Ongoing News
വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നു; പ്രത്യേക ക്ഷണിതാവായി എം എ യൂസഫലിയും
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

അബൂദബി/മക്ക | മക്കയിലെ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇരു ഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ്, ഉന്നത ഉദ്യോഗസ്ഥര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു.
പനിനീര്‍ കലര്‍ത്തിയ വിശുദ്ധ സംസം ജലം ഉപയോഗിച്ചാണ് കഅ്ബയുടെ അകവും പുറവും കഴുകിയത്. തുടര്‍ന്ന് മുന്തിയ ഊദ് എണ്ണയും റോസ് ഓയിലും മറ്റും ഉപയോഗിച്ച് കഅ്ബാലയത്തില്‍ സുഗന്ധം പൂശുകയും ചെയ്തു.
സഊദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്തു. പരിശുദ്ധ മക്കയിലെ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും ഈ ക്ഷണത്തിന് സഊദി ഭരണാധികാരികളോട് നന്ദി പ്രകടിപ്പിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
എല്ലാ വര്‍ഷവും മുഹര്‍റം 15നാണ് കഅ്ബ കഴുകല്‍ ചടങ്ങ് നടത്തുന്നത്.