articles
പഹൽഗാമിന് പകരം ചോദിച്ചു; ഇനിയെന്ത്?
അധികാരവത്കരിക്കപ്പെടുന്ന സൈന്യം പ്രത്യാഘാതങ്ങള്‍ ആലോചിക്കാതെ അപകടകരമായ നീക്കങ്ങള്‍ നടത്തുമെന്നതാണ് ലോകാനുഭവം ഇപ്പോഴും പാകിസ്താന്റെ ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സൈന്യത്തിന് കഴിയുന്നു എന്നതാണ് അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. ഇനിയെന്ത് എന്ന ചോദ്യത്തിലേക്ക് ലോകം കണ്ണ് തുറന്നിരിക്കുന്നതും അതുകൊണ്ടാണ്.

ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായി പകരം വീട്ടിയെന്ന വാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസത്തെ പകല്‍ പുലര്‍ന്നത്. ഓപറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട തിരിച്ചടിയില്‍ പാക് ഭീകരതയുടെ തലച്ചോറായ മസൂദ് അസറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു എന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. പാകിസ്താനുള്ള മറുപടി എങ്ങനെ ആകണമെന്ന ദീര്‍ഘനാളത്തെ ആലോചനക്കു ശേഷമാണ് ഇന്ത്യ പ്രത്യാക്രമണത്തിലേക്ക് നീങ്ങിയത്. നിശ്ചയമായും അതൊരു പ്രത്യാക്രമണമായിരുന്നു. സംഘര്‍ഷസാധ്യതകള്‍ ഒന്നുമില്ലാതെ ഇരുരാജ്യങ്ങളും സമാധാനത്തില്‍ പുലരവേ, പാകിസ്താന്‍ പിന്തുണയുള്ള ഭീകരവാദികളാണ് ആ സായാഹ്നത്തില്‍ ഇന്ത്യന്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്, പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയത്. മതം ചോദിച്ച് കൊന്നു എന്നാണ് പുറത്തുവന്ന വിവരം.
എന്തിനുവേണ്ടി മതം ചോദിച്ചു എന്നത് വ്യക്തമാണ്. ഇന്ത്യയുടെ ബഹുസ്വരസ്വഭാവത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ആ നീക്കം. ഇന്ത്യ അതിനു മറുപടി നല്‍കിയത് പ്രത്യാക്രമണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ രണ്ടു വനിതകളെ നിയോഗിച്ചുകൊണ്ടാണ്; കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും. ഇന്ത്യയെ പലതലങ്ങളില്‍ അടയാളപ്പെടുത്തുന്ന രണ്ട് പ്രതിനിധാനങ്ങള്‍. മതം നോക്കി ആളെക്കൊല്ലുന്ന പാകിസ്താന് വൈവിധ്യം കൊണ്ട് ഇന്ത്യയുടെ മറുപടി.
ഇനിയെന്ത് എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ആ ചോദ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകത്തെത്തന്നെ ഏറ്റവും മികച്ച സൈനികനിരയാണ് ഇന്ത്യയുടേത്. ഏത് ഭീഷണിയെയും നേരിടാനുള്ള കരുത്ത് രാജ്യത്തിനുണ്ട്. കര,വ്യോമ, നാവിക സേനകളെല്ലാം സുസജ്ജമാണ്. ഇന്ത്യയെ ഒരു യുദ്ധത്തിലേക്ക് വലിച്ചിടണോ എന്ന് പാകിസ്താന്‍ പലവട്ടം ആലോചിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ പ്രഹരം ഒരിക്കല്‍ക്കൂടി ഏറ്റുവാങ്ങാനുള്ള ശേഷി പാകിസ്താനില്ല. ഭീകരവാദികളുടെ ബലത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് 1947ല്‍ തന്നെ പാകിസ്താനെ മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. അന്ന് ശ്രീനഗര്‍ വിമാനത്താവളം പിടിച്ചടക്കാന്‍ ആയുധധാരികളായ ഗോത്രവര്‍ഗക്കാരെയുമായി എത്തിയ പാക് പടയെ കെട്ടുകെട്ടിച്ചിട്ടുണ്ട് ഇന്ത്യന്‍ സൈന്യം. പിറവിയുടെ അക്കാലത്തേക്കാള്‍ രാഷ്ട്രീയമായി ദുര്‍ബലമാണ് ഇന്നത്തെ പാകിസ്താന്‍.
രാഷ്ട്രീയക്കാര്‍ക്കും സൈന്യത്തിനുമിടയില്‍ ഞെരുങ്ങിപ്പോയ ജനാധിപത്യവും ഭീകരവാദത്തിനും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ നട്ടെല്ലൊടിഞ്ഞ സമ്പദ്്്വ്യവസ്ഥയുമാണ് പാകിസ്്താന്റേത്. ചൈന സഹായത്തിനെത്തും എന്നതുമാത്രമാണ് അവരുടെ പ്രതീക്ഷ.
ചൈനക്ക് പാകിസ്താനിലും ഇന്ത്യയിലും പൊതുവായുള്ളത് വിപണി താത്പര്യമാണ്. ചൈനീസ് ഉത്പന്നങ്ങളുടെ മികച്ച വിപണികളിലൊന്ന് അമേരിക്കയായിരുന്നു. ട്രംപിന്റെ താരിഫ് നയം വന്നതോടെ കടുപ്പമാണ് കാര്യങ്ങള്‍. ആ പരിക്ഷീണാവസ്ഥ മുന്നിലുണ്ടായിരിക്കെ ഇന്ത്യയെ പിണക്കാനുള്ള ബുദ്ധിമോശം ചൈന കാണിക്കാനിടയില്ല. അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ട് ഈ സംഘര്‍ഷത്തില്‍ ചൈന പാകിസ്താനൊപ്പം നില്‍ക്കാനുള്ള സാധ്യത അതിവിദൂരമാണ്. പ്രത്യക്ഷ സഹായം ഏതായാലുമുണ്ടാകില്ല. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം എന്നാണ് ഇന്നലെ ചൈന പ്രതികരിച്ചത്. അഥവാ പാകിസ്താന്‍ ആഗ്രഹിക്കുന്നതുപോലെ എടുത്തുചാട്ടത്തിനില്ല ചൈന എന്നുതന്നെ ആ പ്രസ്താവനയുടെ ധ്വനി. അങ്ങനെയെങ്കില്‍ ഇന്ത്യയോട് ഒറ്റയ്‌ക്കൊരങ്കത്തിന് പാകിസ്താന്‍ തയ്യാറാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. പാകിസ്താന്‍ അങ്ങനെയൊരു അബദ്ധത്തിലേക്ക് എടുത്തുചാടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിന്റെ കാരണവും നിഗൂഢമല്ല.
ഇന്ത്യയില്‍ നിന്ന് അടര്‍ന്നുണ്ടായതാണ് പാകിസ്താന്‍. 1947ന്റെ ആഴമുള്ള മുറിവായി ചരിത്രത്തില്‍ ആ വിഭജനമുണ്ട്. ഒന്നായിരുന്ന രാജ്യവും ജനതയും രണ്ടായിപ്പിരിയുമ്പോള്‍ അതിര്‍ത്തികള്‍ മൃതശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. എന്തിനെന്നറിയാത്ത കൂട്ടക്കൊലകള്‍. എന്നിട്ടും ഇന്ത്യ നെഹ്‌റുവിനെപ്പോലുള്ളവരുടെ ഉജ്ജ്വല നേതൃത്വത്തിന് കീഴില്‍ ജനാധിപത്യത്തിലേക്ക് ധീരമായി ചുവടുവെച്ചു. എല്ലാ ചുവടുകളുടെയും ഇടറാത്ത പിന്‍ബലമായി ആ മഹാമനുഷ്യനുണ്ടായിരുന്നു; മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. വിശ്വകവി ടാഗോര്‍ മഹാത്മാ എന്ന് വാഴ്തിവിളിച്ചടയാളപ്പെടുത്തിയ വെളിച്ചം. ആ വെളിച്ചത്തില്‍ ഇന്ത്യ ഉണര്‍ന്നുവന്നു. അപ്പുറത്ത് പകരം വെക്കാന്‍ ഒരു ഗാന്ധിയോ നെഹ്‌റുവോ ഉണ്ടായിരുന്നില്ല. കരുത്തനെന്നു കരുതപ്പെട്ട മുഹമ്മദലി ജിന്നയാകട്ടെ, വിഭജനനന്തരം ആത്മസംഘര്‍ഷങ്ങളുടെ ആഴങ്ങളിലേക്ക് വീണുപോയി. വിഭജനാനന്തരം അവിടെ നടന്ന പലതിനും മൂകസാക്ഷിയായി നില്‍ക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. 1948 സെപ്റ്റംബര്‍ 11 നു പ്രതീക്ഷിച്ച പാകിസ്താനെ പടുത്തുയര്‍ത്താനാകാതെ അദ്ദേഹം കണ്ണടച്ചു.
പിറവി തൊട്ടിന്നോളം സംഘര്‍ഷഭരിതമാണ് പാകിസ്താന്റെ ചരിത്രം. പട്ടാള അട്ടിമറികളുടെയും സ്വേച്ഛാ വാഴ്ചകളുടെയും നിരവധിയനുഭവങ്ങള്‍ ആ നാടിനുണ്ട്. രാഷ്ട്രീയ നേതൃത്വം പദവികളില്‍ ഇരുന്ന കാലത്തും ഭരണചക്രം സൈന്യത്തിന്റെ കയ്യിലായിരുന്നു; ഇപ്പോഴുമതേ. സൈന്യമാകട്ടെ രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ വിശ്വാസമര്‍പ്പിച്ചത് ഭീകരവാദ ഗ്രൂപ്പുകളിലും നേതാക്കളിലുമായിരുന്നു. അവരുടെ താത്പര്യങ്ങളാണ് പലപ്പോഴും സംരക്ഷിക്കപ്പെട്ടത്. രാഷ്ട്രീയ നേതൃത്വം തന്നെയും ഒട്ടും പക്വത കാണിക്കാറില്ല. വെള്ളം തന്നില്ലെങ്കില്‍ ഇന്ത്യക്കാരുടെ ചോരയൊഴുകും സിന്ധു നദിയില്‍ എന്ന് പറഞ്ഞത് ബിലാവല്‍ ഭൂട്ടോയാണ്. പഹല്‍ഗാമില്‍ മുറിപ്പെട്ടു നില്‍ക്കുന്ന ഇന്ത്യയെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിക്കളയാം എന്ന് ചിന്തിക്കുന്ന മനോനില ചികിത്സയര്‍ഹിക്കുന്നുണ്ട്.
ഇപ്പോള്‍ പാകിസ്താനില്‍ പട്ടാളഭരണമല്ല. പക്ഷേ പട്ടാളത്തെ പിണക്കിയോ മറികടന്നോ ഒരു തീരുമാനവും കൈക്കൊള്ളാനാകില്ല പാക് ഭരണാധികാരികള്‍ക്ക്. അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്നതിന് പാകിസ്താന്റെ ചരിത്രമാണ് ഉത്തരം. വിവിധ കാലങ്ങളില്‍ നടന്ന അട്ടിമറികള്‍ എന്തിനുവേണ്ടിയായിരുന്നു? സൈന്യത്തിന്റെ താത്പര്യങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയ ഭരണകൂടം തീരുമാനം കൈക്കൊണ്ടപ്പോഴായിരുന്നു അത്. അധികാരവത്കരിക്കപ്പെടുന്ന സൈന്യം പ്രത്യാഘാതങ്ങള്‍ ആലോചിക്കാതെ അപകടകരമായ നീക്കങ്ങള്‍ നടത്തുമെന്നതാണ് ലോകാനുഭവം. ഇപ്പോഴും പാകിസ്താന്റെ ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സൈന്യത്തിന് കഴിയുന്നു എന്നതാണ് അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. ഇനിയെന്ത് എന്ന ചോദ്യത്തിലേക്ക് ലോകം കണ്ണ് തുറന്നിരിക്കുന്നതും അതുകൊണ്ടാണ്.
യുദ്ധമോ സമാധാനമോ എന്നത് തര്‍ക്കവിഷയമേയല്ല. സമാധാനമാണ് ലക്ഷ്യം. യുദ്ധത്തിന്റെ പ്രത്യാഘാതം അത് നടക്കുന്നിടത്ത് മാത്രമായി ഒതുങ്ങില്ല. അത് കുറഞ്ഞ നാളത്തേക്ക് മാത്രമായും പരിമിതപ്പെടില്ല. യുദ്ധം അധികാരങ്ങളെ ഊട്ടിയുറപ്പിക്കും, സ്വാസ്ഥ്യത്തെ നശിപ്പിക്കും. അങ്ങനെയൊരവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കണോ എന്നത് പാകിസ്താന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. യുദ്ധം മുറിവുകള്‍ മാത്രമേ ബാക്കിയാക്കൂ. കണ്ണീരും നിസ്സഹായതയും നിരാശയും കൊണ്ട് സാധാരണക്കാരായ മനുഷ്യര്‍ കൂടുതല്‍ക്കൂടുതല്‍ അവശരാകും. എല്ലാ അവകാശവാദങ്ങള്‍ക്കുമപ്പുറം യുദ്ധത്തിന്റെ ഇരകളാക്കപ്പെടുക ഈ സാധാരണക്കാര്‍ തന്നെയാകും. ഇതെല്ലാം മുന്നില്‍ക്കണ്ട് ഇന്ത്യ കരുതലോടെയാണ് നീങ്ങുന്നത് എന്നുവേണം മനസ്സിലാക്കാന്‍. ജനവാസ കേന്ദ്രങ്ങളെ ഇന്ത്യ ഇപ്പോഴും ലക്ഷ്യമിടുന്നില്ല. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് സൈനികോദ്യോഗസ്ഥര്‍ റൂട്ട്മാപ് സഹിതം വിശദീകരിച്ചത്. അത് മനസ്സിലാക്കാനുള്ള ബുദ്ധിവികാസം പാകിസ്താനിലെ രാഷ്ട്രീയ-സൈനിക നേതൃത്വത്തിനുണ്ടോ എന്ന് വരുംദിവസങ്ങളില്‍ ബോധ്യമാകും.
യുദ്ധം സംഭവിക്കാതിരിക്കട്ടെ എന്നുതന്നെ നമുക്ക് ആത്മാര്‍ഥമായി ആഗ്രഹിക്കാം. നമ്മള്‍ മലയാളികള്‍ യുദ്ധം അനുഭവിച്ചിട്ടില്ല. യുദ്ധത്തെക്കുറിച്ച് കേട്ടിട്ടേയുള്ളൂ, യുദ്ധവാര്‍ത്തകള്‍ വായിച്ചിട്ടേയുള്ളൂ. വായിക്കുന്ന വാര്‍ത്തയിലെ വിവരണമല്ല യുദ്ധം. അത് അകവും പുറവും പൊള്ളിക്കുന്ന അനുഭവമാണ്. തുടങ്ങിയതുപോലെ ഒരു യുദ്ധവും അവസാനിക്കാറില്ല. അഭിമാനം ബലികഴിച്ച് ഒരു ഒത്തുതീര്‍പ്പിനും ഇന്ത്യക്ക് വഴങ്ങാനുമാകില്ല. ആകയാല്‍ യുദ്ധം സംഭവിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലേക്ക് നമുക്ക് ഹൃദയമുരുകാം.