pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി
സ്വര്‍ണം, ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് ഹരജി നല്‍കിയത്
കൊച്ചി | സ്വര്‍ണം, ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി തള്ളി.
എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം ശരിയായ ദിശയിലാണ്. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാണിക്കാന്‍ തെളിവുകളൊന്നും ഹരജിക്കാരന്‍ ഹാജരാക്കിയില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരേയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അജി കൃഷ്ണന്റെ ഏജന്‍സിയില്‍ നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനു ജോലി നല്‍കിയിരുന്നു.
സമാനമായ ഹരജികളില്‍ ഡിവിഷന്‍ ബെഞ്ച് തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. നേരത്തെ കോടതി തീര്‍പ്പ് പറഞ്ഞ വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ വിധം പുതിയ തെളിവുകള്‍ ഹരജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.






