Kerala
ക്ലിഫ് ഹൗസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലും പന്തവും എറിഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജ് ചെയ്ത് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ ക്ലിഫ് ഹൗസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലും പന്തവും എറിഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജ് ചെയ്ത് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.
രാജ്ഭവന് മുന്നില്‍ നിന്ന് ആരംഭിച്ചു പന്തം കൊളുത്തി പ്രകടനവുമായിട്ടാണ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് എത്തിയത്. സമീപത്തുണ്ടായിരുന്ന സി പി എം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കോണ്‍ഗ്രസുകാര്‍ തകര്‍ത്തു.ബാരിക്കേഡുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ച പോലീസിന് നേരെ പ്രവര്‍ത്തകര്‍ തീപ്പന്തവും കല്ലും എറിഞ്ഞു. തീപ്പന്തം പോലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നാല് തവണ പോലീസിന് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്മാറായതോടെ പൊലീസ് ലാത്തി വീശി.
വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് ലാത്തി വീശി. സ്ഥലത്ത് വലിയ രീതിയില്‍ വാക്കേറ്റം ഉണ്ടായി. പോലീസിനെതിരെ ഗോ ബാക്ക് വിളിച്ച് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്നു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ പ്രതിപക്ഷനേതാവിന്റെ വീട് കയറി ഡി വൈ എഫ് ഐക്കാര്‍ ആക്രമിച്ചതായും ഷാഫി പറമ്പില്‍ എം പിയെ തടഞ്ഞുനിര്‍ത്തി പരസ്യമായി അപമാനിച്ചതായും ആരോപിച്ചായിരുന്നു ക്ലിഫ് ഹൗസ് മാര്‍ച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌റ് നേമം ഷജീര്‍ പ്രതികരിച്ചു.
ഒരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചു. വനിതാ പ്രവര്‍ത്തകരെയടക്കം പുരുഷ പൊലീസ് മര്‍ദിച്ചു. ഒരു പ്രവര്‍ത്തകന് തലയ്ക്ക് പരുക്കേറ്റു. ഇതെല്ലാം പിണറായിയുടെ കൃത്യമായ നിര്‍ദേശമാണെന്നും ഡി വൈ എഫ് ഐയും കേരളാ പോലീസും ഒരുപോലെ ഗുണ്ടായിസം കാണിക്കുകയാണെന്നും ഷജീര്‍ ആരോപിച്ചു.