National
അതിര്‍ത്തിയിലെ സംഘര്‍ഷം: അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കും; എഎഐ
വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കും

ന്യൂഡല്‍ഹി|ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കാന്‍ തീരുമാനം. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തത്. തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു. വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പ്.
മൂന്നു ദിവസത്തിനുശേഷമാണ് വിമാനത്താവളങ്ങള്‍ തുറക്കുന്നത്. മെയ് 15വരെ വിമാനത്താവളങ്ങള്‍ അടച്ചിടാനാണ് തീരുമാനിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ വന്നശേഷം അതിര്‍ത്തി ശാന്തമായതോടെയാണ് പെട്ടെന്ന് തുറക്കാനുള്ള തീരുമാനമെടുത്തത്.
വിമാനത്താവളങ്ങള്‍ തുറക്കാനുള്ള നിര്‍ദേശവും പുറത്തിറക്കി. അമൃത്സര്‍, അധംപുര്‍, അംബാല, അവന്തിപ്പോര, ബന്ദിന്ദ, ഭുജ്, ബിക്കാനീര്‍, കുളു മണാലി, ലെ, ലുധിയാന, പത്താന്‍കോട്ട്, ഷിംല, ശ്രീനഗര്‍ എന്നീ 32 വിമാനത്താവളങ്ങളാണ് അടിയന്തരമായി തുറന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.