prathivaram cover story
കാടിൻ്റെ സ്വന്തം ഡോക്ടർ
രണ്ട് വ്യാഴവട്ടക്കാലം ആദിവാസികള്‍ക്കും അശരണര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച ഡോ. ജെ വിൻസന്റ് സേവ്യറുടെ ഔദ്യോഗിക സേവനം അവസാനിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയിലുള്ള ആര്‍ക്കും സുപരിചിതനാണ് ഡോക്ടര്‍. മലയോരവാസികള്‍ക്കും നാടോടികളായ മലമ്പണ്ടാരങ്ങള്‍ക്കുമായി സമര്‍പ്പിച്ച ഡോക്ടറുടെ ജീവിതം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

കാടിനെയും കാനനവാസികളെയും സ്‌നേഹിച്ച ഡോക്ടര്‍ കാടിറങ്ങി. രണ്ട് വ്യാഴവട്ടക്കാലം ആദിവാസികള്‍ക്കും അശരണര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച ഡോ. ജെ വിൻസന്റ് സേവ്യറുടെ ഔദ്യോഗിക സേവനം അവസാനിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയിലുള്ള ആര്‍ക്കും സുപരിചിതനാണ് ഡോക്ടര്‍. ഇപ്പോള്‍ സര്‍ക്കാര്‍ സേവനത്തിനുള്ള കാലളവ് പൂര്‍ത്തിയാക്കി ജൂലൈ 31ന് വിരമിച്ചിരിക്കുകയാണ്. മലയോരവാസികള്‍ക്കും നാടോടികളായ മലമ്പണ്ടാരങ്ങള്‍ക്കുമായി സമര്‍പ്പിച്ച ഡോക്ടറുടെ ജീവിതം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
കേരള അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടില്‍ നാഗര്‍കോവില്‍ സ്വദേശിയാണ് ഡോ. വിൻസന്റ് സേവ്യർ. 1991ല്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസ് നേടിയ ഡോ. വിൻസന്റ് സേവ്യര്‍ 10 വര്‍ഷം കന്യാകുമാരിയിലുള്ള മിഷന്‍ ആശുപത്രിയില്‍ ജോലി ചെയ്തു. ഇതിനിടയില്‍ കേരളാ പി എസ് എസി എഴുതി. 2003 ഫെബ്രുവരി 15ന് പി എസ് സി വഴി കേരള ഹെല്‍ത്ത് സര്‍വീസില്‍ പ്രവേശിച്ചു. ആദ്യ നിയമനം സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായും.
നിയമനം സീതത്തോട്ടിലാണെന്നറിഞ്ഞതോടെ കുടുംബത്തില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നു. സീതത്തോട് വനത്താല്‍ ചുറ്റപ്പെട്ടതും വന്യമൃഗശല്യം രൂക്ഷമായ പ്രദേശവുമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടുതന്നെ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലകളിലേക്ക്് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ എത്താറില്ലെന്ന് ഭാര്യ ഓർമപ്പെടുത്തി. എന്നാൽ ദൈവം തനിക്ക് നല്‍കിയ ഒരു നിയോഗമായിരിക്കാം ഈ നിയമനം എന്ന നിലയില്‍ സീതത്തോട്ടില്‍ സര്‍വീസില്‍ തുടരാന്‍ തന്നെ തീരുമാനം ഉറപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഡോ. വിൻസന്റ് സേവ്യർ സീതത്തോട്ടിലെത്തുന്നത്. കാടിന് മാത്രമല്ല, നാടിനും പ്രിയപ്പെട്ടവനാണ് ഡോ. വിൻസന്റ് സേവ്യർ. ഇക്കാലമത്രയും സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം ഇദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവുമാണ്. വീട്ടിലെ കിടപ്പു രോഗികള്‍ക്ക് സാന്ത്വനമായി ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു.
ഡോ. വിൻസന്റ് സേവ്യർ
ഒരു ബ്രാൻഡാണ്
ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും കാക്കി കാര്‍ഗോ പാന്റുമായിരിക്കും ഡോക്ടറുടെ ഒട്ടുമിക്ക സമയത്തെയും വേഷം. ഒപ്പം, കഴുത്തില്‍ തന്റെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും ജപമാലയും. സീതത്തോട്ടിലെയും ആദിവാസി മേഖലയിലെയും ഔദ്യോഗിക പരിപാടികള്‍ക്കായി എത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പോലും ഈ വേഷം കണ്ട് പരസ്പരം ചോദിക്കാറുണ്ട് “ഇതും ഒരു ഡോക്ടറോ’ എന്ന്. സീതത്തോട് പബ്ലിക് ഹെല്‍ത്ത് സെന്ററിലെ ഔട്ട് പേഷ്യന്റ്സൗകര്യത്തിലാണ് ഡോക്ടറുടെ പതിവ് ദിവസം ആരംഭിക്കുന്നത്.
ഭുപ്രകൃതിയുടെ 90 ശതമാനവും കൊടുംവനത്താല്‍ ചുറ്റപ്പെട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡാണ് ഗവി. ഇന്ത്യാ- ശ്രീലങ്കന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജരുടെ പിന്തുടച്ചക്കാരാണ് കേരളാ വനം വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഗവിയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികള്‍. സീതത്തോട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും മൂഴിയാറും കക്കിയും ആനത്തോടും കടന്നാണ് 70 കിലോ മീറ്റര്‍ കൊടും വനത്തിലൂടെ സഞ്ചരിച്ച് മെഡിക്കല്‍ ക്യാന്പുകള്‍ക്കായി ഡോക്ടര്‍ ഗവിയിലും മിനാറിലും എത്തുന്നത്. ഇതിനോടൊപ്പമാണ് ഗൂഡ്രിക്കല്‍ വനം റേഞ്ചില്‍ ഉള്‍പ്പെടുന്ന നാടോടികളായ മലമ്പണ്ടാരങ്ങളെ തേടിയുള്ള യാത്ര. ആഴ്ചയില്‍ ഒന്നിലധികം മെഡിക്കല്‍ ക്യാന്പുകള്‍ ആദിവാസി ഉന്നതികളില്‍ നടത്തിയതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറഞ്ഞു. മൂഴിയാര്‍, വേലുത്തോട്, സായിപ്പിന്‍ക്കുഴി, ഗവി, ചിപ്പന്‍കുഴി തുടങ്ങിയ വനമേഖലകള്‍ കേന്ദ്രീകരിച്ച് നൂറിലധികം മലമ്പണ്ടാര കുടുംബങ്ങള്‍ രണ്ടര പതിറ്റാണ്ടിലധികമായി ഡോക്ടറുടെ കരുതലിലായിരുന്നു കഴിഞ്ഞത്. സര്‍ക്കാര്‍ വാഹനം ലഭ്യമല്ലാത്തപ്പോള്‍ സ്വന്തം വാഹനത്തില്‍ ഡോക്ടര്‍ അവര്‍ക്കിടയിലേക്ക് പാഞ്ഞെത്തി. ക്യാന്പുകള്‍ക്കിടെ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ മുന്നില്‍ മണിക്കൂറുകളോളം കുടുങ്ങിയ സംഭവങ്ങള്‍ നിരവധിയാണ്.
കേരളത്തില്‍ അവശേഷിക്കുന്ന നാടോടി വിഭാഗത്തില്‍പ്പെട്ട മലമ്പണ്ടാരങ്ങള്‍ ചികിത്സക്ക് വിമുഖത കാട്ടിയിരുന്നവരാണെന്ന് ഡോക്ടര്‍ പറയുന്നു. മുഖ്യധാരയില്‍ നിന്നുള്ള ഒറ്റപ്പെടലും ഒരു കാരണമാണ്. പക്ഷേ, ഒടുവില്‍ അവര്‍ എന്നെ അവരില്‍ ഒരാളായി സ്വീകരിച്ചു- ഡോ. സേവ്യര്‍ തന്റെ സേവനത്തിന്റെ ആദ്യ നാളുകള്‍ വിവരിക്കുന്നു. അവർ ഈ വനം വിട്ടുപോകാന്‍ മടിക്കുന്നു. അതുകൊണ്ട് അവര്‍ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാനും ശരിയായ വൈദ്യോപദേശം നല്‍കാനും ഞാന്‍ അവരെ സന്ദര്‍ശിക്കുന്നു, ഡോക്ടര്‍ പറഞ്ഞു. ഡോക്ടറും സംഘവും അടിസ്ഥാന ഉപകരണങ്ങള്‍, മരുന്നുകള്‍, പ്രോട്ടീനുകള്‍ എന്നിവയുമായി ആദിവാസി വാസസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇവരെ കാണാനുള്ള യാത്രയില്‍ കുട്ടികള്‍ക്കായി തന്റെ വാഹനത്തില്‍ ബിസ്‌ക്കറ്റുകള്‍, ലഘുഭക്ഷണങ്ങള്‍ കരുതിയിരിക്കും. ഗോത്രവര്‍ഗക്കാര്‍ പൊതുവെ പ്രതിരോധശേഷിയുള്ള ഒരു സമൂഹമാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലിയും അവരുടെ പ്രതിരോധശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ അവരുടെ രോഗങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകാനും ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്.പക്ഷേ, ആഴ്ചയില്‍ ഒരിക്കലെങ്കിലും, അദ്ദേഹം തന്റെ പി എച്ച് സിയിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് 70 കിലോമീറ്റര്‍ അകലെയുള്ള ഗവിയിലും കൊടുംവനത്തിലും അലയുന്ന മലമ്പണ്ടാരങ്ങളെയും തേടിയെത്തും. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഡോക്ടര്‍ കടന്നുചെന്നു. കാടിന്റെ മക്കള്‍ക്കരികിലേക്കു ഡോക്ടര്‍ എത്തിയതോടെയാണ് ആദിവാസി കുടുംബങ്ങള്‍ പുറംലോകവുമായി അടുക്കുന്നതും ഇവരിലെ ഭയവും പരിഭ്രമവും വിട്ടൊഴിയുന്നതും.
ഒരിക്കല്‍ ഗവിയില്‍ നിന്നും രാത്രിയില്‍ കക്കിയില്‍ ഒറ്റയാന് മുന്നില്‍ അകപ്പെട്ട ഡോക്ടര്‍ ഇക്കാര്യം ഓര്‍ത്തെടുത്തു. തന്റെ ജീവിതം അവിടെ അവസാനിക്കുമോയെന്ന ഭയപ്പെട്ടുപോയി ഡോക്ടര്‍. എന്നാല്‍ മുന്നില്‍ വന്ന ആന തന്റെ ജീപ്പ് തുമ്പിക്കൈകൊണ്ട് ഒന്ന് തലോടി ചിന്നം വിളിച്ച് മടങ്ങിപ്പോയെന്ന് ഡോക്ടര്‍ പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍, സമയം നോക്കാതെ ഡോക്ടര്‍ ആദിവാസി ഊരുകളിലേക്ക് ഓടിയെത്തും. “വര്‍ഷങ്ങള്‍ക്ക് മുമ്പ്, അർധരാത്രിയില്‍ ഒരു ഗര്‍ഭിണിയെ ചികിത്സിക്കാന്‍ എന്നെ വിളിപ്പിച്ചു. അവള്‍ക്ക് അമിത രക്തസ്രാവമുണ്ടായിരുന്നു. അർധരാത്രി കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ അവളുടെ വീട്ടിലെത്തി. ഭാഗ്യവശാല്‍, രക്തസ്രാവം നിര്‍ത്തി അവളെ പരിചരിക്കാന്‍ കഴിഞ്ഞു. പ്രസവം വളരെ പെട്ടെന്ന് തന്നെ നടന്നു,’ ഡോക്ടര്‍ പറഞ്ഞു.
ആ രാത്രിയില്‍ അൽപ്പം വൈകിയിരുന്നെങ്കില്‍ ഒന്നിലധികം പേരുടെ ജീവന്‍ അപകടത്തിലാകുമായിരുന്നു.’ ഗര്‍ഭധാരണത്തിനോ പ്രസവത്തിനോ വേണ്ടി ആദിവാസി സ്ത്രീകള്‍ പൊതുവെ ആശുപത്രികളിലെത്താന്‍ മടിക്കുന്നവരാണ്. കുടിലുകളിലെ പ്രസവങ്ങള്‍ ഇവിടെ സാധാരണമാണ്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ വലിയ തലക്കെട്ടായി മാറുന്നത്. ആശുപത്രിയിൽ പ്രസവം നടത്താന്‍ അവരെ നിര്‍ബന്ധിക്കുന്നത് അസാധ്യമാണെങ്കിലും, അവരുടെ ആരോഗ്യം ഉറപ്പാക്കാന്‍ ആവശ്യമായത് ഞങ്ങള്‍ ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. ഗര്‍ഭകാലത്ത് ആവശ്യമായ മരുന്നുകളും പോഷകാഹാരങ്ങളും അവര്‍ക്ക് നല്‍കുന്നു.
തുടര്‍ച്ചയായ പ്രസവങ്ങള്‍ കാരണം ഇവിടെ സ്ത്രീകള്‍ക്ക് വിളര്‍ച്ച കൂടുതലാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഡോ. സേവ്യറുടെ മാര്‍ഗനിര്‍ദേശപ്രകാരം സീതത്തോട് പഞ്ചായത്ത് പകര്‍ച്ചവ്യാധിയെ ഫലപ്രദമായി കൈകാര്യം ചെയ്തു. പഞ്ചായത്തിന് നല്ല വാക്‌സിനേഷന്‍ നിരക്കുണ്ടെന്ന് അവകാശപ്പെടുന്നു. പല കുടുംബങ്ങളും വാക്‌സിന്‍ എടുക്കാന്‍ മടി കാണിച്ചെങ്കിലും ഡോക്ടര്‍ അവരെ വാക്‌സിന്‍ എടുപ്പിച്ചു.
ആദിവാസികളുടെ
മക്കാൻ ഡോക്ടര്‍
ആദിവാസികളുടെയും ഗവിയിലെ ശ്രീലങ്കന്‍ വംശജരായ തമിഴരുടെയും സ്വന്തം ഡോക്ടറായി മാറിയ ഇദ്ദേഹത്തെ അവര്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന പേരായിരുന്നു “മക്കാന്‍ ഡോക്ടര്‍’. തമിഴില്‍ മക്കാന്‍ എന്നാല്‍ പ്രിയമുള്ള മകനെന്നാണ് അര്‍ഥം.
മിനിയാണ് ഡോക്ടറുടെ ഭാര്യ. മകള്‍ അഷ്‌കേനാ, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ എല്‍ എല്‍ ബി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.
സര്‍വീസില്‍നിന്നു വിരമിച്ച ശേഷവും സീതത്തോട്ടില്‍ തന്നെ സേവനം തുടരാനായിരുന്നു ഡോക്ടറുടെ തീരുമാനം. ഇതിനായി “അമ്മ’ എന്ന പേരില്‍ സീതത്തോട് ജംഗ്ഷനില്‍ ഒരു ക്ലിനിക്ക് തുറന്നു. എന്തിനാണ് “അമ്മ’ എന്ന പേര് എന്നുള്ള ചോദ്യത്തിന് ഡോക്ടറുടെ മറുപടി ഇങ്ങനെയായിരുന്നു. കരുതലിന്റെ പേരാണ് അമ്മ. ഇവിടെ എത്തുന്ന ഗവി നിവാസികള്‍ക്കും മലമ്പണ്ടാരങ്ങള്‍ക്കും ചികിത്സ സൗജന്യമാണെന്നും ഡോക്ടര്‍ പറഞ്ഞു.
.