Connect with us

ultra nationalism

തീവ്ര ദേശീയത ആയുധമാക്കിയവരുടെ പതനം

തീവ്ര ദേശീയ നിലപാടുകളുടെ ഉത്പന്നമായ ബ്രക്‌സിറ്റില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കാതെയാണ് ബോറിസ് ഇറങ്ങുന്നത്. കടുത്ത കുടിയേറ്റവിരുദ്ധതയെയും ഇസ്‌ലാമോഫോബിക് നയങ്ങളെയും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തള്ളിപ്പറയുകയാണ്. ഇത് തന്നെയാണ് ശ്രീലങ്കയിലും നടക്കുന്നത്.

Published

|

Last Updated

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തില്‍ നിന്ന് പടിയിറങ്ങുന്നത് അവിടെ നടക്കുന്ന വിവാദങ്ങളുടെയും അഴിമതിയുടെയും ഭരണകക്ഷിയിലെ ഉള്‍പ്പോരിന്റെയും ഫലമാണെന്ന വിലയിരുത്തല്‍ ഭാഗികമായി മാത്രമേ ശരിയാകുന്നുള്ളൂ. തീവ്ര ദേശീയത മാത്രം കൈമുതലാക്കി തിരഞ്ഞെടുപ്പ് വിജയം നേടിയ നേതാക്കള്‍ നിലംപതിക്കുന്ന കാഴ്ചയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണുന്നത്. ശ്രീലങ്കയില്‍ മഹിന്ദാ രാജപക്‌സെയും ഗൊതാബയ രാജപക്‌സെയും നാണം കെട്ട് ഇറങ്ങിപ്പോകുകയാണ്. പകല്‍വെളിച്ചത്തിലും ഇരുട്ടിലും പുറത്തിറങ്ങാനാകാത്ത ഗതികേടിലാണ് അവര്‍. ഇവരുടെയൊക്കെ മാതൃകാപുരുഷനായിരുന്ന ഡൊണാള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റ് പദവിയില്‍ രണ്ടാമൂഴത്തിനായി എല്ലാ കളികളും പുറത്തെടുത്തെങ്കിലും പുറന്തള്ളപ്പെട്ടു. ഒടുവില്‍ അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ കലാപത്തിന് തിരികൊളുത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു. അതും പരാജയപ്പെട്ടു. ഇസ്‌റാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരഭ്രഷ്ടനായി. ഇതേ രാഷ്ട്രീയം പുറത്തെടുത്ത ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബോള്‍സനാരോ ഒക്‌ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നാണ് പുറത്തു വരുന്ന എല്ലാ സര്‍വേകളും വ്യക്തമാക്കുന്നത്. ഈ വന്‍ വീഴ്ചകളുടെ ഭാഗമായി വേണം ബോറിസിന്റെ രാജിയെയും കാണാന്‍.

നേരത്തേ തന്നെ സ്വന്തം പാളയത്തില്‍ നിന്ന് ആരോപണങ്ങളുയരുകയും അവിശ്വാസം വരികയും ചെയ്തപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തി കഷ്ടിച്ച് അധികാരം നിലനിര്‍ത്തിയ ബോറിസിന് ഇത്തവണ കാലിടറുകയായിരുന്നു. ഡെപ്യൂട്ടി ചീഫ് വിപ്പായിരുന്ന പിഞ്ചറിനെതിരെ ലൈംഗികാരോപണം ഉയരുകയും മന്ത്രിമാര്‍ ഒന്നൊന്നായി രാജിവെക്കുകയും ചെയ്തതോടെയാണ് ബോറിസ് ജോണ്‍സണ് നില്‍ക്കക്കള്ളിയില്ലാതായത്. പ്രതിപക്ഷം ഒന്നടങ്കം ബോറിസ് ജോണ്‍സണിന്റെ രാജിക്കായി മുറവിളി കൂട്ടുമ്പോള്‍ സ്വന്തം പാളയത്തിലുള്ള മന്ത്രിമാര്‍ ഓരോന്നായി രാജിവെക്കുകയായിരുന്നു. ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫര്‍ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. ഫെബ്രുവരിയിലാണ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിക്കുന്നത്. 52കാരനായ പിഞ്ചറിനെതിരെ രണ്ട് പുരുഷന്മാരാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന ഒരാളെ അറിഞ്ഞുകൊണ്ട് ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ പക്ഷത്തുനിന്ന് ഓരോരുത്തരായി രാജിവെച്ചു. തുടര്‍ന്ന് അദ്ദേഹത്തിനു മുന്നില്‍ രാജിയല്ലാതെ പോംവഴി ഇല്ലാതാകുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസിന്റെ പ്രതിച്ഛായ തകര്‍ത്തിരുന്നു. 2020 ജൂണിലാണ് സംഭവം. കൊവിഡ് മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാലത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ ബോറിസിന്റെ പിറന്നാള്‍ ആഘോഷിച്ചതാണ് ജനരോഷമുയര്‍ത്തിയത്. പാര്‍ട്ടി ഗേറ്റില്‍ ബോറിസ് ജോണ്‍സണ്‍ മാപ്പ് പറഞ്ഞെങ്കിലും അകത്തും പുറത്തും പ്രതിഷേധം ശമിച്ചില്ല. ബോറിസിന്റെ ഫ്‌ളാറ്റ് മോടി കൂട്ടുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണവും അദ്ദേഹത്തിന്റെ പതനം വേഗത്തിലാക്കി.

രൂപത്തില്‍ മാത്രമല്ല, നിലപാടുകളിലും നയങ്ങളിലും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പതിപ്പായിരുന്നു അലക്‌സാണ്ടര്‍ ബോറിസ് ഡെ ഫെഫല്‍ ജോണ്‍സണ്‍. ചീകിയൊതുക്കാത്ത മുടി, ആരെയും കൂസാത്ത ഭാവം, പ്രവചനം അസാധ്യമായ പെരുമാറ്റം, വിവാദങ്ങളുടെ തോഴന്‍. ബോറിസിനെ ബ്രിട്ടീഷ് ട്രംപെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ട്രംപിനെ യു എസ് പ്രസിഡന്റ് പദത്തിലെത്തിച്ചത് ഇറാന്‍വിരുദ്ധതയും കുടിയേറ്റത്തിനെതിരായ പ്രഖ്യാപനങ്ങളുമാണെങ്കില്‍ ബോറിസിന് വഴിയൊരുക്കിയത് ബ്രക്‌സിറ്റ് മാത്രമാണ്. യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരണമോ വേണ്ടയോ എന്നതായിരുന്നുവല്ലോ ചോദ്യം. ഹിതപരിശോധനയില്‍ നേരിയ വ്യത്യാസത്തില്‍ യെസ് പക്ഷം വിജയിച്ചു. നോ പക്ഷത്ത് നിലയുറപ്പിച്ച ഡേവിഡ് കാമറൂണ്‍ സ്ഥാനമൊഴിഞ്ഞു. ബ്രക്‌സിറ്റ് വക്താവായ തെരേസ മെയ് അധികാരമേറ്റു. പക്ഷേ, താന്‍ എന്തിനു വേണ്ടിയാണോ നിലകൊണ്ടത് അതേ വിഷയത്തില്‍ ഒറ്റപ്പെട്ട് തെരേസക്ക് പുറത്ത് പോകേണ്ടി വന്നു. അതിര്‍ത്തികള്‍ അടച്ച് താഴിടേണ്ടതാണെന്ന് നിരന്തരം പ്രചരിപ്പിച്ച് ജനങ്ങളുടെ വികാരത്തിന് തീ കൊളുത്തിയ തെരേസക്ക് അധികാരം കൈവന്നപ്പോള്‍ യാഥാര്‍ഥ്യം മനസ്സിലായി. എളുപ്പമല്ല കാര്യങ്ങള്‍. ഇ യുവില്‍ നിന്ന് വേര്‍പെടുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്. ഒടുവില്‍ തെരേസക്ക് പടിയിറങ്ങുകയല്ലാതെ വഴിയില്ലെന്ന് വന്നു. പിന്നെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ഉള്‍പ്പാര്‍ട്ടി മത്സരം തുടങ്ങി. ജെറമി ഹണ്ട് ആയിരുന്നു ബോറിസിന്റെ മുഖ്യ എതിരാളി. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് ലണ്ടന്‍ മേയര്‍ സ്ഥാനം പിടിച്ചെടുത്തതിന്റെ വീര പരിവേഷം ബോറിസിന് മേല്‍ക്കൈ നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ തീവ്ര നിലപാടുകള്‍ക്കും നല്ല സ്വീകാര്യത ലഭിച്ചു. മേയര്‍ സ്ഥാനത്ത് ഇരുന്നു കൊണ്ടാണ് ബ്രക്‌സിറ്റിനായി അദ്ദേഹം ഘോര ഘോരം വാദിച്ചത്. ബ്രക്‌സിറ്റ് ഹിതപരിശോധനയുടെ ഘട്ടത്തില്‍ താന്‍ ഉണ്ടാക്കിയ വൈകാരികതക്ക് തീ പകരേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ, പ്രധാനമന്ത്രിപദം കൈപ്പിടിയിലൊതുക്കാന്‍.

തീവ്ര ദേശീയ നിലപാടുകളുടെ ഉത്പന്നമായ ബ്രക്‌സിറ്റില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കാതെയാണ് ബോറിസ് ഇറങ്ങുന്നത്. കടുത്ത കുടിയേറ്റവിരുദ്ധതയെയും ഇസ്‌ലാമോഫോബിക് നയങ്ങളെയും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തള്ളിപ്പറയുകയാണ്. കാരണം, ഈ വിഭജന നിലപാടുമായി പോയാല്‍ വടക്കന്‍ അയര്‍ലാന്‍ഡിലും സ്‌കോട്ട്‌ലാന്‍ഡിലുമൊക്കെ നേരത്തേ തന്നെ ശക്തമായ വിഘടനവാദം കൂടുതല്‍ സജീവമാകും. ഗ്രേറ്റ് ബ്രിട്ടന്‍ തകരും. ഇത് തിരിച്ചറിയുന്നത് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി മാത്രമല്ല, ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൂടിയാണ്. അതുകൊണ്ട് ബോറിസിനെ അവര്‍ പുറത്താക്കിയിരിക്കുന്നു. ഇത് തന്നെയാണ് ശ്രീലങ്കയിലും നടക്കുന്നത്. രാജ്യം നിലനില്‍ക്കണമെങ്കില്‍ രാജപക്‌സെമാര്‍ രാജ്യം വിടണമെന്ന തീരുമാനത്തിലേക്ക് അവിടുത്തെ ജനങ്ങള്‍ എത്തിയിരിക്കുന്നു. ജനാധിപത്യത്തിലും മതേതരത്വത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ പതനങ്ങള്‍. ഇവരെല്ലാം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിശുദ്ധ സുഹൃത്തക്കളായിരുന്നുവെന്നത് യാദൃച്ഛികമല്ല.