Connect with us

Health

ജാഗ്രതൈ; ചൂടും പ്രമേഹത്തെ ബാധിക്കും‌

സൂര്യതാപം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകും എന്നത് പലര്‍ക്കും പുതിയ അറിവാണ്.

Published

|

Last Updated

ഗ്ലൂക്കോസ് കൂടുതലുള്ള ഭക്ഷണമോ പാനീയമോ ഉപയോഗിക്കാതെ തന്നെ പ്രമേഹ
സാദ്ധ്യതയെക്കുറിച്ച് യു.കെയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.നാട്ടി‍ല്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പ്രമേഹമുള്ള ആളുകൾ അത്രയൊന്നും‌ അറിയപ്പെടാത്ത ഈ അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

ഭക്ഷണം, സമ്മർദ്ദം എന്നിവയിലൂടെയും‌ ചില അസുഖങ്ങള്‍ കാരണവും‌ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ വ്യത്യാസം വരുന്നതിനെക്കുറിച്ച് പലരും ബോധവാന്മാരാണെങ്കിലും, സൂര്യതാപം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകും എന്നത് പലര്‍ക്കും പുതിയ അറിവാണ്.

സൂര്യതാപം ശരീരത്തില്‍ ചെലുത്തുന്ന സമ്മർദ്ദം ശാരീരിക വേദനയ്ക്ക് കാരണമാകുന്നതിനാലാണിത്. ശരീരത്തിന് സമ്മർദ്ദം അനുഭവപ്പെടുമ്പോൾ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുമെന്ന് ടീം ഡയബറ്റിസ് യുകെ എന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ പറയുന്നു.

ഉയർന്ന താപനിലയും ശക്തമായ അൾട്രാവയലറ്റ് രശ്മികളും ഉള്ളതിനാൽ, വേനൽക്കാല മാസങ്ങളിൽ പ്രമേഹത്തെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് അന്തരീക്ഷതാപവും ശരീരവും തമ്മിലുള്ള ഈ ബന്ധം നിർണായകമാണ്.

ചൂടുള്ള കാലാവസ്ഥ പ്രമേഹത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കാം

സൂര്യതാപമേറ്റാൽ ശരീരം ആ കേടുപാടുകളെ തനിക്കേറ്റ ഒരു പരുക്ക് പോലെയാണ് കാണുന്നത്. പ്രതികരണമായി, ഇത് വീക്കം ഉണ്ടാക്കുകയും കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സമ്മർദ്ദ ഹോർമോണുകൾ പുറത്തുവിടുകയും ചെയ്യുന്നു. ഈ ഹോർമോണുകൾ ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കും, അതായത് നമ്മുടെ ശരീരത്തില്‍ ഇൻസുലിൻ ഉപയോഗിക്കുന്നതിന്‍റെ കാര്യക്ഷമത കുറയുന്നു. ഇതുവഴി പ്രമേഹം വര്‍ദ്ധിക്കുന്നു.

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ, പ്രത്യേകിച്ച് ഇൻസുലിനെ ആശ്രയിക്കുന്നവരും‌ സ്ഥിരത കുറഞ്ഞ ഗ്ലൂക്കോസ് നിയന്ത്രണമുള്ളവരുമായവരില്‍ സൂര്യതാപം പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും. ടൈപ്പ് 1 പ്രമേഹത്തിലെ അതേ കാരണത്താല്‍ തന്നെയാണ് ഇതും സംഭവിക്കുന്നത്: സൂര്യതാപത്തിൽ നിന്നുള്ള വീക്കം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സമ്മർദ്ദ ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കും. പ്രമേഹത്തോത് കൂടും.

വെയിലത്ത് ഇരിക്കുന്നത് വഴി നിർജ്ജലീകരണം സംഭവിക്കും നിർജ്ജലീകരണം ശരീരത്തിന് സമ്മർദ്ദം ഉണ്ടാക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.
നിർജ്ജലീകരണം വാസോപ്രെസിൻ എന്ന ഹോർമോണിന്റെ വർദ്ധനവിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ഇത് വൃക്കകളെ വെള്ളം നിലനിർത്താനും കരളിനെ രക്തത്തിലെ പഞ്ചസാര ഉത്പാദിപ്പിക്കാനും പ്രേരിപ്പിക്കുന്നു. ഇത് കാലക്രമേണ ഇൻസുലിൻ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിച്ചേക്കാം.അതിനാല്‍ പ്രമേഹരോഗികള്‍ വെയിലിനെയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Latest