Connect with us

cover story

മാനവികതയുടെ അരങ്ങ്, ആർദ്രതയുടേയും...

യോൻ ഫോസേയുടെ രചനകൾ ആത്യന്തികമായി മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഭാവതലങ്ങളെ അഗാധമായ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്നവയാണ്. നിശബ്ദമാക്കപ്പെടുന്ന സത്യങ്ങളെ അവ നിർഭയം വെളിപ്പെടുത്തുന്നു. മനുഷ്യന്റെ വികാരവിചാരങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ആഖ്യാനരീതി ഫോസേയുടെ രചനകളുടെ പ്രധാന സവിശേഷതയാണ്. ജീവിതത്തെ സംബന്ധിച്ച മനുഷ്യന്റെ ആകുലതകളും ആശങ്കകളുമാണ് അവയിൽ നിർധാരണം ചെയ്യപ്പെടുന്നത്.

Published

|

Last Updated

“എഴുത്തിന്റെ ലോകത്തെത്തി വർഷങ്ങൾ ഏറെ കഴിഞ്ഞാണ് എനിക്ക് ആദ്യത്തെ പുരസ്‌കാരം ലഭിച്ചത്. അതിന്റെ അറിയിപ്പ് ഫോണിൽ കേട്ട സമയം എന്റെ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നു. നോർവേയിൽ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരങ്ങളിൽ ഒന്നായിരുന്നു അത്. അതിനു ശേഷം ഒട്ടേറെ പുരസ്‌കാരങ്ങൾ എന്നെ തേടിയെത്തിയിട്ടുണ്ട്. ഓരോന്നും എന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു. എന്റെ ഇത്രയും കാലത്തെ ജീവിതം വൃഥാവിലായില്ല എന്നാണ് അവ വിളിച്ചുപറയുന്നത്. ഒരാൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഏതെങ്കിലും വിധത്തിൽ അവ കുറച്ചെങ്കിലും ഉപകാരപ്പെട്ടിരിക്കും… ചുരുങ്ങിയ പക്ഷം എനിക്ക് അങ്ങനെ വിശ്വസിക്കുകയെങ്കിലും ചെയ്യാമല്ലോ…’

ഏതാനും വർഷങ്ങൾക്കു മുൻപ് ഒരഭിമുഖത്തിൽ അവാർഡുകളെക്കുറിച്ചുള്ള ചോദ്യത്തിന് യോൻ ഫോസേ പറഞ്ഞ വാക്കുകളാണിത്. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരലബ്ധിയുടെ നിറവിൽ നിൽക്കുമ്പോഴും തന്റെ ഈ വിശ്വാസത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്. ഇത്രയും കാലത്തെ തന്റെ എഴുത്തുകൊണ്ട് സമൂഹത്തിൽ ചെറിയൊരു ചലനമെങ്കിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒരെഴുത്തുകാരനെന്ന നിലയിൽ തന്റെ ജീവിതം സഫലമായെന്ന് ആഹ്ലാദത്തോടെ വെളിപ്പെടുത്തുന്നു ഫോസേ.

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ യോൻ ഫോസേ (Jon Fosse) നോർവേയിലെ വിഖ്യാതനായ നാടകകൃത്താണ്. ഇബ്‌സനു ശേഷം നോർവീജിയൻ നാടകത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയ പ്രതിഭയാണ് അദ്ദേഹം. നൊബേൽ പ്രൈസ് നേടുന്ന നാലാമത്തെ നോർവീജിയൻ എഴുത്തുകാരനായ ഫോസേ നാൽപ്പതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള അനേകം അരങ്ങുകളിലൂടെ അവ ഇപ്പോഴും സഹൃദയർ ആസ്വദിക്കുന്നു.

ബഹുമുഖ പ്രതിഭയായ എഴുത്തുകാരനാണ് യോൻ ഫോസേ. നാടകകൃത്ത് എന്ന നിലയിലാണ് അദ്ദേഹം രാജ്യാന്തര തലത്തിൽ പ്രശസ്തനായതെങ്കിലും നിരവധി നോവലുകളും ചെറുകഥകളും ബാലസാഹിത്യ രചനകളും കവിതകളും ലേഖനങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽനിന്നും പിറവിയെടുത്തിട്ടുണ്ട്. രചനകൾ അൻപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നൊബേൽ പുരസ്‌കാരത്തിനു പുറമെ നിരവധി ദേശീയ ബഹുമതികൾ ഈ എഴുത്തുകാരനെ തേടിയെത്തിയിട്ടുണ്ട്. ബുക്കർ പ്രൈസിന്റെയും നൊബേൽ പുരസ്കാരത്തിന്റെയും ചുരുക്കപ്പട്ടികയിൽ മുന്പ് അദ്ദേഹം സ്ഥാനം പിടിച്ചിട്ടുമുണ്ട്. സഹൃദയലോകം ആധുനിക ഇബ്‌സൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

1959 സെപ്തംബർ 29 ന് നോർവേയുടെ പടിഞ്ഞാറൻ തീരത്തെ ഒരു പട്ടണമായ ഹോഗസ്ഹണ്ടിൽ യോൻ ഫോസേ ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യ പുസ്തകം 1988 ൽ പ്രസിദ്ധീകരിച്ച Red, Black എന്ന നോവലാണ്. The Other Name (2019), I Is Another (2020), A New Name (2021) എന്നീ പേരുകളിൽ മൂന്ന് വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച, ഏഴ് ഭാഗങ്ങളുള്ള ആത്മകഥാംശമുള്ള Septology എന്ന ബൃഹദ് രചനയാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസായി കണക്കാക്കുന്നത്. നോവലിലൂടെയാണ് ഫോസേ അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചതെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്നും കരകയറാനുള്ള ഉപധിയായി അദ്ദേഹം നാടകങ്ങൾ എഴുതാൻ നിർബന്ധിതനാവുകയായിരുന്നു. ആശങ്കയോടെയാണ് ആ മേഖലയിലേക്ക് പ്രവേശിച്ചതെങ്കിലും അധികം താമസിയാതെ നാടകം തന്നെയാണ് തന്റെ പ്രധാന തട്ടകമെന്ന് അദ്ദേഹം തിരിച്ചറിയുകയാണുണ്ടായത്. 1992 ൽ വന്ന Someone is Going to Come Home എന്ന നാടകം ഫോസേയുടെ എഴുത്തുജീവിതത്തിലെ വഴിത്തിരിവായിത്തീർന്നു. Boat House, Closed Guitar, And We’ll Never Be Parted, Mother and Child, The Son, Dream of Autumn, Sleep My Baby Sleep, I am the Wind, A Shining, Scenes from a Childhood, Aliss At The Fire എന്നിവ ഈ എഴുത്തുകാരന്റെ ഏറെ പ്രശംസിക്കപ്പെട്ട രചനകളാണ്.

യോൻ ഫോസേയുടെ രചനകൾ ആത്യന്തികമായി മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഭാവതലങ്ങളെ അഗാധമായ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്നവയാണ്. നിശബ്ദമാക്കപ്പെടുന്ന സത്യങ്ങളെ അവ നിർഭയം വെളിപ്പെടുത്തുന്നു. മനുഷ്യന്റെ വികാരവിചാരങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ആഖ്യാനരീതി ഫോസേയുടെ രചനകളുടെ പ്രധാന സവിശേഷതയാണ്. ജീവിതത്തെ സംബന്ധിച്ച മനുഷ്യന്റെ ആകുലതകളും ആശങ്കകളുമാണ് അവയിൽ നിർധാരണം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ നാടകങ്ങളിൽ നാടകീയത അശേഷമില്ല. നേരെമറിച്ച് പച്ചയായ ജീവിതാവിഷ്കാരമാണ് അവ നിർവഹിക്കുന്നത്. ഇന്ന് ലോകത്തിന് കൈമോശം വന്നുകൊണ്ടിരിക്കുന്ന മാനവികതയെക്കുറിച്ചാണ് താൻ എഴുതുന്നതെന്നും അതുകൊണ്ടുതന്നെ തന്റെ രചനകളിൽ സുശക്തമായൊരു പ്ലോട്ടോ, കഥാപാത്രങ്ങളുടെ പാരമ്പരാഗത രീതിയിലുള്ള ചിത്രീകരണമോ പ്രതീക്ഷിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അസംബന്ധ നാടകങ്ങളുടെ ആചാര്യന്മാരിൽ ഒരാളായ സാമുവൽ ബെക്കറ്റിനോടാണ് അദ്ദേഹം തന്നെ ഉപമിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. നാടകരചനയിൽ അദ്ദേഹം പിന്തുടരുന്ന പുതുമയാർന്ന പരീക്ഷണങ്ങൾ ഈ ഉപമയിൽ കഴമ്പുണ്ടെന്ന സന്ദേശമാണ് വായനക്കാർക്ക് നൽകുന്നത്.

ബാല്യകാലത്തെ കുറിച്ച് ഫോസേ പറയുന്നത് അത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമായിരുന്നു എന്നാണ്. ഏഴാമത്തെ വയസ്സിൽ സംഭവിച്ച അപകടത്തിൽ മരണത്തെ മുഖാമുഖം കണ്ട താൻ ജീവിതത്തിലേക്ക് തിരിച്ചുകയറിയത് അദ്ഭുതമാണെന്ന് അദ്ദേഹം കരുതുന്നു. ഈ സംഭവത്തെക്കുറിച്ച് ഫോസേയുടെ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്ന ഓർമകളാണ് ആദ്യകാല രചനകളിൽ ബാല്യകാലം ഇത്ര അവിസ്മരണീയമായി ചിത്രീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

നൊബേൽ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ പല തവണ സ്ഥാനം നേടിയിട്ടുള്ള എഴുത്തുകാരനാണ് യോൻ ഫോസേ. തന്റെ പുരസ്കാര ലബ്ധിയെക്കുറിച്ച് അദ്ദേഹം പറയുന്നത് നോക്കൂ. “ഗ്രാമവീഥിയിലൂടെ കാറോടിക്കുമ്പോഴാണ് നൊബേൽ കമ്മിറ്റിയിൽനിന്നും എന്നെ വിളിക്കുന്നത്. ഈ വർഷത്തെ പുരസ്കാരം എനിക്കാണെന്ന് അറിഞ്ഞപ്പോൾ ഞാൻ അമ്പരന്നു പോയി. സത്യത്തിൽ ഒന്നു പരിഭ്രമിക്കുക പോലും ചെയ്തു. കഴിഞ്ഞ പത്ത് വർഷമായി നൊബേൽ പ്രൈസുമായി ബന്ധപ്പെട്ട് എന്റെ പേര് പരാമർശിക്കാറുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴെങ്കിലും എനിക്ക് ഈ പുരസ്‌കാരം ലഭിക്കുമെന്ന മാനസികമായൊരു തയ്യാറെടുപ്പും ഞാൻ നടത്തിയിരുന്നു. എങ്കിലും ഈ വാർത്ത അറിഞ്ഞപ്പോൾ ഞാനാകെ തരിച്ചു പോയി…’

നോർവീജിയൻ ഭാഷയുടെ രണ്ട് ഔദ്യോഗിക ഭേദങ്ങളിൽ വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്ന നൈനോർസ്‌കിലാണ് ഫോസെ എഴുതുന്നത്. അതുകൊണ്ടുതന്നെ തന്റെ ഈ പുരസ്കാരലബ്ധി ഈ ഭാഷക്കുള്ള അംഗീകാരമായാണ് അദ്ദേഹം കരുതുന്നത്. ഇതിന്റെ വളർച്ചയ്ക്കും വികാസത്തിനും ഈ അംഗീകാരം ഒരു നിമിത്തമാകുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെക്കുന്നു.

Latest