Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ജയില്‍ മോചിതനാകും

Published

|

Last Updated

കൊല്ലം| ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ് ഉപധികളോടെ ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് സ്വഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനാകും. വൈകീട്ട് ആറുമണിയോടെ പുറത്തിറങ്ങും. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് ജാമ്യത്തിന് വഴിയൊരുക്കിയത്.

റിമാന്‍ഡിലായി 90 ദിവസം പൂര്‍ത്തിയായത് കാണിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹരജിയിലാണ് കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമല മുന്‍ അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബു, എസ് ശ്രീകുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാര്‍ എന്നിവരാണ് നേരത്തെ ജയില്‍ മോചിതരായവര്‍. 2025 നവംബര്‍ മൂന്നിനാണ് കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലാകുന്നത്.

മുന്‍ തിരുവാഭരണം കമ്മീഷണറായ കെ എസ് ബൈജുവും സ്വഭാവിക ജാമ്യം തേടി കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത് 90 ദിവസം കഴിയുന്നത്തോടെ മറ്റു പ്രതികളും സ്വാഭാവിക ജാമ്യം തേടി വിജിലന്‍സ് കോടതിയെ സമീപിക്കും. കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പ്രധാന കാരണം. അതേസമയം, ജയില്‍ മോചിതരാകുന്ന പ്രതികളെ ഇഡി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഇഡി ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് സാധ്യത.

 

 

 

Latest