Kerala
പേരാമ്പ്രയിലെ സംഘര്‍ഷം ആസൂത്രിതം; കേരളത്തിലുടനീളം കലാപത്തിന് കോണ്‍ഗ്രസ് ശ്രമം: എംവി ഗോവിന്ദന്‍
ശബരിമലയില്‍ സ്വര്‍ണം കവര്‍ന്നവരെയെല്ലാംനിയമത്തിന്റെ മുന്നില്‍കൊണ്ടുവരാനും ശിക്ഷിക്കാനും നഷ്ടപ്പെട്ടുപോയ സ്വര്‍ണം ഉള്‍പ്പെടെ തിരിച്ചെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന്‍

തിരുവനന്തപുരം | കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ബോംബുള്‍പ്പെടെ കൊണ്ടുപോയി പോലീസിനെ ആക്രമിച്ചു. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലുടനീളം കലാപം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആസൂത്രണം ചെയ്തതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ വലിയ ആഭ്യന്തരപ്രശ്‌നങ്ങള്‍ നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതും കെപിസിസി ജംബോ കമ്മിറ്റി അടക്കമുള്ള ആഭ്യന്തരസംഘര്‍ഷങ്ങളും ശക്തമായനിലയിലാണ്. ഇതില്‍ നിന്നും ജനശ്രദ്ധ മാറ്റാന്‍ കലാപങ്ങളും വര്‍ഗീയധ്രൂവീകരണങ്ങളും ഉണ്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫും മറ്റുവിഭാഗങ്ങളും നടത്തുന്നത്. പള്ളുരുത്തി സെയ്ന്റ് റീത്ത സ്‌കൂളിലെ പ്രശ്‌നം ഏതാണ്ട് പരിഹരിക്കപ്പെട്ടശേഷം അതിനെ വര്‍ഗീയവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ശബരിമലയില്‍ സ്വര്‍ണം കവര്‍ന്നവരെയെല്ലാംനിയമത്തിന്റെ മുന്നില്‍കൊണ്ടുവരാനും ശിക്ഷിക്കാനും നഷ്ടപ്പെട്ടുപോയ സ്വര്‍ണം ഉള്‍പ്പെടെ തിരിച്ചെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ ഒപ്പമാണ് സിപിഎമ്മും ഇടതുപക്ഷ മുന്നണിയും ഇടതുപക്ഷ സര്‍ക്കാരുകളും എല്ലാകാലത്തും നിലകൊണ്ടിട്ടുള്ളത്. അത് മതവര്‍ഗീയവാദികള്‍ക്കും യുഡിഎഫിനും ഇഷ്ടമാകുന്നില്ല എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. കുറ്റക്കാര്‍ ആരാണോ അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുകയും ശബരിമലയില്‍ നഷ്ടപ്പെട്ട് പോയ സ്വര്‍ണമുള്‍പ്പെടെ തിരിച്ചുപിടിക്കാനാകും വിധമാണ് സര്‍ക്കാര്‍ നടപടികള്‍ നീങ്ങുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.