Kerala
രണ്ടത്താണിയെ ലീഗ് വ്യവസായികളുടെ സംഘടന പുറത്താക്കി
പാര്‍ട്ടിയുമായി ഇടഞ്ഞ രണ്ടത്താണി തിരൂരങ്ങാടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആയേക്കുമെന്ന വിവരം പുറത്തുവന്നിരുന്നു
മലപ്പുറം | മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണിയെ ലീഗ് നിയന്ത്രണത്തിനുള്ള വ്യവസായികളുടെ സംഘടന പുറത്താക്കി. കേരള സ്റ്റേറ്റ് സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്ത കുറിപ്പിലൂടെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് രണ്ടത്താണിയെ നീക്കിയത്. അധികാരമോഹവും സംഘടനയില്‍ വിഭാഗീയത ഉണ്ടാക്കിയതും ചൂണ്ടിക്കാട്ടിയാണ് നടപടി.
പാര്‍ട്ടിയുമായി ഇടഞ്ഞ രണ്ടത്താണി തിരൂരങ്ങാടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആയേക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. സി പി എം നേതാക്കള്‍ രണ്ടത്താണിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രണ്ടത്താണിയെ അനുനയിപ്പിക്കാന്‍ സാദിഖലി തങ്ങള്‍ പാണക്കാട്ടേക്കു വിളിപ്പിച്ചു.
സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണി ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ അതൃപ്തി പ്രകടിപ്പിച്ചു. ഒരു പഞ്ചായത്ത് ലീഗ് കമ്മിറ്റി പോലും ആവശ്യപ്പെടാതിരുന്ന പി എം എ സമീറിനെ തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് രണ്ടത്താണി ചോദിച്ചു. ഇതിന് പിന്നാലെയാണ് സി പി എം നേതൃത്വം രണ്ടത്താണിയുമായി ചര്‍ച്ച നടത്തിയത്.


