Connect with us

Kerala

സിറ്റി ബസ്: കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കാന്‍ തയ്യാറാകണം; മന്ത്രി ഗണേഷ് കുമാറിനോട് മേയര്‍ രാജേഷ്

കരാര്‍ പ്രകാരം പീക് ടൈമില്‍ 113 ബസുകളും നഗരപരിധിയില്‍ സര്‍വീസ് നടത്തണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. ലാഭവിഹിതം വേണം. ഇലക്ട്രിക് ബസുകള്‍ തിരികെ വേണ്ട.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം സിറ്റി ബസ് വിഷയത്തില്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കുന്നതില്‍ ഗതാഗത വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. 2023 ഫെബ്രുവരി 27ന് സ്മാര്‍ട്ട്സിറ്റിയും കെ എസ് ആര്‍ ടി സിയും കോര്‍പറേഷനും തമ്മിലുണ്ടാക്കിയ കരാര്‍ പാലിക്കാന്‍ തയ്യാറാകണമെന്ന് രാജേഷ് വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടു. കരാര്‍ പ്രകാരം പീക് ടൈമില്‍ 113 ബസുകളും നഗരപരിധിയില്‍ സര്‍വീസ് നടത്തണം. അതിനു ശേഷം മറ്റുള്ള സ്ഥലങ്ങളില്‍ ഓടാം. എന്നാല്‍, ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടിരിക്കുകയാണ്. കോര്‍പറേഷനുമായി കൂടിയാലോചിക്കാതെ റൂട്ട് നിശ്ചയിക്കരുത്. വരുമാനം വീതിക്കണമെന്നും കരാറില്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് ലംഘിച്ചുകൊണ്ടാണ് ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നതെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

113 കോടി രൂപ നിക്ഷേപിക്കുമ്പോള്‍ അതില്‍നിന്ന് ഒരു ലാഭവിഹിതം കിട്ടേണ്ടതുണ്ട്. അത് കരാറിലും വ്യക്തമാക്കിയിട്ടുണ്ടെന്നും മേയര്‍ പ്രതികരിച്ചു. കോര്‍പറേഷന്‍ വാങ്ങി നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ കത്ത് കൊടുത്താല്‍ തിരികെ നല്‍കാമെന്ന മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. ഞങ്ങള്‍ക്ക് അങ്ങനെ ഒരു പദ്ധതി ഇല്ലെന്നും ഇലക്ട്രിക് ബസിന്റെ ബാറ്ററിയുടെ ലൈഫൊക്കെ തീരാനായെന്നും രാജേഷ് പറഞ്ഞു.

ഗ്രാമീണ റൂട്ടുകളിലേക്ക് ബസ് വേണമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ പ്രധാനമായി ഉന്നയിച്ച ആവശ്യം. ധാരാളം ഇട റോഡുകള്‍ കോര്‍പറേഷന്‍ പരിധിയിലുണ്ട്. കൂലിപ്പണിക്കാരായ പാവങ്ങള്‍ കരഞ്ഞുകൊണ്ടാണ് ബസ് സര്‍വീസ് വേണമെന്ന് പറഞ്ഞത്. അതുകൊണ്ടാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest