National
വനം കൊള്ളക്കാരന്‍ വീരപ്പന് സ്മാരകം വേണം; മന്ത്രിയോട് ആവശ്യപ്പെട്ട് ഭാര്യ
മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്

ചെന്നൈ | പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പന് സ്മാരകം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മുത്തുലക്ഷ്മി. ദിണ്ടിക്കല്‍ ജില്ലയിലെ ചിന്നലപ്പെട്ടിയിലെത്തിയ മന്ത്രി ഐ പെരിയസാമിയോടാണ് മുത്തുലക്ഷ്മി ആഗ്രഹമറിയിച്ചത്. വീരപ്പന്റെ മൃതദേഹം സംസ്‌കരിച്ച സേലം മേട്ടൂര്‍ മൂലക്കാട്ടില്‍ സ്മാരകം പണിയണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്.
തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു ‘വീരപ്പൻ’ എന്ന പേരിലറിയപ്പെട്ട കൂസു മുനിസ്വാമി വീരപ്പൻ. മൂന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെടുന്ന 16,000 ചതുരശ്രകിലോമീറ്റര്‍ വനപ്രദേശത്ത് 30 വര്‍ഷത്തോളമാണ് വീരപ്പന്‍ കഴിഞ്ഞത്. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും.
മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാൻ പരിശ്രമിച്ചു. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായിരുന്നു. 2004 ഒക്ടോബര്‍ 18ന് ധര്‍മപുരി പാപ്പിരപ്പട്ടിയില്‍ വെച്ചാണ് തമിഴ്‌നാട് ദൗത്യസേനയുടെ വെടിയേറ്റുമരിച്ചത്.