില്‍ വിവരമറിയിച്ചു. താംബൂലപ്രശ്‌നം നടത്തി വിഗ്രഹങ്ങള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. അതുവരെ വിഗ്രഹങ്ങള്‍ ക്ഷേത്രത്തില്‍ സൂക്ഷിക്കാനാണ് തീരുമാനം. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എന്‍ കെ മനോജ്, വൈസ് പ്രസിഡന്റ് സുരേഷ് താണിയില്‍, സെക്രട്ടറി ടി എ രമേശ്, ബാബുരാജ് കരിമാത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നത്. സംഭവമറിഞ്ഞ് നിരവധി ആളുകള്‍ ഇവിടെയെത്തി.

Latest