Connect with us

International

സഊദിയിലെ അല്‍ഖോബാറില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി ഇന്ത്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുഹമ്മദ് യൂസുഫ് അഹമ്മദി (3), ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദില്‍ അഹമ്മദ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാം അല്‍ഖോബാറില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി ഇന്ത്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുഹമ്മദ് യൂസുഫ് അഹമ്മദി (3), ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദില്‍ അഹമ്മദ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്,

തെലങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനിയായ സൈദ ഹുമൈറ അംറീന്‍ (32) ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാശ്രമം നടത്തിയത്. ബാത്ത് ടബ്ബില്‍ വെള്ളം നിറച്ച് ശ്വാസംമുട്ടിച്ച് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച ഇവര്‍ തെന്നിവീണ് അബോധാവസ്ഥയിലാവുകയായിരുന്നു. സംഭവസമയത്ത് പുറത്തായിരുന്ന ഭര്‍ത്താവ് മുഹമ്മദ് ഷാനവാസ് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. തുടര്‍ന്ന് അധികൃതരെ അറിയിക്കുകയായിരുന്നു

ദീര്‍ഘകാലമായി സഊദിയില്‍ പ്രവാസിയായ മുഹമ്മദ് ഷാനവാസ് എട്ട് മാസങ്ങള്‍ക്കു മുമ്പാണ് സന്ദര്‍ശക വിസയില്‍ കുടുംബത്തെ സഊദിയിലേക്ക് കൊണ്ടുവന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സൈദ ഹുമൈറയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് ഷാനവാസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സഊദി റെഡ്ക്രസന്റ് സംഘം സംഭവസ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ദമാമില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056).

 

Latest