Kerala
തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
ഏഴു വര്‍ഷങ്ങള്‍ കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.

തിരുവനന്തപുരം| ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍മാണം. സംസ്ഥാനത്ത് എല്ലായിടങ്ങളിലേക്കും സ്മാര്‍ട്ട് റോഡ് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണ വേളയിലെ കാലതാമസം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചിരുന്നു. എല്ലാം മറികടന്ന് ഏഴു വര്‍ഷങ്ങള്‍ കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
പേരില്‍ മാത്രമല്ല സ്മാര്‍ട്ട് വൈദ്യുതി ലൈന്‍ ഉള്‍പ്പടെ കേബിളുകള്‍ ഭൂമിക്കടയിലൂടെയാണ്. നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്ന കേബിള്‍ കൂട്ടമോ വൈദ്യുത പോസ്റ്റുകളോ ഇനി ഉണ്ടാവില്ല. രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് കാഴ്ച മറയ്ക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴി വയ്ക്കാറുണ്ട്. അതിന് പരിഹാരമായി സ്മാര്‍ട്ട് റോഡുകളില്‍ ആന്റി ഗ്ലെയര്‍ മീഡിയനുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കായി വീതിയുള്ള നടപ്പാതകളും സൈക്കിള്‍ യാത്രികര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പച്ചനിറത്തില്‍ അടയാളപ്പെടുത്തിയ സൈക്കിള്‍ ട്രാക്കുകളുമുണ്ട്.
സംസ്ഥാനത്തിന്റെ തലസ്ഥാന നഗരി ലോകമാകെ ശ്രദ്ധിക്കുന്ന നിലയിലേക്ക് സ്മാര്‍ട്ട് റോഡുകളുള്ള നഗരമായി മാറുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇന്നലെ സ്മാര്‍ട്ട് റോഡിലൂടെ നൈറ്റ് വാക്ക് നടത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.