National
അവിടെ നിന്ന് വെടിയുണ്ടകള്‍ വന്നാല്‍ ഷെല്ലുകള്‍ കൊണ്ട് മറുപടി നല്‍കണം; സൈന്യത്തിന് നിര്‍ദേശവുമായി പ്രധാനമന്ത്രി
പാക് പ്രകോപനം തുടര്‍ന്നാല്‍ അതിശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം

ന്യൂഡല്‍ഹി | വെടിനിര്‍ത്തലിന് ശേഷവും പാക് പ്രകോപനം തുടര്‍ന്നാല്‍ അതിശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം. അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായാല്‍ മറുപടി വെടിവെപ്പ് തന്നെയായിരിക്കുമെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.അപ്പുറത്തു നിന്നും ബുള്ളറ്റുകള്‍ വന്നാല്‍, തിരിച്ച്, ഷെല്ലുകള്‍ അയക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് നല്‍കിയ നിര്‍ദേശം.
ഭീകരശൃംഖലകള്‍ക്ക് താവളവും സഹായവും പാകിസ്ഥാന്‍ നല്‍കി വരികയാണെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ഉന്നയിക്കും.സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വിളിച്ചപ്പോള്‍, പാകിസ്ഥാന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍, അതി കഠിനവും വിനാശകരവുമായ തിരിച്ചടിയായിരിക്കും ഇന്ത്യ നല്‍കുകയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. അന്നു രാത്രി പാകിസ്ഥാന്‍ ഇന്ത്യയിലെ 26 കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചപ്പോള്‍, പാകിസ്ഥാന്റെ വ്യോമതാവളങ്ങള്‍ അടക്കം ഇന്ത്യ തകര്‍ത്തു.ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ധാരണയിലെത്തുന്നതില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യയുടെ തീരുമാനങ്ങളെ മറ്റൊരു രാജ്യവും സ്വാധീനിക്കില്ലെന്നും മോദി വ്യക്തമാക്കി.