Ongoing News
ബാഴ്‌സലോണ- റയൽ മാഡ്രിഡ് എൽ ക്ലാസ്സികോ മത്സരം ഇന്ന് രാത്രി 7.45ന്
നാല് മത്സരങ്ങൾ മാത്രം ശേഷിക്കെ ഇന്നത്തെ മത്സരം ജയിക്കേണ്ടത് ഇരു ടീമുകൾക്കും നിര്‍ണായകം

ബാഴ്‌സലോണ | ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടുമൊരു എൽ ക്ലാസ്സികോ പോരാട്ടം. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന സ്പാനിഷ് ലാ ലിഗയിലാണ് ഇത്തവണ ചിരവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും കൊമ്പുകോർക്കുന്നത്. ബാഴ്സയുടെ തട്ടകത്തിൽ രാത്രി 7.45 നാണ് മത്സരം. നാല് മത്സരങ്ങൾ മാത്രം ശേഷിക്കെ ഇന്നത്തെ മത്സരം ജയിക്കേണ്ടത് ഇരു ടീമുകൾക്കും നിർണായകമാണ്. നിലവിൽ 34 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്തും 75 പോയിന്റുള്ള റയൽ രണ്ടാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാൽ ആതിഥേയർക്ക് കിരീടം ഏറെക്കുറെ ഉറപ്പിക്കാം. അതേസമയം, ഫെബ്രുവരി 27ന് നടന്ന കോപ ഡെൽറെ ഫൈനലിലെ തോൽവിക്ക് (3-2) ബാഴ്സക്ക് തിരിച്ചടി നൽകാനും ലീഡ് കുറക്കാനുമാകും റയലിന്റെ മോഹം.
ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇരു ടീമുകളും പുറത്തായ സാഹചര്യത്തിൽ ലാലിഗ കിരീടവും കൈവിടുകയെന്നത് ഇരു ടീമുകളും ഓർക്കാനിഷ്ടപ്പെടാത്ത കാര്യമാണ്. ലീഗിൽ അവസാന നാല് മത്സരങ്ങളും ജയിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞു.
കഴിഞ്ഞ ദിവസം ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ പരാജയപ്പെട്ടെങ്കിലും ഉശിരൻ പോരാട്ടമാണ് ബാഴ്സ പുറത്തെടുത്തത്. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 4-3നായിരുന്നു കാറ്റലൻ ടീമിന്റെ തോൽവി. സീസണിൽ മൂന്ന് എൽക്ലാസ്സികോ മത്സരങ്ങളിലും ജയിച്ച ആത്മവിശ്വാസവും ഹാൻസി ഫ്‌ലിക്കിന്റെ ടീമിനുണ്ട്. മാത്രമല്ല ഡിസംബറിൽ അത്്ലറ്റികോ മാഡ്രിഡിനോട് പരാജയപ്പെട്ട ശേഷം ലാലിഗയിൽ കഴിഞ്ഞ 15 മത്സരങ്ങളിൽ ബാഴ്സ തോൽവിയറിഞ്ഞിട്ടില്ല. ഇന്ററിനെതിരായ മത്സരത്തിൽ പരുക്കേറ്റ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്്‌സ്‌കി തിരിച്ചെത്തുന്നത് ബാഴ്സയുടെ കരുത്ത് കൂട്ടും. ഇനിഗോ മാർട്ടിനസും ഫിറ്റാണ്.
കഴിഞ്ഞ ആഴ്ച സെൽറ്റ വിഗോയെ 3-2ന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് റയൽ മാഡ്രിഡ്. വിനീഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിംഗ്്ഹാം തുടങ്ങിയ താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. ഈ സീസണിൽ റയലിനായി 36 ഗോളുകളാണ് എംബാപ്പെ നേടിയത്.
ഗോളുകൾ വഴങ്ങുന്നതിൽ പ്രതിരോധം പിശുക്കു കാണിക്കാത്തത് ടീമിനെ അലട്ടുന്നുണ്ട്. ഫെഡറികോ വാൽവെർദെ റൈറ്റ് ബാക്കായി കളിക്കാൻ സാധ്യതയുണ്ട്.