Uae
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പിന്തുണയുമായി ലുലു
യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന ക്യാപെയ്ന്‍ ലുലു നടപ്പിലാക്കുന്നത്.

അബുദാബി | യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കി ലുലു. ലുലു സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രധാന്യം നല്‍കി, കൂടുതല്‍ വിപണി സാധ്യത ലുലു ഉറപ്പാക്കും. മെയ്ക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് ക്യാപെയ്‌ന്റെ ഭാഗമായാണ് പദ്ധതി. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന ക്യാപെയ്ന്‍ ലുലു നടപ്പിലാക്കുന്നത്.
യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വ്യവസായ വകുപ്പ് അണ്ടര്‍സെക്രട്ടറി ഒമര്‍ അല്‍ സുവൈദി, ലുലു റീട്ടെയ്ല്‍ സിഇഒ സെയ്ഫി രൂപാവാല എന്നിവര്‍ ചേര്‍ന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണനസാധ്യത ലഭിക്കാന്‍ ലുലുവിന്റെ സഹകരണം വേഗതപകരുമെന്നും യുഎഇയുടെ പ്രാദേശിക വികസനത്തിന് കൂടുതല്‍ കരുത്തേകുന്നതാണ് ക്യാപെയ്ന്‍ എന്നും അണ്ടര്‍സെക്രട്ടറി ഒമര്‍ അല്‍ സുവൈദി വ്യക്തമാക്കി.
യുഎഇയിലെ ഉത്പന്നങ്ങളുടെ മികച്ച ഗുണമേന്മ ഉപഭോക്താകള്‍ക്ക് ഉറപ്പാക്കുകയാണെന്നും പ്രാദേശിക വികസനവും വ്യവസായിക വളര്‍ച്ചയ്ക്ക് കരുത്തേകുകയാണ് ലുലുവെന്നും ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ക്യാപെയ്‌ന്റെ ഭാഗമായി യുഎഇയിലെ ലുലു സ്റ്റോറുകളില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇ ഉത്പന്നങ്ങളുടെ ഗുണമേന്മയും മികവും വ്യക്തമാക്കുന്ന ഡിസ്‌പ്ലേകളും ഒരുക്കിയിട്ടുണ്ട്.