Connect with us

cpi

സമ്മേളനങ്ങൾക്കായി സി പി ഐയും ഒരുങ്ങുന്നു

ഫെബ്രുവരിയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ

Published

|

Last Updated

കൊച്ചി | സി പി എമ്മിന്റെ സമ്മേളനങ്ങൾക്ക് പിന്നാലെ സി പി ഐയും സമ്മേളനങ്ങൾക്കായി ഒരുക്കം തുടങ്ങുന്നു. അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കാനാണ് ആലോചന. ഇക്കാര്യത്തിൽ ഈ മാസം 13ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രാഥമിക ചർച്ചകൾ നടത്തും. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ അടുത്ത വർഷം ഒക്ടോബർ 14 മുതൽ 18 വരെ പാർട്ടി കോൺഗ്രസ്സ് നടത്താൻ തീരുമാനിച്ചിരുന്നു. ഈ മാസം തുടങ്ങുന്ന പാർട്ടി ഫണ്ട് പിരിവും അതുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുടെ യോഗങ്ങൾക്കും ശേഷം ജനുവരിയോടെ അംഗത്വ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ നടത്താനാണ് ആലോചിക്കുന്നത്. ഇവ പൂർത്തീകരിച്ച ശേഷം ലോക്കൽ, മണ്ഡലം, ജില്ലാ സമ്മേളനങ്ങളും ആഗസ്റ്റിലോ സെപ്തംബറിലോ സംസ്ഥാന സമ്മേളനവും നടത്തുന്ന കാര്യമാണ് ചർച്ച ചെയ്യുക.

2020 ജനുവരിയിൽ തുടങ്ങേണ്ടിയിരുന്ന സി പി ഐ സമ്മേളന നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ ഈവർഷം മേയിൽ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാൽ, കൊവിഡ് അതിരൂക്ഷമായതിനാൽ അംഗത്വപ്രവർത്തനങ്ങൾ മേയിൽ തുടങ്ങാനായിരുന്നില്ല. സംസ്ഥാനത്ത് ഏതാണ്ട് എല്ലായിടങ്ങളിലും സി പി ഐക്ക് ഘടകങ്ങളുണ്ടെങ്കിലും തെക്കൻ മേഖലകളിലാണ് ശക്തികേന്ദ്രങ്ങളേറെയുമുള്ളത്. എന്നാൽ, മുമ്പത്തേക്കാളേറെ പാർട്ടിയിൽ ബ്രാഞ്ച് ലോക്കൽ കമ്മിറ്റികളുടെ എണ്ണം ഇക്കുറി വലിയ തോതിൽ കൂടുമെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ചിലയിടങ്ങളിൽ ബ്രാഞ്ച്, ലോക്കൽ ഘടകങ്ങൾ വിഭജിച്ച് പുതിയവയും രൂപവത്കരിക്കും. ബ്രാഞ്ച് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുള്ളവരിൽ ഇക്കുറി കൂടുതൽ പുതുമുഖങ്ങളെ എത്തിക്കാനുള്ള നയവും നേതൃത്വം ആലോചിക്കുന്നുണ്ട്. പ്രായാധിക്യം, മോശം ആരോഗ്യം എന്നിവ കാരണം പ്രവർത്തനത്തിൽ സജീവമല്ലാത്തവർ പാർട്ടിയിൽ ഏറെയുണ്ട്. ഇവരെയെല്ലാം ഭാരവാഹി സ്ഥാനത്തിൽ നിന്നുൾപ്പെടെ മാറ്റും. നിഷ്‌ക്രിയരായവരെയും ഒഴിവാക്കും.

സംസ്ഥാന കൗൺസിലും ജില്ല, മണ്ഡലം, ലോക്കൽ കമ്മിറ്റികളിലും പുതുമുഖങ്ങളുടെ എണ്ണം വർധിപ്പിക്കും. സംസ്ഥാനത്തെ ഏറ്റവുമുയർന്ന ഘടകമായ എക്‌സിക്യുട്ടീവിൽ കാര്യമായ അഴിച്ചുപണിയുണ്ടായേക്കില്ല. മന്ത്രിമാരിൽ ഒരാളെ മാത്രം സംസ്ഥാന എക്‌സിക്യുട്ടീവിൽ നിലനിർത്തി മറ്റുള്ളവരെ ഒഴിവാക്കുന്ന രീതിയാണ് സി പി ഐ പിന്തുടരുന്നത്.
അതേസമയം, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് പാർട്ടി മുൻതൂക്കം നൽകുമെന്ന സൂചനകളാണ് നേതൃത്വം നൽകുന്നത്. ദേശീയ എക്‌സിക്യൂട്ടീവിന്റെയും സംസ്ഥാന കൗൺസിലിന്റെയും തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ജില്ലകളിൽ വിളിച്ചുചേർത്ത യോഗങ്ങളിൽ സി പി എമ്മുമായുള്ള യോജിച്ച പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് നേതാക്കൾ
നിർദേശിച്ചത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest