Connect with us

Saudi Arabia

ആകാശ എയര്‍: സഊദിയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും

ജിദ്ദ - കോഴിക്കോട് സെക്ടറില്‍ മാര്‍ച്ച് 13 മുതല്‍ സർവ്വീസുകൾ ആരംഭിക്കും  

Published

|

Last Updated

ദമാം|ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ കോഴിക്കോട് നിന്നും സഊദി  അറേബ്യയിലെ ജിദ്ദയിലേക്ക് സർവ്വീസുകൾ നടത്തും. നേരിട്ടുള്ള  പുതിയ സർവ്വീസ് ആരംഭിക്കുന്നതോടെ  കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്കും  ഉംറ തീര്‍ത്ഥാടകർക്കും നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമാകും. 186 സീറ്റുകളുള്ള അത്യാധുനിക ബോയിംഗ് 737 മാക്‌സ് 8 വിഭാഗത്തിൽ പെട്ട വിമാനങ്ങളാണ് സർവ്വീസ് നടത്തുന്നത്.
ജിദ്ദയിൽ നിന്നും  രാവിലെ 9.10ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 5.30ന് കരിപ്പൂരിലെത്തിച്ചേരും. കോഴിക്കോട് നിന്നും വൈകീട്ട് 6.55-ന് പുറപ്പെടുന്ന  സർവ്വീസ് രാത്രി 10.50-ന് ജിദ്ദയിലെത്തും. കുറഞ്ഞ ടിക്കറ്റ് നിരക്കും മികച്ച സൗകര്യങ്ങളോടും കൂടിയുള്ള ജിദ്ദ-കോഴിക്കോട് സർവീസുകൾ  പ്രവാസികൾക്ക് വലിയ ആശ്വാസാം പകരും. കോഴിക്കോട് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവുണ്ടായതോടെ റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള സഊദിയ വിമാന സർവ്വീസിന് ഫെബ്രുവരി ഒന്ന്മുതൽ ആരംഭിച്ചിരുന്നു.
ആകാശ എയർ കേരളത്തിൽ നിന്ന് കൊച്ചി- ജിദ്ദ സെക്ടറിലാണ് നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിലവിൽ നടത്തുന്നത്. കോഴിക്കോട് സർവ്വീസ് കൂടി ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്നും നേരിട്ടുള്ള സർവ്വീസുകളുടെ  എണ്ണം രണ്ടാകും. ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര വിമാന സർവ്വീസ്  ആരംഭിച്ചത് 2024 മാർച്ച് 28ന്  മുബൈയിൽ നിന്നും ഖത്തർ തലസ്ഥനമായ ദോഹയിലേക്കായിരുന്നു. 26 ആഭ്യന്തര സർവ്വീസുകളും,ഖത്തർ, ജിദ്ദ, റിയാദ് ,അബൂദബി, കുവൈറ്റ് ,തായ്‌ലൻഡ് ഉൾപ്പെടെ  ആറ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവ്വീസുകളുള്ളത്. ഊഷ്മളവും കാര്യക്ഷമവുമായ ഉപഭോക്തൃ സേവനം, വിശ്വസനീയമായ പ്രവർത്തനങ്ങൾ, കുറഞ്ഞ നിരക്കുകൾ എന്നിവയാണ്  ആകാശ എയർ വാഗ്ദാനം ചെയ്യുന്നത്.

സിറാജ് പ്രതിനിധി, ദമാം

Latest