Connect with us

Kerala

70 പ്രവാസികളെ സംരംഭകത്വത്തിന് സജ്ജരാക്കി നോര്‍ക്ക റൂട്ട്‌സ്

സംരംഭം തുടങ്ങുന്നതിന് ആവശ്യമായ അറിവ് പകര്‍ന്നുനല്‍കിയതിനൊപ്പം വിവിധ സഹായങ്ങളും സേവനങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശവും ലഭ്യമാക്കി

Published

|

Last Updated

പത്തനംതിട്ട | നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ ബി എഫ് സി) ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കും നാട്ടില്‍ എത്തിയവര്‍ക്കും സൗജന്യ ഏകദിന സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. 70 പേരെ സംരംഭം തുടങ്ങുന്നതിന് സജ്ജരാക്കി. പ്രവാസത്തിന് ശേഷം മടങ്ങിയെത്തിയവരാണ് പങ്കെടുത്ത എല്ലാവരും.

നാട്ടില്‍ സ്വന്തം നിലയില്‍ സ്ഥിര വരുമാനം ലഭിക്കുന്ന സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തിലാണ് 70 പേരും ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ഓരോ വ്യക്തിയും ആഗ്രഹിച്ച സംരംഭം തുടങ്ങുന്നതിന് ആവശ്യമായ അറിവ് പകര്‍ന്നുനല്‍കിയതിനൊപ്പം വിവിധ സഹായങ്ങളും സേവനങ്ങളും എവിടെ നിന്നൊക്കെ ലഭിക്കാമെന്ന മാര്‍ഗനിര്‍ദേശവും ലഭ്യമാക്കി. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ടി രശ്മി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.  നോര്‍ക്ക റൂട്ട്‌സ് എന്‍ ബി എഫ് സി പ്രൊജക്ട്‌സ് മാനേജര്‍ കെ വി സുരേഷ് മാര്‍ഗനിര്‍ദേശ ക്ലാസ്സ് നയിച്ചു. കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, നോര്‍ക്ക റൂട്ട്‌സ് പി ആര്‍ ഒ സി മണിലാല്‍ പങ്കെടുത്തു. സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ബേങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക  സഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടല്‍ ഉള്‍പ്പെടെ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിവുപകരുന്ന  നിരവധി വൈവിധ്യം നിറഞ്ഞ സെഷനുകള്‍  ഉള്‍പ്പെടുത്തിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍ ബി എഫ് സി.  പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡന്‍ഷ്യല്‍), തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ് ക്ലിനിക്ക് സേവനവും എന്‍ ബി എഫ് സി വഴി  ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാം.

Latest