Cover Story
ഇഷ്ടികച്ചൂളയിലെ അക്ഷരക്കനല്‍
ഇഷ്ടികച്ചൂളയിലെ ചിമ്മിനികളില്‍ നിന്നുയരുന്ന വെളുത്ത പുകയോടൊപ്പം കുഞ്ഞുങ്ങളുയര്‍ത്തുന്ന അക്ഷരങ്ങളുടെ ശബ്ദവും പുറത്തേക്ക് വരുന്നു.

സമയം ഉച്ചതിരിഞ്ഞ് മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. ഉച്ചവെയില്‍ മെല്ലെ മാഞ്ഞുതുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ ബിഹാറിലെ സാസറാം പട്ടണത്തിലെ ഇഷ്ടിക നിര്‍മാണശാലകളിലൊന്നില്‍ തണല്‍മരത്തിന് ചുവട്ടിലെ വെളുത്ത ബോര്‍ഡിന് ചുറ്റം വിരിച്ച കറുത്ത ഷീറ്റില്‍ പല പ്രായത്തിലുള്ള കുട്ടികള്‍ ഒന്നിച്ചിരിക്കുന്നു. അധ്യാപകര്‍ പറഞ്ഞുകൊടുക്കുന്ന അക്ഷരങ്ങള്‍ കുട്ടികള്‍ ഉറക്കെ ഏറ്റുപറയുന്നു. ഇഷ്ടികച്ചൂളയിലെ ചിമ്മിനികളില്‍ നിന്നുയരുന്ന വെളുത്ത പുകയോടൊപ്പം കുഞ്ഞുങ്ങളുയര്‍ത്തുന്ന അക്ഷരങ്ങളുടെ ശബ്ദവും പുറത്തേക്ക് വരുന്നു. പൊടിപടലങ്ങള്‍ നിറഞ്ഞ ഇഷ്ടികച്ചൂളകളിലെ സ്‌കൂളുകളിലൊന്നാണിത്.
ഇഷ്ടികച്ചൂളകളില്‍ ബാലവേലക്ക് ഇരകളാക്കപ്പെട്ട കുഞ്ഞുങ്ങളെ പിടിച്ചിരുത്തി അക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ തീരുമാനിച്ച അന്‍ഷു ജെയ്‌സ്വാള്‍ എന്ന ചെറുപ്പക്കാരന്റെ സാമൂഹിക പോരാട്ടത്തിന്റെ കഥ. ഇഷ്ടികകള്‍ക്ക് വേണ്ടി കളിമണ്ണ് കുഴച്ചിരുന്ന കുഞ്ഞുങ്ങളെ പിടിച്ചിരുത്തി അവരുടെ കൈകളിലേക്ക് സ്ലേറ്റും പെന്‍സിലും കൊടുത്ത് ആകാശത്തിന് ചുവട്ടില്‍ ക്ലാസ്സ്്മുറികളോ മതിൽക്കെട്ടുകളോയില്ലാത്ത സ്‌കൂള്‍ രൂപപ്പെടുത്തിയതിന്റെ നേര്‍ചിത്രം. നീവ് കി ഈന്റ്ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന രൂപവത്കരിച്ചാണ് അന്‍ഷു ജെയ്‌സ്വാള്‍ ഇഷ്ടിക നിര്‍മാണശാലകളിലെ കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇഷ്ടികച്ചൂളകള്‍ക്ക് അകത്ത് തന്നെ അക്ഷര ലേണിംഗ് സെന്ററുകള്‍ സ്ഥാപിച്ച് അക്ഷരങ്ങളും ഗണിതവും ഹിന്ദിയും പഠിപ്പിക്കുന്നു. ഇപ്പോള്‍ ഇഷ്ടികപ്പൊടിയില്‍ പേരുകള്‍ മാത്രം എഴുതിയിരുന്നവര്‍ അവരുടെ ഭാവി എഴുതാന്‍ പഠിക്കുന്നു.
ഇഷ്ടികച്ചൂളയില്‍ നിന്നുയരുന്ന പൊടി പത്ത് വയസ്സുകാരി ചാന്ദ്‌നിയുടെ ചെറിയ നാസദ്വാരങ്ങളിലേക്ക് കടക്കുമ്പോള്‍ അവള്‍ ചുമയ്ക്കുന്നു. സാസറാമിലെ അക്ഷര ലേണിംഗ് സെന്ററിലെ പഠിതാക്കളില്‍ ഒരാളാണ് ചാന്ദ്‌നി. ഇപ്പോള്‍ നിറയെ സ്വപ്നങ്ങളുള്ള പെണ്‍കുട്ടിയാണ്.
നേരത്തെ ഇഷ്ടികനിര്‍മാണശാലയില്‍ മതാപിതാക്കളോടൊപ്പം തൊഴിലെടുത്തപ്പോള്‍ അവള്‍ ആ രൂക്ഷമായ വായുവും പൊടിപടലങ്ങളും ശ്രദ്ധിച്ചുകാണില്ല. എന്നാല്‍ ഇപ്പോള്‍, ചൂളയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം സ്‌കൂളില്‍ ചെലവഴിക്കുന്നതിനാല്‍ പൊടി ഉയരുമ്പോള്‍ അവള്‍ക്ക് ചുമ വരുന്നു. തനിക്ക് എപ്പോഴും പഠിക്കാനും കളിക്കാനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഇഷ്ടികകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ നമ്മള്‍ പട്ടിണി കിടക്കേണ്ടിവരുമെന്ന് അമ്മ പറയുമ്പോള്‍ പണിക്ക് പോകാതിരിക്കാനായില്ലെന്ന് ചാന്ദ്‌നി പറയുന്നു.
സമാനമായ കഥകളാണ് അവിടെയുള്ള എല്ലാവര്‍ക്കും പറയാനുള്ളത്. ഇവിടെയുള്ള കുടുംബങ്ങള്‍ ഒന്നിച്ച് ശൈത്യകാലത്തും കൊടും ചൂടിലും ഒരു ദിവസം 12-15 മണിക്കൂര്‍ ജോലി ചെയ്യുന്നവരാണെന്ന് നീവ് കി ഈന്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ന്യായമായ വേതനം നിഷേധിക്കപ്പെടുന്നു. അഞ്ച് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ പോലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും അവര്‍ ഇഷ്ടിക ചുമക്കുകയും കളിമണ്ണ് വാര്‍ത്ത് നല്‍കുകയും ചെയ്യുന്നുവെന്നും നീവ് കി ഈന്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
പദ്ധതികളില്‍ നിന്ന് പുറത്ത്
കൊവിഡ് കാലത്ത് ലോക്ക് ഡൗണ്‍ മൂലമുണ്ടായ തൊഴില്‍ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് അന്‍ഷു ജയ്‌സ്വാള്‍ ഇഷ്ടിക നിര്‍മാണശാലകളിലെ തൊഴില്‍ പ്രതിസന്ധിയെക്കുറിച്ച് ശ്രദ്ധിച്ചത്. കുടിയേറ്റക്കാരുടെ ദുരവസ്ഥ മനസ്സിലാക്കാനായി അന്‍ഷു ഇഷ്ടിക നിര്‍മാണശാലകളിലേക്ക് കടന്നുചെല്ലുകയും അവിടെ തൊഴിലെടുക്കുകയും ചെയ്തു. അവിടെ നടക്കുന്ന കാര്യങ്ങളിലെ അനീതി നേരിട്ട് ബോധ്യമായി. മാതാപിതാക്കള്‍ക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിന് വേണ്ടി കുഞ്ഞുങ്ങളുടെ ബാല്യകാലം വില്‍ക്കേണ്ട സ്ഥിതി വിശേഷമുണ്ടെന്ന കാര്യം അന്‍ഷുവിനെ അസ്വസ്ഥപ്പെടുത്തി. അവിടെ നിന്നാണ്് നീവ് കി ഈന്റ് ഫൗണ്ടേഷനിലൂടെ അന്‍ഷു ഈ കുട്ടികളെ അവരുടെ ബാല്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
ബിഹാറിലെ ഇഷ്ടികശാലകളില്‍ പണിയെടുക്കുന്നതില്‍ ഭൂരിഭാഗവും ദളിത് വിഭാഗമായ മുസഹര്‍ സമുദായത്തില്‍ പെട്ടവരാണ്. ജാതി വ്യവസ്ഥ നിര്‍ത്തലാക്കപ്പെട്ടെങ്കിലും ഇപ്പോഴും അരികുവത്കരിക്കപ്പെട്ടവരായി ജീവിക്കുന്നവരാണിവര്‍. ഇത്തരം ഇഷ്ടിക നിര്‍മാണ ശാലകളിലെ പല തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡുകളോ, റേഷന്‍ കാര്‍ഡുകളോ, വോട്ടര്‍ ഐഡികളോയില്ല. അതിനാല്‍ അവര്‍ സര്‍ക്കാര്‍ രേഖകളില്‍ അദൃശ്യമാവുകയും സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. പൊതുവിദ്യാലയങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇവിടെ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നുമില്ല.
സാമൂഹികാവസ്ഥയില്‍ പിന്നാക്കം നില്‍ക്കുന്ന ഇത്തരം ആളുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോ പുറത്ത് നിന്നുള്ളവരോ എത്തുന്നില്ല. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കുന്നതില്‍ ഇഷ്ടിക നിര്‍മാണശാലകളുടെ മുതലാളിമാര്‍ക്ക് താത്പര്യവുമില്ല. ഓരോ ഇഷ്ടികയുടെ നിര്‍മാണത്തിന് പിന്നിലും അവകാശങ്ങളോ അവസരങ്ങളോ ഇല്ലാതെ ജീവിക്കുന്ന ഒരു കുട്ടിയുടേയും കുടുംബത്തിന്റേയും കഠിനാധ്വാനത്തിന്റെ കഥയുണ്ടെന്ന് അന്‍ഷു പറയുന്നു. 2023 ല്‍ ഫൗണ്ടേഷന്‍ ആരംഭിച്ചപ്പോള്‍ കുട്ടികളെ ഈ ദുരിതത്തില്‍ നിന്ന് രക്ഷിക്കാനാണ് അന്‍ഷു ആഗ്രഹിച്ചത്.
ബിഹാറിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് നീവ് കി ഈന്റ് ഫൗണ്ടേഷന്‍ പരിശീലനം നല്‍കി തയ്യാറാക്കിയ സ്വാഭിമാന്‍ ഫെല്ലോസ് യുവാക്കളുടെ കുട്ടായ്മയാണ് അക്ഷര ലേണിംഗ് സെന്ററുകളിൽ പഠിപ്പിക്കുന്നത്. ഇവര്‍ ഓരോ ഇഷ്ടിക കേന്ദ്രങ്ങളിലേയും അക്ഷര സെന്ററുകളിൽ കുട്ടികളെ പഠിപ്പിക്കുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള കുട്ടികള്‍ക്ക് കരിയര്‍ മാർഗനിർദേശവും നൈപുണ്യ വികസന പിന്തുണയും നല്‍കുന്നുണ്ടെന്ന് സ്വാഭിമാന്‍ ഫെല്ലോസിലെ യുവാക്കള്‍ പറയുന്നു. ഇത്തരം മാര്‍ഗനിര്‍ദേശം നല്‍കുന്നത് കാരണം തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനും ഇഷ്ടികച്ചൂളകള്‍ക്കപ്പുറമുള്ള തൊഴിലുകള്‍ പിന്തുടരാനുള്ള ശേഷിയും ലഭിക്കുന്നുവെന്നും അക്ഷര ലേണിംഗ് സെന്ററിലെ അധ്യാപകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം, 400ലധികം കുട്ടികളെ അക്ഷര ലേണിംഗ് സെന്ററില്‍ എത്തിച്ചിട്ടുണ്ട്. 250 ലധികം കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകളും സാമൂഹിക സുരക്ഷാ പദ്ധതികളും നല്‍കാനായെന്നും നീവ് കി ഈന്റ്ഫൗണ്ടേഷന്‍ പറയുന്നു. തങ്ങളുടെ കുട്ടികള്‍ ശരിയായ രീതിയില്‍ ഗണിതം പഠിക്കാന്‍ തുടങ്ങുകയും അക്ഷരങ്ങള്‍ എഴുതാന്‍ പഠിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് അവര്‍ വ്യക്തമാക്കി. ഈ സംവിധാനം പൊതു സ്‌കൂള്‍ സംവിധാനത്തിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒന്നല്ല. മറിച്ച് അതുമായി സംയോജിപ്പിക്കുന്നതിനാണ് ഈ കേന്ദ്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ അവസരങ്ങള്‍ പൂർണമായും നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കായി അടിസ്ഥാന സാക്ഷരത, എണ്ണൽ സഖ്യ എന്നിവയിൽ ഊന്നൽ നൽകിയാണ് നീവ് കി ഈന്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.
പൊതു സ്‌കൂളുകളില്‍ പ്രവേശനം നല്‍കുന്നതിനോ വീണ്ടും ചേരുന്നതിനോ കുട്ടികളെ സജ്ജമാക്കുക എന്നതാണ് ഫൗണ്ടേഷന്‍ സാക്ഷരതാ കേന്ദ്രങ്ങളുടെ ലക്ഷ്യം. ഗണിതവും ഹിന്ദിയുമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി ടീച്ച് ഫോര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടന ഇന്‍കുബേഷന്‍ പ്രോഗ്രാം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇഷ്ടികച്ചിമ്മിനികളുടെ പുകക്കുഴലുകള്‍ക്ക് പിന്നില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍, നിലത്ത് നീണ്ട നിഴലുകള്‍ രൂപപ്പെടുമ്പോള്‍ തുറന്ന ആകാശത്തിന് കീഴില്‍ അന്‍ഷു ജയ്‌സ്വാള്‍ എന്ന ചെറുപ്പക്കാരന്‍ ഒരു നിശബ്ദ വിപ്ലവം തീര്‍ക്കുന്നതായി തോന്നി.
കളിമണ്‍ കൂനകള്‍ക്കിടയില്‍ കിടന്ന് അധ്വാനിക്കുകയും ബാല്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കുഞ്ഞുങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റിയിരിക്കുന്നു. അവര്‍ ഉയര്‍ന്നുവന്ന് രാജ്യത്തിന്റെ അഭിമാനുമുള്ള സ്വത്തുക്കളായി മാറും. തിളക്കമുള്ളതും ആഴത്തിലുള്ളതുമായ പരിവര്‍ത്തനം നടത്താന്‍ വിദ്യാഭ്യാസത്തിന് കഴിയും. ഒരാള്‍ ഒറ്റക്ക് വിചാരിച്ചാല്‍ ഈ സാമൂഹിക ക്രമത്തെ ചെറുതായ രീതിയിലെങ്കിലും എങ്ങനെ മാറ്റിമറിക്കാനാകുമെന്ന് അന്‍ഷു ജയ്‌സ്വാള്‍ കാണിച്ചുതരുന്നു. അക്ഷരങ്ങള്‍ പഠിച്ച് ഇഷ്ടിക ശാലകളിലെ മരച്ചുവട്ടില്‍ നിന്ന് കുട്ടികള്‍ കുടിലുകളിലേക്ക് നീങ്ങി. സൂര്യന്‍ പുതിയൊരു പ്രഭാതത്തിനായി മെല്ലെ മറഞ്ഞു.
.