Connect with us

National

ഇന്ത്യയുടെ വാനമ്പാടി ഇനി ഓര്‍മ

ചെങ്കദളി എന്ന ഒരൊറ്റ ഗാനം മതി ആ ശബ്ദം മലയാളികളുടെ ഹൃദയത്തില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞുകഴിഞ്ഞു എന്നറിയാന്‍

Published

|

Last Updated

മുംബൈ |  പ്രായം തളര്‍ത്താത്ത മധുരശബ്ദത്തിനുടമയും ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസവുമായിരുന്നു അന്തരിച്ച ലതാ മങ്കേഷ്‌കര്‍. കദളി.. ചെങ്കദളി എന്ന ഒരൊറ്റ ഗാനം മതി ആ ശബ്ദം മലയാളികളുടെ ഹൃദയത്തില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞുകഴിഞ്ഞു എന്നറിയാന്‍. മേരാ ദില്‍ തോഡാ, ഏക് പ്യാര്‍ കാ, കുഛ് നാ കഹോ, തും ന ജാനേ, ലഗ് ജാ ഗലേ, തൂ ജഹാം ജഹാം ചലേഗേ തുടങ്ങി ലതാ മങ്കേഷ്‌കറുടെ സ്വരമാധുരിയിലൂടെ പിറന്ന ഗാനങ്ങള്‍ നിരവധിയാണ്

പിതാവില്‍ നിന്നാണ് ലതാ മങ്കേഷ്‌കര്‍ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോളായിരുന്നു അച്ഛന്റെ മരണം

കുടുംബം പുലര്‍ത്താനാണ് ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. പിന്നാലെ പിന്നണി ഗാന രംഗത്തേക്ക് എത്തി.1942 ല്‍ ‘കിടി ഹസാല്‍’ എന്ന മറാത്തി ചിത്രത്തില്‍ ‘നാചു യാ ഗാഥേ’, ‘ഖേലു നാ മണി ഹാസ് ബാരി’ എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്

അതേവര്‍ഷം തന്നെ പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943 ലെ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂവാണ് ആദ്യ ഹിന്ദി ഗാനം. 1948ല്‍ മജ്ബൂര്‍ എന്ന ചിത്രത്തിന് വേണ്ടി ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനം ലതാ മങ്കേഷ്‌കറെ പ്രശസ്തിയില്‍ എത്തിച്ചു.

ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറും പെടുന്നു. എട്ട് പതിറ്റാണ്ടുകളായി സംഗീതലോകത്തുണ്ട് ഇതിഹാസ ഗായിക ലത മങ്കേഷ്‌കര്‍. ബോളിവുഡില്‍ മാത്രം ആയിരത്തോളം സിനിമകളില്‍ പാടിയിട്ടുണ്ട്

 

---- facebook comment plugin here -----

Latest