National
മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു; ദുരന്തം മധ്യപ്രദേശിലെ ഭഗീരഥപുരയില്‍
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകളും സര്‍ക്കാര്‍ വഹിക്കും.
ഇന്‍ഡോര്‍ | മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകളും സര്‍ക്കാര്‍ വഹിക്കും.
കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളം കുടിച്ചതിനു ശേഷം ഛര്‍ദി, വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയവ അനുഭവപ്പെട്ടതായി ദുരന്തത്തിനിരയായവര്‍ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്‍ഡോര്‍ മേയര്‍ അറിയിച്ചു. ദുരന്തത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് 2,703 വീടുകളില്‍ പരിശോധന നടത്തി. ഏകദേശം 12,000 പേരെ പരിശോധിക്കുകയും നേരിയ രോഗലക്ഷണങ്ങളുള്ള 1,146 രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.
പ്രദേശത്ത് ഒട്ടേറെ മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിരവധി ആംബുലന്‍സുകളും ഏര്‍പ്പെടുത്തി. വെള്ളം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

