Connect with us

Kerala

കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് മയക്കുവെടി വെക്കും

നടപടി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് മയക്കുവെടി വെക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പ് ആനയെ പിടികൂടാന്‍ ഒരുങ്ങുന്നത്. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കുട്ടിയാന നിരവധി ആളുകളെ ആക്രമിക്കുകയും സ്ഥലത്ത് വലിയ കൃഷിനാശവും ഉണ്ടാക്കിയിരുന്നു. ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളിലാണ് ആന ഭീതി സൃഷ്ടിച്ചത്. തള്ളയാന ചെരിഞ്ഞതോടെ ഒറ്റപ്പെട്ട കുട്ടിയാനയാണ് കുറ്റ്യാടിയിലെ ജനവാസ മേഖലയില്‍ എത്തിയത്.

തങ്ങള്‍ക്ക് ഭീഷണിയായ ആനയെ പിടികൂടാന്‍ വനം വകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ആനയെ മയക്കുവെടിവെക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ടുദിവസം ജനവാസ മേഖലയില്‍ തന്നെ കാട്ടാന തമ്പടിച്ചിട്ടും ഇതിനെ പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ വയനാട് കുറ്റ്യാടി റോഡ് ഉപരോധിച്ചു.

തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കുമെന്ന് ഉറപ്പ് നല്‍കി. ഇതോടെ നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറി. വെറ്റിനററി ഡോക്ടര്‍ ഇന്ന് സ്ഥലത്തെത്തും. ആനയെ നിരീക്ഷിച്ച് ആരോഗ്യം പരിശോധിച്ച ശേഷമായിരിക്കും മയക്കു വെടിവയ്ക്കുക. ആര്‍ആര്‍ടി സംഘം കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്.

 

 

Latest