National
വെനസ്വേല ഇന്ത്യയുടെ ദീര്‍ഘകാല വ്യാപാര പങ്കാളിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം; എണ്ണ ഇറക്കുമതി പരിഗണനയില്‍
മുന്‍പ് വെനസ്വേലയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തിവച്ചിരുന്നു.
ന്യൂഡല്‍ഹി | വെനസ്വേല ഇന്ത്യയുടെ ദീര്‍ഘകാല വ്യാപാര പങ്കാളിയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇപ്പോള്‍ പരിഗണനയിലാണെന്നും മന്ത്രാലയം അറിയിച്ചു. മുന്‍പ് വെനസ്വേലയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തിവച്ചിരുന്നു.
ഇന്ത്യയുടെ ഊര്‍ജ്ജ സ്രോതസുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഇന്ത്യക്കാരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടായിരിക്കും എടുക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിപണി സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അറിയിച്ചു.റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമോ എന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തിയില്ല. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തില്‍ വാണിജ്യ മന്ത്രിയുടെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. വിപണി സാഹചര്യങ്ങള്‍ക്കും മാറിവരുന്ന അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കും അനുസൃതമായി ഇന്ത്യ ഊര്‍ജ്ജ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
2023-24 സാമ്പത്തിക വര്‍ഷത്തിലാണ് വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചത്. ഉപരോധങ്ങളെ തുടര്‍ന്നാണ് ഇറക്കുമതി നിര്‍ത്തലാക്കിയത്. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വെനസ്വേലയുടെ ദേശീയ എണ്ണ കമ്പനിയായ PdVSAയുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ മാര്‍ച്ച് പകുതിയോടെ നടപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി അറിയിച്ചു. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ സംയുക്ത പ്രസ്താവന പുറത്തിറങ്ങുമെന്നും, അതിന് ശേഷം താരിഫ് 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള ഉത്തരവ് യുഎസ് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2047ലെ ‘വികസിത് ഭാരത്’ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനായി ഇന്ത്യയ്ക്ക് കൂടുതല്‍ ഊര്‍ജ്ജ ഇറക്കുമതി ആവശ്യമാണെന്നും കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു.



