Connect with us

aathmeeyam

സഹാനുഭൂതി എന്ന ഉത്തമ ഭാവം

തന്നെപ്പോലെ മറ്റുള്ളവരെയും കാണുക എന്നതാണ്‌ ഭാരതത്തിന്റെ ആത്മീയ ദർശനം. മറ്റൊരാളുടെ നൊമ്പരത്തെ മധുരതരമാക്കാൻ കഴിയുമെങ്കിൽ ജീവിതം ധന്യമാക്കാൻ സാധിക്കുമെന്നാണ് ഹെലൻ കെല്ലർ അഭിപ്രായപ്പെട്ടത്. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നവനാണ് മതവിശ്വാസിയാകുന്നത് എന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞത്. സ്വന്തത്തിന് ഇഷ്ടമുള്ളത് സുഹൃത്തിനുകൂടി ഇഷ്ടമാകുമ്പോഴാണ് വിശ്വാസം പൂർണമാകുന്നതെന്നാണ് തിരുനബി(സ)യുടെ അധ്യാപനം (തിർമിദി).

Published

|

Last Updated

സഹാനുഭൂതി എന്ന ശ്രേഷ്ഠ സ്വഭാവം മനുഷ്യന്റെ സകല മേഖലകളിലും പ്രകടമാകേണ്ട മഹത്തായ ഗുണമാണ്. ബന്ധക്കാർ തമ്മിലും തൊഴിലാളികള്‍ തമ്മിലും തൊഴിലാളികളും തൊഴിലുടമകളും തമ്മിലും സുഹൃത്തുക്കൾ തമ്മിലും പരിചയമുള്ളവരും ഇല്ലാത്തവരും തമ്മിലും രാഷ്ട്രത്തലവന്മാർ തമ്മിലുമെല്ലാം സഹാനുഭൂതി എന്ന ഭാവം രൂപപ്പെടേണ്ടതുണ്ട്. സ്‌നേഹമയിയായ ഒരു മാതാവിന് തന്റെ കുഞ്ഞിനോട് സ്വാഭാവികമായി തോന്നുന്ന വികാരമായ സഹാനുഭൂതി, വിവിധ തരത്തിൽ വേദനിക്കുന്നവരോട് പ്രകടമാക്കാൻ മനുഷ്യന്റെ മനസ്സ് പാകപ്പെടുമ്പോഴാണ് ദൈവികസാമീപ്യം സാധ്യമാകുന്നത്.

മറ്റുള്ളവരുടെ വികാരങ്ങളെയും മാനസികാവസ്ഥയെയും എന്താണെന്ന് തിരിച്ചറിയാനും അതിനനുസരിച്ച് സ്വന്തം ജീവിതത്തെയും പെരുമാറ്റത്തെയും പാകപ്പെടുത്തിയെടുക്കാനുമുള്ള കഴിവിനെ മനഃശാസ്ത്രത്തിൽ സഹഭൂതി (Empathy) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തലച്ചോറിലെ ഇതിനാവശ്യമായ ന്യൂറൽ സർക്യൂട്ടുകളെ വളർത്തിയെടുക്കുന്നവർക്ക് ഭൂമിയിൽ തന്നെ സ്വർഗരാജ്യം പണിയാമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. കാരണം, അത്രമേൽ ശക്തിയുള്ള ഒരു മാനസിക വികാരമാണത്.
സഹജീവികളോട് സ്നേഹവും കാരുണ്യവും കാണിക്കുക, അപരന്റെ സുഖദുഃഖങ്ങളിൽ പങ്കുചേരുക, അവരുടെ കണ്ണീരൊപ്പുക തുടങ്ങിയവയെല്ലാം വലിയ ആരാധനകളാണ്. തനിക്കുവേണ്ടി മാത്രം ജീവിക്കാതെ തന്നെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരുടെ ജീവിതമാണ് ശ്രേഷ്ഠമാകുന്നത്. ചരിത്രം തിരുത്തിയ മഹത്തുക്കളുടെ ജീവിതത്തിൽ അത്തരം സംഭവങ്ങൾ ധാരാളം ദർശിക്കാവുന്നതാണ്.

തന്നെപ്പോലെ മറ്റുള്ളവരെയും കാണുക എന്നതാണ്‌ ഭാരതത്തിന്റെ ആത്മീയ ദർശനം. മറ്റൊരാളുടെ നൊമ്പരത്തെ മധുരതരമാക്കാൻ കഴിയുമെങ്കിൽ ജീവിതം ധന്യമാക്കാൻ സാധിക്കുമെന്നാണ് ഹെലൻ കെല്ലർ അഭിപ്രായപ്പെട്ടത്. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നവനാണ് മതവിശ്വാസിയാകുന്നത് എന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞത്. സ്വന്തത്തിന് ഇഷ്ടമുള്ളത് സുഹൃത്തിനുകൂടി ഇഷ്ടമാകുമ്പോഴാണ് വിശ്വാസം പൂർണമാകുന്നതെന്നാണ് തിരുനബി(സ)യുടെ അധ്യാപനം (തിർമിദി).
വേദനിക്കുന്നവർ തങ്ങളുടെ മനസ്സിലുള്ളത്‌ എന്താണെന്നോ തങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ എന്താണെന്നോ മറ്റുള്ളവരോട് തുറന്നുപറഞ്ഞെന്നു വരില്ല. മറ്റുള്ളവരുടെ വേദനകളും യാതനകളും വികാരങ്ങളും വി ചാരങ്ങളും ആവശ്യങ്ങളുമെല്ലാം തിരിച്ചറിയാനുള്ള പ്രധാന പോംവഴി അവരെ നിരീക്ഷിക്കലും ശ്രദ്ധിച്ചു കേൾക്കലുമാണ്. ഒരാളെ എത്ര നന്നായി ശ്രവിക്കുന്നുവോ അതിലപ്പുറം തങ്ങളുടെ ഹൃദയത്തിലെ വികാരങ്ങൾ വെളിപ്പെടുത്താൻ അവർ സന്നദ്ധമായിരിക്കും. അതുകൊണ്ടാണ് സംസാരിക്കുന്നത് വെള്ളിയാണെങ്കിൽ കേൾക്കുന്നത് സ്വർണമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

വലിയൊരു ആൽമരം ഉണ്ടാകുന്നത് വളരെ ചെറിയ ഒരു വിത്തിൽ നിന്നാണ്. വിത്ത് മുളച്ചു വലിയ ആൽമരമായി നിലനിൽക്കണമെങ്കിൽ ആവശ്യാനുസരണം വേരുകൾ മണ്ണിലേക്കിറങ്ങണം. ഹൃദയത്തില്‍ സൂക്ഷിക്കപ്പെടുന്ന അറിവ് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുമ്പോഴാണ് വിജ്ഞാനം ഫലപ്രദമാകുന്നത്. ഒരാളുടെ വളർച്ചയുടെ തോത് അളക്കപ്പെടുന്നത് അയാൾ എത്രമേൽ സഹജീവികളിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന (WHO) ലോകത്താകമാനമുള്ള കുട്ടികൾ നിർബന്ധമായും കൈവരിച്ചിരിക്കേണ്ട ജീവിതനൈപുണികളുടെ ലിസ്റ്റിൽ സഹാനുഭൂതിയെ പ്രധാനപ്പെട്ട ഒരു നൈപുണിയായി ഉൾപ്പെടുത്തിയത്. മറ്റുള്ളവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനമാണത്.

മറ്റൊരാളുടെ വേദനകളെക്കുറിച്ച് അറിയുക എന്നത് ഇന്ന് ലോക തലത്തിൽ തന്നെ ഏറ്റവും വിഷമകരമായ കാര്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. അവനവനെ അറിയുന്നതുപോലെ പ്രധാനമാണ് മറ്റുള്ളവരെ കൂടി അറിയുക എന്നത്. മറ്റുള്ളവരുടെ സുഖദുഃഖങ്ങൾ സ്വന്തം അനുഭവങ്ങളായി കാണണം. പലപ്പോഴും മറ്റുള്ളവരോട് അനുകമ്പയാണ് പലർക്കും (Simpathy) ഉണ്ടാകാറുള്ളത്. അത് അപരനും സഹതപിക്കുന്നവനും ഗുണം ചെയ്യില്ല. എന്നാൽ, അവ​ന്റെ സ്ഥാനത്ത് താനാണെങ്കിൽ എന്ന് മനസ്സിൽ കണ്ട് പ്രവർത്തിക്കുമ്പോൾ അത് സഹാനുഭൂതിയായി (Empathy) മാറുന്നു.

അപരന്റെ വിഷമങ്ങളും പ്രയാസങ്ങളും അറിയുകയും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുക എന്നത് വിശ്വാസികളുടെ കടമയാണ്. അവർ പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും വർത്തിക്കുകയും മറ്റുള്ളവരുടെ സുഖ ദുഃഖങ്ങളിൽ പങ്കുചേരുകയും വേണം. വിശ്വാസികൾ തമ്മിലുള്ള ബന്ധം ഒരു ശരീരം പോലെയാണെന്നാണ് തിരുനബി(സ) വിശേഷിപ്പിച്ചത്. ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന് പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങളും അതിനോട് സഹകരിക്കുന്നു (മുസ്്ലിം). മറ്റൊരാളുടെ വിഷമതകളെ നീക്കുന്നവന് പരലോകത്ത് അയാള്‍ക്കുണ്ടായേക്കാവുന്ന ചില വിഷമതകള്‍ അല്ലാഹു നീക്കിക്കൊടുക്കുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലമത്രയും ഇഹലോകത്തു തന്നെ അല്ലാഹു അയാളെ സഹായിച്ചുകൊണ്ടിരിക്കുമെന്നും ഹദീസിലുണ്ട്. ഒരാൾ തന്റെ സഹോദരനെ ഭൗതികതാത്പര്യങ്ങളില്ലാതെ സ്രഷ്ടാവിന്റെ പ്രീതിക്കുവേണ്ടി സ്‌നേഹിച്ചാല്‍ അവന് വിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കാൻ കഴിയുമെന്ന് തിരുവചനത്തിൽ കാണാം (ബുഖാരി, മുസ്‌ലിം).

Latest