Connect with us

Kerala

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢാലോചന നടത്തി;പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഇന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

|

Last Updated

പത്തനംതിട്ട | ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് ശബരിമല കട്ടിളപ്പാളി കേസില്‍ എസ് ഐ ടി സംഘം കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഇന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അറിയാമായിരുന്നു. പാളികള്‍ ചെന്നൈയിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. പത്താം തീയതി വൈകുന്നേരം അഞ്ചുവരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ് ഐ ടി സംഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരം കൊണ്ടുപോയി.

ശബരിമലയിലെ സ്വര്‍ണപാളി കടത്തിയ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ പ്രത്യേക സംഘം ചോദ്യം ചെയ്തു. വാസുവിന്റെ മുന്‍ പി എയും സ്വര്‍ണ കടത്തു കേസിലെ മുഖ്യപ്രതിയുമായ സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍. ശബരിമല സ്വര്‍ണ പാളികള്‍ പോറ്റി പുറത്തേക്ക് കൊണ്ട് പോകുമ്പോഴും തിരികെയെത്തിക്കുമ്പോഴും താന്‍ ദേവസ്വം കമ്മീഷണറോ പ്രസിഡന്‍ോ ആയിരുന്നില്ലെന്നായിരുന്നു എന്‍ വാസുവിന്റെ വിശദീകരണം. എന്നാല്‍ തന്റെ കൈയില്‍ ബാക്കിവന്ന സ്വര്‍ണം എന്തു ചെയ്യണമെന്ന ചോദ്യവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി കത്തയക്കുന്നത് എന്‍ വാസു ദേവസ്വം പ്രസിഡന്റായിരുന്നപ്പോഴായിരുന്നു.

 

Latest