Kerala
കോന്നി വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
ഇടിച്ച വാഹനവും കസ്റ്റഡിയിലെടുത്തു
കോന്നി| കോന്നിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വാഹനം ഓടിച്ച പുനലൂര്‍ സ്വദേശി അനൂപ്(32)നെയാണ് കോന്നി പോലിസ് അറസ്റ്റ് ചെയ്തത്. ഇടിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.കോന്നി പൂവന്‍പാറ പെട്രോള്‍ പമ്പിന് സമീപം മാര്‍ച്ച് രണ്ടിനായിരുന്നു സംഭവം. മാത്യു വര്‍ഗീസാ(46)ണ് മരിച്ചത്.
അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോവുകയും തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മാത്യു വര്‍ഗ്ഗീസിനെ കോന്നി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ മുഖം തകര്‍ന്നു പോയിരുന്നതിനാല്‍ ആളെ തിരിച്ചറിയുന്നതിനും ബുദ്ധിമുട്ടി. അപകടം നടന്ന സ്ഥലത്ത് സി സി ടി വി ക്യാമറകള്‍ ഇല്ലാതിരുന്നത് പോലിസിന്റെ പ്രാഥമിക അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് സംഭവസ്ഥലവും പരിസരവും സൂക്ഷ്മമായി പരിശോധിച്ച അന്വേഷണ സംഘത്തിന് ഇടിച്ചിട്ട വാഹനത്തിന്റേത് എന്ന് സംശയിക്കുന്ന വളരെ ചെറിയ ഒരു പ്ലാസ്റ്റിക് ഭാഗം ലഭിച്ചു. അത് ഒരു ഐ-20 വാഹനത്തിന്റെതാണ് എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം സമീപപ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നിരവധി സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് ഒടുവില്‍ മൂവാറ്റുപുഴയില്‍ നിന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോന്നി എസ് എച്ച് ഒ ബി രാജഗോപാലിന്റെ നേതൃത്വത്തില്‍ എസ് സി പി ഒ ഡിക്രൂസ്, സി പി ഒമാരായ പ്രമോദ്, ജോമോന്‍, സൈഫുദ്ദീന്‍, അഖില്‍ കൃഷ്ണന്‍, നഹാസ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണത്തിനൊടുവില്‍ പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തത്.



