Kerala
പ്രകീര്‍ത്തനാരവങ്ങള്‍ക്ക് തുടക്കം; സ്വപ്ന നഗരിയിലേക്കൊഴുകി നബിസ്‌നേഹികള്‍
പ്രവാചകന്‍ മുഹമ്മദ് നബിയെ കൂടുതല്‍ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീര്‍ത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം.

കോഴിക്കോട് | ‘തിരു വസന്തം 1500’ എന്ന പ്രമേയത്തില്‍ മര്‍കസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് പ്രൗഢ തുടക്കം. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് രചിച്ച അര്‍റൗളുല്‍ മൗറൂദ് ഫീ മൗലിദി സയ്യിദില്‍ വുജൂദ് എന്ന മൗലിദ് പാരായണത്തോടെയാണ് വേദിയുണര്‍ന്നത്. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജാമിഉല്‍ ഫുതൂഹ് ഇമാം ഖാരിഅ ഹാഫിള് ശമീര്‍ അസ്ഹരി ഖിറാഅത്ത് നടത്തി. മര്‍കസ് ഡയറക്ടര്‍ സിപി ഉബൈദുല്ല സഖാഫി സ്വാഗത പ്രഭാഷണം നടത്തി.
പ്രവാചകന്‍ മുഹമ്മദ് നബിയെ കൂടുതല്‍ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീര്‍ത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ഒമാന്‍, കുവൈത്ത്, തുര്‍ക്കി, യമന്‍, സിറിയ, ബഹ്റൈന്‍, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങളും സാമൂഹിക-സാംസ്‌കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത അറബ് ഗായക സംഘമായ അല്‍ ഹുബ്ബ് ഗ്രൂപ്പിന്റെ നബികീര്‍ത്തന സദസ്സും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാണ്. നബി ദര്‍ശനങ്ങളും അധ്യാപനങ്ങളും കൂടുതല്‍ പ്രസക്തിയാര്‍ജിക്കുന്ന സമകാലികാന്തരീക്ഷത്തില്‍ അവ കൂടുതല്‍ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ലക്ഷ്യം .
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പൊലിമയും വൈവിധ്യവും നിറഞ്ഞുനില്‍ക്കുന്ന ആസ്വാദന സദസ്സ് 7 മണിക്ക് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ കീര്‍ത്തന സദസ്സുകളും പ്രഭാഷണങ്ങളുമായി രാത്രി 10 വരെ സമ്മേളനം തുടരും.