Articles
സംഘര്‍ഷവിരാമം സാധ്യമാണ്
ആക്രമണ, പ്രത്യാക്രമണ വിരാമം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പാക് പ്രധാനമന്ത്രി ചിലത് പറഞ്ഞിരുന്നു. വിവിധ വാര്‍ത്താ ഏജന്‍സികള്‍ ആ വാക്കുകളെ സംഘര്‍ഷവിരാമമായി വ്യാഖ്യാനിക്കുന്നുമുണ്ടായിരുന്നു. പക്ഷേ, പാകിസ്താനിലെ സിവിലിയൻ നേതൃത്വവും സൈന്യവും തമ്മിലുള്ള വടംവലി എല്ലാം നശിപ്പിക്കുമോ എന്നതാണ് ചോദ്യം. അതിർത്തിയിൽ നിന്ന് ഒടുവിൽ വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല.

musthafalogam@gmail.com
ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധത്തിലായിരുന്നോ? സാങ്കേതികമായി, അല്ല എന്നാണ് ഉത്തരം. ഇപ്പോള്‍ നിലവില്‍ വന്നതിനെ വെടിനിര്‍ത്തല്‍ എന്ന് പറയാമോ? യുദ്ധത്തിലായിരുന്നില്ല എന്നതിനാല്‍ വെടിനിര്‍ത്തല്‍ എന്ന പദവും അനുയോജ്യമല്ല. ഇരു രാജ്യങ്ങളും സൈനിക നടപടികള്‍ നിര്‍ത്തിവെക്കുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിടുന്നു. ഇതാണ് സംഭവിച്ചത്. ഇത് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ആക്രമണ വ്യാപനം ഇന്ത്യയുടെ ലക്ഷ്യമല്ലെന്നാണ് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വിശദീകരിച്ചത്. ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യം. ഒരു ആള്‍ ഔട്ട് യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങരുതെന്ന് തന്നെയായിരുന്നു ആ പ്രസ്താവനയുടെ അന്തസ്സത്ത. ആക്രമണ, പ്രത്യാക്രമണ വിരാമം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പാക് പ്രധാനമന്ത്രിയും ഇതേ നിലയില്‍ സംസാരിച്ചിട്ടുണ്ട്. “നിരപരാധികളുടെ ചോരക്ക് പകരം ചോദിച്ചു കഴിഞ്ഞു’വെന്നായിരുന്നു ശഹബാസ് ശരീഫിന്റെ അവകാശവാദം. വിവിധ വാര്‍ത്താ ഏജന്‍സികള്‍ ഈ വാക്കുകളെ സംഘര്‍ഷവിരാമമായി വ്യാഖ്യാനിക്കുന്നുണ്ടായിരുന്നു. പക്ഷേ, പാകിസ്താനിലെ സിവിലിയൻ നേതൃത്വവും സൈന്യവും തമ്മിലുള്ള വടംവലി എല്ലാം നശിപ്പിക്കുമോ എന്നതാണ് ചോദ്യം. അതിർത്തിയിൽ നിന്ന് ഒടുവിൽ വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല.
സ്വിച്ചിട്ട പോലെ എല്ലാം നിലച്ചുവെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് യുദ്ധഭീതിയോ യുദ്ധോത്സുകതയോ ഉണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. പഹല്‍ഗാം ഭീകരാക്രമണത്തോട് ശക്തമായി പ്രതികരിക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമായിരുന്നില്ല. ആഭ്യന്തരമായും അന്താരാഷ്ട്രീയമായും അത് അനിവാര്യമായിരുന്നു. പാക് അധീന കശ്മീരില്‍ നടത്തിയ സൈനിക നീക്കം, ഓപറേഷന്‍ സിന്ദൂര്‍, കൃത്യവും ആനുപാതികവുമായിരുന്നു. ഏറിയില്ല, കുറഞ്ഞുമില്ല. ഈ സൈനിക നീക്കം പാക് മെയിന്‍ലാന്‍ഡിലേക്ക് നീണ്ടതോടെ എന്തെങ്കിലും ചെയ്‌തേ തീരൂ എന്നതിലേക്ക് പാകിസ്താനും എത്തിച്ചേര്‍ന്നു. പതിവു വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നിയന്ത്രണ രേഖയില്‍ അവര്‍ കൂടുതല്‍ മാരകമാക്കി. സിവിലിയന്‍മാര്‍ മരിച്ചുവീണു. മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ എസ്- 400 അടക്കമുള്ള സംവിധാനങ്ങള്‍ ഇന്ത്യ പുറത്തെടുത്തു. സര്‍വ സന്നാഹങ്ങളെയും ഒരുക്കി നിര്‍ത്താനും പാകിസ്താന് ശക്തമായ സന്ദേശം നല്‍കാനും ഇന്ത്യ ശ്രമിച്ചു. ദൗര്‍ബല്യം ഒരിക്കലും സംഘര്‍ഷവിരാമം സൃഷ്ടിക്കുമായിരുന്നില്ല. ഉത്തരവാദിത്വപൂര്‍ണമായ പ്രതികരണത്തിനുള്ള ബാധ്യത ഇന്ത്യ നിര്‍വഹിക്കുകയായിരുന്നു. അതോടെ യുദ്ധ സാഹചര്യമുണ്ടായി. യുദ്ധവ്യാപന സാഹചര്യവും. ഇതിനപ്പുറത്തേക്കുള്ളതെല്ലാം യുദ്ധോത്സുക ആഘോഷങ്ങളായിരുന്നു. കറാച്ചി ആക്രമിച്ചു, പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അടുത്ത് ആക്രമണം നടന്നു, ഇന്ത്യന്‍ നാവിക സേന കളത്തിലിറങ്ങി തുടങ്ങിയ “യുദ്ധവാര്‍ത്ത’കള്‍ മണിക്കൂറുകളുടെ ആയുസ്സ് മാത്രമുള്ള നുണകളായി പരിണമിക്കുകയായിരുന്നുവല്ലോ.
യുദ്ധ ഭീതി
യുദ്ധ ഭീതിയും യുദ്ധോത്സുകതയും നിലനിന്നതിനാല്‍ മുഴുസമയ വാര്‍ത്താ ചാനലുകള്‍ക്ക് കാഴ്ചക്കാരേറി. അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭീതി നിറഞ്ഞ ആകാംക്ഷ മനുഷ്യരെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തളച്ചിട്ടു. കുതിച്ചുയരുന്ന രക്തസമ്മര്‍ദത്തോടെ അവര്‍ ഈ ബഹളങ്ങളില്‍ മുങ്ങി. തന്റെ ദൈനംദിന ജീവിതത്തെ ഏതൊക്കെ നിലയിലാണ് ഈ സംഭവഗതികള്‍ ബാധിക്കാന്‍ പോകുന്നതെന്ന് വ്യവച്ഛേദിച്ച് മനസ്സിലാക്കാനാകാതെ അവന്‍ അന്തിച്ചു നിന്നു. അങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ചോദിക്കാനുള്ള കേവല യുക്തി പോലും അസ്തമിച്ച, ഒട്ടും ശുഭാപ്തി വിശ്വാസമില്ലാത്ത മനുഷ്യരെയാണ് യുദ്ധഭീതി സൃഷ്ടിച്ചത്. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളും അടച്ചുവെന്ന് ഒരു ചാനല്‍ പ്രഖ്യാപിക്കുമ്പോള്‍ അത്രക്ക് ഗുരുതരമാണോ കാര്യങ്ങള്‍ എന്നല്ല മനുഷ്യര്‍ ചിന്തിച്ചത്. എന്തോ കാര്യമായി നടക്കാന്‍ പോകുന്നുവെന്നാണ്. അത്രക്കുണ്ടായിരുന്നു യുദ്ധഭീതിയുടെ കാഠിന്യം.
കഴിഞ്ഞ ദിവസം പലചരക്ക് കടയില്‍ പോയപ്പോഴാണ് യുദ്ധഭീതി എങ്ങനെയാണ് മനുഷ്യരെ നേരിട്ട് സ്പര്‍ശിക്കുകയെന്ന് മനസ്സിലായത്. ജീവിതത്തില്‍ ഒരു യുദ്ധകാലവും അനുഭവിച്ചിട്ടില്ലാത്ത ആളുകള്‍ ചോദിക്കുകയാണ്: ‘അരിയൊക്കെ കുറച്ചധികം വാങ്ങിവെക്കാം. നാളെയെന്താകുമെന്ന് ആര് കണ്ടു?’ രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പ്രത്യേക വാര്‍ത്താ കുറിപ്പിറക്കേണ്ടിവന്നുവെന്നത് യുദ്ധഭീതി കമ്പോളത്തെ എങ്ങനെ സ്വാധീനിക്കാന്‍ പോകുന്നുവെന്നതിന്റെ തെളിവായിരുന്നു. “ഇന്ധന ക്ഷാമമില്ല. ആരും ആവശ്യത്തിലധികം ഇന്ധനവും പാചക വാതകവും വാങ്ങിക്കൂട്ടരുതെ’ന്ന് ഐ ഒ സി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പാനിക് ബയിംഗ് എന്ന പദമാണ് ആ വാര്‍ത്താ കുറിപ്പില്‍ പ്രയോഗിച്ചത്. ഭ്രാന്തമായ വാങ്ങല്‍. ഇത്തരമൊരു ദുരന്തത്തില്‍ നിന്ന് ഇരു രാജ്യങ്ങളും രക്ഷപ്പെട്ടുവെന്നതാണ് ഈ സംഘര്‍ഷവിരാമത്തിന്റെ യഥാര്‍ഥ സാമ്പത്തിക ഫലം.
സാന്പത്തിക ദുരന്തം
“ആയിരക്കണക്കായ മനുഷ്യര്‍ വിശന്ന് വലഞ്ഞ് മരിച്ച് വീണു; ചാക്കുകണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂട്ടിവെച്ച കൂറ്റന്‍ വീടുകള്‍ക്കും പാണ്ടികശാലകള്‍ക്കും മുന്നില്‍’- ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഭീകരമായ ഭക്ഷ്യക്ഷാമമെന്ന് ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തിയ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് ഡോ. അമര്‍ത്യാ സെന്‍ നടത്തിയ പഠനത്തിലെ ഇന്നും പ്രസക്തമായ നിരീക്ഷണമാണ് ഇത്. 1943ലായിരുന്നു ബംഗാള്‍ പ്രവിശ്യയില്‍ കടുത്ത ക്ഷാമം മഹാമാരി പോലെ പടര്‍ന്നത്. മുപ്പത് ലക്ഷം മനുഷ്യര്‍ ഉണ്ണാനില്ലാതെ മരണത്തില്‍ നിശബ്ദമായെന്നാണ് കണക്ക്. അന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നം. സാധാരണ ജനങ്ങള്‍ക്ക് ധാന്യങ്ങള്‍ വാങ്ങാനുള്ള ക്രയശേഷി ഇല്ലാതിരുന്നതാണ് പട്ടിണി മരണങ്ങള്‍ക്ക് വഴിവെച്ചത്. ക്ഷാമം വരാന്‍ പോകുന്നുവെന്ന ഭീതിയാണ് ആദ്യം പടര്‍ന്നത്. സമ്പന്നര്‍ കൊല്ലങ്ങളോളം ഉണ്ണാനുള്ള ധാന്യങ്ങള്‍ വാങ്ങിക്കൂട്ടി. അവരുടെ അധിക ക്രയശേഷി ഇത്തരം ഭ്രാന്തമായ വാങ്ങലുകള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. അതോടെ ഭക്ഷണ പദാര്‍ഥങ്ങള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. വില കുതിച്ചുയര്‍ന്നു. കൂലിപ്പണിക്കാരുടെയും നാമമാത്ര കർഷകരുടെയും കൈയില്‍ നീക്കിയിരിപ്പ് ഒന്നുമില്ലായിരുന്നു. നിഷ്‌ക്രിയ പണം കുന്നുകൂട്ടിയവര്‍ പക്ഷേ, കൊല്ലുന്ന വിലക്കയറ്റത്തിന്റെ ഘട്ടത്തിലും വാങ്ങല്‍ ഒരു ഹരമാക്കി മാറ്റി. അതോടെ ദരിദ്രര്‍ പട്ടിണി കിടന്ന് മരിച്ചു. ഇന്ത്യാ- പാക് സംഘര്‍ഷം അല്‍പ്പം കൂടി നീണ്ടിരുന്നുവെങ്കില്‍ രൂക്ഷമായ വിലക്കയറ്റത്തിന്റെയും പൂഴ്ത്തിവെപ്പിന്റെയും കരിഞ്ചന്തയുടെയും ദുരന്ത കാലത്തേക്ക് ഇന്ത്യയും പാകിസ്താനും കൂപ്പുകുത്തുമായിരുന്നു.
കശ്മീരിലെ മനുഷ്യർ
ഇരു രാജ്യങ്ങളും ഊരിയ വാള്‍ ഉറയിലിട്ടതില്‍ ഏറ്റവും കൂടുതല്‍ ആനന്ദിക്കുന്നത് കശ്മീരിലെ മനുഷ്യരാണ്. എത്രകാലമായി ആ ജനത അനുഭവിക്കുന്നു. രാജ്യത്തെവിടെയും തുല്യ നിയമവും തുല്യ പരിഗണനയും വേണം, ആര്‍ക്കും പ്രത്യേക അവകാശം വേണ്ട എന്ന് ശഠിച്ച് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയവരോ അതിന് മുമ്പുള്ള ഭരണകര്‍ത്താക്കളോ എപ്പോഴെങ്കിലും കശ്മീരിലെ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടോ? ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എല്ലാ പൗരന്‍മാര്‍ക്കും ജീവിക്കാനുള്ള അവകാശം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ അനുച്ഛേദം വ്യാഖ്യാനിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞത് “അന്തസ്സോടെ ജീവിക്കാ’നുള്ള അവകാശമെന്നാണ്. ഈ അന്തസ്സ് കശ്മീരികള്‍ക്ക് എന്നെങ്കിലും വകവെച്ച് കൊടുത്തിട്ടുണ്ടോ? എക്കാലവും അവരുടെ ദേശക്കൂറിനെ സംശയിക്കുകയല്ലേ ചെയ്തത്? സുരക്ഷാ പിടിപ്പുകേട് മുതലെടുത്ത് തീവ്രവാദികള്‍ അനായാസം കടന്നുവന്ന് 26 മനുഷ്യരെ കൊന്ന് കടന്നുകളഞ്ഞപ്പോഴും കശ്മീരിയുടെ മതവും നിലപാടുകളും പ്രതിഷേധവുമല്ലേ പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വന്നത്. കശ്മീരിയുടെ കരുതല്‍ സ്ഥാപിച്ചെടുക്കാന്‍ എത്ര സ്റ്റോറികള്‍ ചെയ്യേണ്ടി വന്നു. ആരതിയുടെയും ഹിമാന്‍ശി നര്‍വാളിന്റെയും ബൈറ്റുകള്‍ ആഘോഷിക്കേണ്ടി വന്നില്ലേ. ഭൗമരാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇരയാകാതെ ഒരു ദിനവും കശ്മീരിക്ക് തള്ളി നീക്കാനാകില്ല. ആഗോള യുദ്ധ തന്ത്രങ്ങളുടെയും ആയുധങ്ങളുടെയും പരീക്ഷണ ശാലയായി ഈ ഭൂവിഭാഗം മാറിക്കഴിഞ്ഞിട്ട് കാലമെത്രയായി. ഇപ്പോള്‍ സാധ്യമായ സംഘര്‍ഷ വിരാമം മറ്റാരേക്കാളും കശ്മീരികള്‍ ആഘോഷിക്കും. അപ്പോഴും നാം അവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും.
അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് കൂടിയാണ് സൈനികാക്രമണ നടപടി അവസാനിക്കുമ്പോള്‍ അന്ത്യമാകുന്നത്. ജ്വലിച്ച് നിന്ന യുദ്ധാസക്തിക്കും തീവ്രദേശീയതക്കും ഭരണകൂട നിയന്ത്രണങ്ങള്‍ക്കും ഇടയില്‍ നിലച്ചു പോയ പൗരശബ്ദങ്ങള്‍ മെല്ലെ പുറത്ത് വന്ന് തുടങ്ങും. ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങും. പഹല്‍ഗാമില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന ചോദ്യവും കൂട്ടത്തിലുണ്ടാകും. യുദ്ധവെറിയും അപരവിദ്വേഷവും മനസ്സിലാവാഹിച്ച് ആവേശപ്പെട്ട് നടന്ന ആയിരക്കണക്കായ ഫാസിസ്റ്റുകള്‍ ഇപ്പോഴത്തെ സമാധാന സാധ്യതയില്‍ നിരാശരാണ്. അവര്‍ക്ക് മൃതദേഹങ്ങള്‍ മതിയായിട്ടില്ല. മിസൈല്‍ വര്‍ഷങ്ങള്‍ അവര്‍ക്ക് പൂരപ്പടക്കങ്ങളായിരുന്നു. മരിച്ചുവീണ സൈനികര്‍ അവര്‍ക്ക് ബലിദാനികളായിരുന്നു. അവര്‍ക്ക് രസം പിടിച്ചു വരികയായിരുന്നു. അക്കൂട്ടര്‍ അതിര്‍ത്തിക്ക് ഇരു പുറവുമുണ്ട്. അവരുടെ കഴുകക്കണ്ണുകള്‍ രാഷ്ട്രീയവും വര്‍ഗീയവുമായ നേട്ടങ്ങള്‍ ചൂഴ്ന്ന് നോക്കിയിരിപ്പായിരുന്നു. അവരുടെ രസച്ചരട് മുറിച്ചതാരാണ്?
എങ്ങനെ?
ഒന്നാമതായി പാകിസ്താനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെയാണ്. സൈന്യത്തിന്റെ ഏകപക്ഷീയമായ പോക്കില്‍ പാക് ജനത അസ്വസ്ഥരായിരുന്നു. പ്രതീക്ഷിച്ച ഇടങ്ങളില്‍ നിന്ന് പിന്തുണ വരുന്നില്ലെന്ന് കണ്ടതോടെ സിവിലിയന്‍ നേതൃത്വത്തിലും വിള്ളല്‍ വ്യക്തമായിരുന്നു. ഇംറാന്‍ ഖാന്‍ ജയിലിലായിരിക്കെ അദ്ദേഹത്തിന്റെ അനുയായികള്‍ പുറത്ത് വലിയൊരു രാഷ്ട്രീയ നീക്കത്തിന് കോപ്പ് കൂട്ടുന്നുണ്ടായിരുന്നു. ബലൂചില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം എന്നൊക്കെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്ത പര്‍വതീകരണമായിരുന്നെങ്കിലും പാക് നേതൃത്വത്തെ കുഴക്കുന്ന ചില സംഭവവികാസങ്ങള്‍ അവിടെ രൂപപ്പെടുന്നുണ്ടായിരുന്നു. സംഘര്‍ഷം നീണ്ടാല്‍ കൂടുതല്‍ ദുര്‍ബലമായ പാകിസ്താന്‍ ലോകത്തിന് മുമ്പില്‍ അനാവൃതമാകുമെന്നത് അവരെ സമാധാന സന്നദ്ധതയിലേക്ക് നയിച്ചു. എല്ലാം ഞാന്‍ ഇടപെട്ടു ശരിയാക്കിയെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ വിദേശ ശക്തികള്‍ ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് പറയാനാകില്ല. കമ്പോള താത്പര്യങ്ങള്‍ ട്രംപിനെ മാത്രമല്ല, എല്ലാ വന്‍ ശക്തികളെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നുണ്ടല്ലോ. ആയുധക്കമ്പോളത്തിന് പോലും യുദ്ധകാലം നന്നല്ല. ആയുധങ്ങളുടെ കൃത്യത പരീക്ഷിക്കപ്പെടുന്നത് വിൽപ്പനക്കാർക്ക് താത്പര്യമില്ല. യുദ്ധസാധ്യതയാണ് അവര്‍ക്കും വേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലില്‍ കഴിയുന്ന പാകിസ്താന് ഐ എം എഫ് ഒരു ബില്യണ്‍ ഡോളറിന്റെ പാക്കേജ് അനുവദിക്കാന്‍ “വെടിനിര്‍ത്തല്‍’ മുന്നുപാധിയാക്കി വെച്ചുവോ? ഉണ്ടാകാം.
സമാധാന പ്രതീക്ഷയുടെ ഈ പകലിരവുകള്‍ സംഘര്‍ഷ കാലത്ത് ഇടറാതെ യുദ്ധവിരുദ്ധതയെക്കുറിച്ച് സംസാരിച്ചവരുടേതാണ്. ന്യൂസ് റൂമുകളിലിരുന്ന് വാര്‍ ടോക്‌സിക് തലക്കെട്ടുകള്‍ മെനഞ്ഞ സര്‍വരും അവയൊക്കെ ഒന്നുകൂടിയെടുത്തു നോക്കട്ടെ. സ്റ്റുഡിയോകളിലിരുന്ന് വാക് മിസൈലുകള്‍ തുരുതുരാ തൊടുത്തവര്‍ ആ കഥാപ്രസംഗങ്ങള്‍ ഒരിക്കല്‍ കൂടി കണ്ടു നോക്കട്ടെ. നാണിക്കട്ടെ.