Kerala
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐ ഡി കാര്‍ഡുകള്‍; മാസാചരണത്തിന് തുടക്കം
വിവിധ ഐ ഡി കാര്‍ഡുകള്‍ സംബന്ധിച്ച പ്രചാരണം ജൂലൈ 31 വരെ നടക്കും.

പത്തനംതിട്ട | ലോകത്തെമ്പാടുമുളള പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ ഡി കാര്‍ഡുകള്‍ സംബന്ധിച്ച പ്രചാരണം ജൂലൈ 31 വരെ നടക്കും. പ്രവാസി ഐ ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ ഡി കാര്‍ഡ്, എന്‍ ആര്‍ കെ ഐ ഡി കാര്‍ഡ്, ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ ഡി കാര്‍ഡ് ഉള്ളവരുടെ സംശയം ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്കും ഈ കാലയളവ് പ്രയോജനപ്പെടുത്താം.
വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസി ഐ ഡി കാര്‍ഡും, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷ്വറന്‍സ് സേവനവും, വിദേശപഠനത്തിന് പ്രവേശന നടപടി പൂര്‍ത്തിയാക്കിയവര്‍ക്കും വിദേശ രാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കും സ്റ്റുഡന്റ് ഐ ഡി കാര്‍ഡും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസി കേരളീയര്‍ക്ക് എന്‍ ആര്‍ കെ ഐ ഡി കാര്‍ഡും ലഭിക്കും.
ഐ ഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷ്വറന്‍സിന് ഒരു വര്‍ഷവുമാണ് കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുമുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.
എന്‍ ആര്‍ ഐ സീറ്റിലേക്കുളള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായി നോര്‍ക്ക പ്രവാസി ഐ ഡി കാര്‍ഡ് പ്രയോജനപ്പെടുത്താം. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ വഴി അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ ഡി കാര്‍ഡ് വിഭാഗത്തിലെ വിഭാഗം 0471 2770543, 528 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.