Connect with us

Aksharam Education

നമ്മുടെ വിദ്യാഭ്യാസ കമ്മീഷനുകള്‍

വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനും പഠന സൗകര്യങ്ങൾ മികച്ചതാക്കുന്നതിനും വേണ്ടി ആദ്യ കാലങ്ങളിൽ തന്നെ നിരവധി പഠനങ്ങളും കമ്മീഷനുകളും പ്രവർത്തിച്ചുവരുന്നുണ്ട്.

Published

|

Last Updated

ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായം മാറ്റങ്ങൾക്ക് വിധേയമായി പലഘട്ടങ്ങളിലൂടെ കടന്നുവന്നതാണ് ഇന്ന് കാണുന്ന ആധുനിക വിദ്യാഭ്യസ സന്പ്രാദയം. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനും പഠന സൗകര്യങ്ങൾ മികച്ചതാക്കുന്നതിനും വേണ്ടി ആദ്യ കാലങ്ങളിൽ തന്നെ നിരവധി പഠനങ്ങളും കമ്മീഷനുകളും പ്രവർത്തിച്ചുവരുന്നുണ്ട്. പാഠ്യപദ്ധതിയുടെ കാലോചിതമായ പരിഷ്‌കരണവും വിദ്യാർഥി കേന്ദ്രീകൃത സമീപനവുമെല്ലാം ആധുനിക വിദ്യാഭ്യാസത്തിന്റെ മഹത്വം ഊട്ടി ഉറപ്പിക്കുന്നു. ഏറെക്കാലത്തെ പഠനങ്ങളും ഗവേഷങ്ങളും നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് സഹായകമായി.

ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുമ്പോൾ അതിൽ പ്രധാനിയാണ് വിദ്യാഭ്യാസ കമ്മീഷനുകൾ. പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ കമ്മീഷനുകൾ നിരവധി നയങ്ങൾ നടപ്പാക്കിയിരുന്നു. കാലത്തിനനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുകയാണ്. ആധുനിക കാലഘട്ടത്തിൽ നമ്മുടെ വിദ്യാഭ്യാസ മേഖല വളരെ മുന്നേറിക്കൊണ്ടിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് മൂന്നാംക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് പഠിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

സ്‌കൂൾ മുതൽ കോളജ് വരെയുള്ള പഠനം കൃത്യമായി ക്രമീകരിച്ചിരിക്കുന്നതിൽ പ്രധാന പങ്ക് ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകൾക്കുണ്ട്. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കുമ്പോൾ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇന്ത്യയിൽ വിദ്യാഭ്യാസ വ്യവസ്ഥയെ പരിഷ്‌കരിക്കാനും പുതുക്കാനും നിരവധി കമ്മീഷനുകളും സമിതികളും രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്.

മുഗൾ സാമ്രാജ്യ ഭരണ കാലത്തായിരുന്നു വിദ്യാഭ്യാസ കമ്മീഷനുകളുടെ തുടക്കം. വിദ്യാഭ്യാസം മുഖ്യമായി ഭരണകാര്യങ്ങൾക്കായുള്ള പരിശീലനം മാത്രമായിരുന്നു അക്കാലത്ത്. പൊതുസമൂഹത്തിന്റെ അവകാശമായി വിദ്യാഭ്യാസം കണക്കാക്കപ്പെടാൻ തുടങ്ങിയത് വിദ്യാഭ്യാസ കമ്മീഷനുകളുടെ രൂപവത്കരണത്തോടെയാണ്.

ബ്രിട്ടീഷ് ഭരണ കാലത്തെ കമ്മീഷനുകൾ

ആധുനിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ കമ്മീഷനുകൾ മുതലാണ്. ജനങ്ങൾക്കിടയിൽ ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും വളർച്ചക്കായി ഓരോ വർഷവും ഒരു ലക്ഷത്തിൽ കുറയാത്ത തുക നീക്കി വെക്കാൻ 1813 ലെചാർട്ടർ നിയമത്തിൽ ശിപാർശ ചെയ്തു. മെക്കാളെ പ്രഭു 1835 ൽ നടപ്പാക്കിയ മെക്കാളെ മിനിറ്റ്‌സ് പരിഷ്‌കാരത്തിലാണ് ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യഭ്യാസത്തിന് തുടക്കമിട്ടത്. 1854 ൽ വന്ന വുഡ്‌സ് ഡെസ്പാച്ച് കമ്മീഷനാണ് കൽക്കട്ട, ബോംബെ, മദ്രാസ് സർവകലാശാലകൾ സ്ഥാപിച്ചത്.

റിപ്പൺ പ്രഭു നിയമിച്ച ഹണ്ടർ കമ്മീഷനാണ് പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം തദ്ദേശ സമിതികൾക്ക് വിട്ടുകൊടുക്കാനുള്ള നയം നടപ്പാക്കിയത്.

1902 ൽ കഴ്‌സൺ പ്രഭു കൊണ്ടുവന്ന റാലി കമ്മീഷൻ ഇന്ത്യൻ യൂനിവേഴ്‌സിറ്റി കമ്മീഷൻ എന്നറിയപ്പെടുന്നു. പിന്നീട് 1917ൽ രൂപം കൊണ്ട കൽക്കട്ട യൂനിവേഴ്‌സിറ്റി കമ്മീഷൻ മൈക്കിൾ സാഡ്‌ലറിന്റെ അധ്യക്ഷതയിലാണ് സ്ഥാപിച്ചത്. 1937 ലെ ആബട്ട് വുഡ് കമ്മീഷനാണ് രാജ്യത്ത് ആദ്യമായി പോളിടെക്‌നിക്കുകൾ സ്ഥാപിക്കാൻ ശിപാർശ ചെയ്തത്. ബ്രിട്ടീഷുകാരുടെ കാലത്തെ അവസാന കമ്മീഷനായ ജോൺ സർജന്റെ അധ്യക്ഷതയിൽ 1944ൽ വന്ന കമ്മീഷനാണ് പഠനം മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെട്ടത്.

സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകൾ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കമ്മീഷനാണ് രാധാകൃഷ്ണൻ കമ്മീഷൻ. 1948 ലാണ് ഇത് നിലവിൽ വന്നത്. സർവകലാശാലകളെ നിയന്ത്രിക്കാനായി യു ജി സി രൂപവത്കരിക്കാനും ഗ്രാമീണ സർവകലാശാലകളുടെയും വനിതാ കോളജുകളുടെയും രൂപവത്കരണവും ശിപാർശ ചെയ്തു.

1952 ൽ ലക്ഷ്മണ സ്വാമി മുതലിയാർ അധ്യക്ഷനായി വന്ന മുതലിയാർ കമ്മീഷനാണ് സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ എന്ന പേരിൽ അറിയപ്പെടുന്നത്. മലയാളമടക്കമുള്ള പ്രാദേശിക ഭാഷകൾക്ക് പുറമേ ഹിന്ദി, ഇംഗ്ലീഷ് എന്നിവയുടെ പഠനത്തിന് ത്രിഭാഷാ പദ്ധതി കൊണ്ടുവന്നു.

കമ്മീഷനുകളിൽ വളരെ പ്രശസ്തമായ കോത്താരി കമ്മീഷൻ 1964 ൽ ഡോ. ദൗലത് സിംഗ് കോത്താരിയുടെ നേതൃത്വത്തിൽ നിലവിൽവന്നു. ഇന്ത്യയിൽ എജ്യുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന കോത്താരി കമ്മീഷനാണ് 10+2+3 എന്ന മാതൃക നടപ്പാക്കിയത്.

എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് സർക്കാറിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പെൺകുട്ടികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രത്യേക സഹായങ്ങൾ നൽകുന്നുണ്ട്. പുതിയ വിദ്യാഭ്യാസ നയപ്രകാരം പഠനം പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. വിദ്യാർഥികൾക്ക് പാട്ട്, കല, കായികം, ശാസ്ത്രം എന്നിവയിലൂടെ മികവ് തെളിയിക്കാം. നിലവിലുള്ള 10+2 ഘടന മാറ്റി പകരം 5+3+3+4 എന്ന പുതിയ രീതി നടപ്പാക്കുകയാണ് ഈ നയത്തിലെ പ്രധാന മാറ്റം.

21ാം നൂറ്റാണ്ടിലെ ആവശ്യകതകൾ നിറവേറ്റുന്നതിനായി വിദ്യാഭ്യാസത്തെ കൂടുതൽ സമഗ്രവും സമത്വമുള്ളതും വഴക്കമുള്ളതുമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Latest