Kerala
വടകരയിൽ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
ഒമ്പത് പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

വടകര | വടകര ദേശീയപാതയിൽ ഇർട്ടിഗ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വൈകിട്ട് 3.15 ഓടെ മൂരാട് പാലത്തിന് സമീപമാണ് സംഭവം. മാഹി പുന്നോല്‍ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോല്‍ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിന്‍ലാല്‍ ,അഴിയൂര്‍ പാറമ്മല്‍ രഞ്ജി എന്നിവരാണ് മരിച്ചത്. ചോറോട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്കും കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും പരുക്കേറ്റു. കാറിലുണ്ടായിരുന്നയാളുടെ പരുക്ക് ഗുരുതരമാണ്.
ദേശീയപാതയുടെ നിർമാണം പൂർത്തിയായ ഭാഗത്താണ് അപകടമുണ്ടായത്. ബ്രദേഴ്സ് ബസ് സ്റ്റോപ്പിനു സമീപം പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കാറിൽ അമിത വേഗത്തിലെത്തിയ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വടകര രജിസ്ട്രേഷനുള്ള കെ എൽ 18 എഎഫ് 4090 നമ്പർ കാറും കർണാടക രജിസ്ട്രേഷനുള്ള കെ എ 02 എഇ 2679 ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കാറിലുള്ളവർ. കാർ പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.
പരുക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേർ മരിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.