Connect with us

Kerala

കേരളത്തില്‍ വച്ച് കാമുകനോടൊപ്പം ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് ജീവപര്യന്തം തടവ്

2021 ഡിസംബര്‍ 13-ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്

Published

|

Last Updated

തൃശൂര്‍ | കേരളത്തില്‍വച്ച് കാമുകനോടൊപ്പം ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് ജീവപര്യന്തം തടവ്. ചേര്‍പ്പ് പാറക്കോവിലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക്കിനെ (40) കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയ കേസിലാണ് ഒന്നാം പ്രതി പശ്ചിമ ബംഗാള്‍ ഹൂഗ്ലി സ്വദേശി ബീരു (33), രണ്ടാം പ്രതിയും മന്‍സൂര്‍ മാലിക്കിന്റെ ഭാര്യയുമായ രേഷ്മ ബീവി എന്നിവരെ തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജഡ്ജി കെ കമനീസ് ശിക്ഷിച്ചത്. കൊലപാതക കുറ്റത്തിന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ചുമത്തിയത്.

2021 ഡിസംബര്‍ 13-ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരുമിച്ച് ജീവിക്കുന്നതിനായി പ്രതികള്‍ മന്‍സൂര്‍ മാലിക്കിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീട്ടുപറമ്പില്‍ കുഴിച്ചുമൂടുകയുമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി രേഷ്മ ബീവി ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഒന്നാം പ്രതി ബീരുവിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ പോലീസ് പശ്ചിമ ബംഗാളില്‍ നിന്നാണ് ബീരുവിനെ പിടികൂടിയത്. ചേര്‍പ്പ് പോലീസ് സ്റ്റേഷന്‍ എ എസ് ഐ ജോയ് തോമസ്, സി പി ഒ റിന്‍സണ്‍, അന്‍വര്‍ എന്നിവരാണ് പ്രതിയെ വെസ്റ്റ് ബംഗാളില്‍ നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ബീരുവിനെ പിന്നീട് ജാമ്യം നല്‍കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചാണ് വിചാരണ പൂര്‍ത്തിയാക്കിയത്. അന്നത്തെ ചേര്‍പ്പ് എസ് എച്ച് ഒ ടി വി ഷിബുആണ് അന്വേഷണം പൂര്‍ത്തികരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

---- facebook comment plugin here -----

Latest