National
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് രാജിവെച്ചു; ഞെട്ടിച്ചുവെന്ന് മമത
തമിഴ്നാട് ഗവർണർ ആർ എൻ രവിയെ ബംഗാളിലേക്ക് നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജി
കൊല്‍ക്കത്ത | പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായാണ് രാജിയെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെത്തിയ അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചുവെന്നും പദവി ഒഴിയുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന ഗവർണറുടെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ ആനന്ദ ബോസിന് പകരമായി തമിഴ്നാട് ഗവർണർ ആർ എൻ രവിയെ ബംഗാളിലേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി വെളിപ്പെടുത്തി.
ഗവർണറുടെ രാജി തന്നെ ഞെട്ടിച്ചുവെന്നും താൻ അങ്ങേയറ്റം ആശങ്കാകുലയാണെന്നും മമത ബാനർജി പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്ന് ഗവർണർക്ക് മേൽ സമ്മർദ്ദമുണ്ടായിട്ടുണ്ടാകാം എന്ന് താൻ സംശയിക്കുന്നതായും മമത എക്സിൽ കുറിച്ചു. ആർ എൻ രവിയെ പുതിയ ഗവർണറായി നിയമിക്കുന്ന വിവരം ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചുവെന്നും എന്നാൽ സ്ഥാപിതമായ കീഴ്വഴക്കങ്ങൾ ലംഘിച്ച് തന്നോട് ആലോചിക്കാതെയാണ് ഈ തീരുമാനമെടുത്തതെന്നും മമത ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങൾ രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ അടിത്തറ ഇളക്കുന്നതാണെന്നും ഭരണഘടനാ മൂല്യങ്ങളെ അടിച്ചമർത്തുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തമിഴ്നാട്ടിലും പ്രതിപക്ഷ സർക്കാരുമായി നിരന്തരം കൊമ്പുകോർത്ത വ്യക്തിയാണ് ആർ എൻ രവി. അദ്ദേഹത്തെ ബംഗാളിലേക്ക് മാറ്റുന്നതിലൂടെ സംസ്ഥാനത്തിന്റെ ജനാധിപത്യ കീഴ്വഴക്കങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.
2022 നവംബറിലാണ് മലയാളിയായ സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി കേന്ദ്ര സർക്കാർ നിയമിച്ചത്. ബംഗാൾ സർക്കാരുമായുള്ള നിരന്തരമായ അഭിപ്രായ വ്യത്യാസങ്ങളിലൂടെ അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
അദ്ദേഹത്തിന്റെ രാജി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Summary
West Bengal Governor CV Ananda Bose has resigned from his post ahead of the upcoming assembly elections in the state. Bose, who has been serving as governor since November 2022, submitted his resignation in Delhi, stating that he has spent enough time in the office. This sudden move comes amid a history of strained relations between the Governor’s office and the state government.



