Connect with us

Ongoing News

സുരക്ഷാ ഭീഷണി: പഞ്ചാബ്-ഡല്‍ഹി ഐ പി എല്‍ മത്സരം ഉപേക്ഷിച്ചു

ഈ മാസം 11ന് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരം അഹമ്മദാബാദിലേക്ക് മാറ്റി.

Published

|

Last Updated

ധരംശാല പാകിസ്ഥാാന്റെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ഐ പി എല്ലിലെ പഞ്ചാബ് കിംഗ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 10.1 ഓവറില്‍ 122 റണ്‍സില്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്.

ആദ്യം സ്റ്റേഡിയത്തിലെ ലൈറ്റ് ടവറുകളില്‍ ഒന്ന് അണച്ചു. അത് സാങ്കേതിക തകരാര്‍ മൂലമാണെന്ന് കരുതിയെങ്കിലും പിന്നീട് രണ്ട് ലൈറ്റ് ടവറുകള്‍ കൂടി അണയ്ക്കുകയും കാണികളോട് സ്റ്റേഡിയം വിടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.

ഓപണര്‍മാരായ പ്രിയന്‍ഷ് ആര്യയുടെയും (34 പന്തില്‍ 70) പ്രഭ്സിമ്രന്‍ സിംഗിന്റെയും (28 പന്തില്‍ പുറത്താകാതെ 50) ബാറ്റിംഗാണ് പഞ്ചാബിന് മിന്നുന്ന തുടക്കം നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സ് നേടി. 8.5 ഓവറില്‍ പഞ്ചാബ് നൂറിലെത്തി. ആറ് സിക്സും അഞ്ച് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു പ്രിയന്‍ഷിന്റെ ഇന്നിംഗ്സ്. പ്രഭ്സിമ്രന്‍ സിംഗ് ഏഴ് ബൗണ്ടറികള്‍ നേടി. പ്രിയന്‍ഷിനെ പുറത്താക്കി ടി നടരാജനാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗിന് ഇറങ്ങവേ മത്സരം ഉപേക്ഷിക്കുകയായിരുന്നു. നേരത്തേ, മഴ കാരണം വൈകിയാണ് കളി തുടങ്ങിയത്.

വേദി മാറ്റി
ഓപറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഐ പി എല്‍ മത്സര വേദിയിലും മാറ്റം. ഈ മാസം 11ന് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരം അഹമ്മദാബാദിലേക്ക് മാറ്റി. ധരംശാലയിലും സമീപത്തുമുള്ള വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ മുംബൈ ഇന്ത്യന്‍സിന് ധരംശാലയിലേക്ക് യാത്ര ചെയ്യാനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മത്സരം ഹിമാചല്‍ പ്രദേശിന് പുറത്തേക്ക് മാറ്റിയത്. തുടക്കത്തില്‍ മുംബൈയെ ബദല്‍ വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും അവര്‍ക്ക് ഹോം ആനുകൂല്യം ലഭിക്കുമെന്നതിനാല്‍ ഒഴിവാക്കി.