Articles
വിദ്യാര്‍ഥി കുടിയേറ്റം: പ്രതീക്ഷകൾ, പ്രലോഭനങ്ങൾ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തന്നെ ആഗോള വിദ്യാര്‍ഥി കുടിയേറ്റം ഗണ്യമായി വര്‍ധിച്ചതായി കാണാം. ആഗോള വൈജ്ഞാനിക സാമ്പത്തിക വ്യവസ്ഥ മുന്നോട്ടുവെക്കുന്ന നൂതനവും മെച്ചപ്പെട്ടതുമായ തൊഴില്‍ രീതികളെ സ്വായത്തമാക്കാനുള്ള ശ്രമം കൂടിയാണിത്. ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍, നിലവില്‍ പ്രവാസി മലയാളികളില്‍ 11.3 ശതമാനം വിദ്യാര്‍ഥികള്‍ ആണെന്നും കുടിയേറ്റ വളര്‍ച്ചാ നിരക്ക് 154.9 ശതമാനമാണെന്നും സൂചിപ്പിക്കുന്നുണ്ട്.

1970- 80 കാലഘട്ടങ്ങളിലെ ഗള്‍ഫ് ബൂം പ്രതിഭാസത്തോട് തുല്യമായാണ് വിദേശ വിദ്യാഭ്യാസ കുടിയേറ്റത്തെ കണക്കാക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ വിദ്യാര്‍ഥി കുടിയേറ്റത്തില്‍ വമ്പിച്ച വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിരവധി സാമൂഹിക, സാമ്പത്തിക ഘടകങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്. 2018ല്‍ 1,29,763 ആയിരുന്നു ഉപരിപഠനാര്‍ഥം വിദേശത്തേക്ക് പലായനം ചെയ്ത കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണമെങ്കില്‍ 2023ല്‍ 2,50,000 ആയി വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു.
എന്താണ് വിദ്യാര്‍ഥി കുടിയേറ്റം?
12 മാസമോ അതിലധികമോ കാലം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ജന്മനാട്ടില്‍ നിന്ന് പുറത്തുപോകുന്നതിനെയാണ് വിദ്യാര്‍ഥി കുടിയേറ്റം എന്ന് വിളിക്കുന്നത്. ദേശീയ കുടിയേറ്റ വികസന ഇന്‍സ്റ്റിറ്റിയൂഷന്റെയും നോര്‍ക്കയുടെയും സഹായത്തോടെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ (ഗിഫ്റ്റ്) നടത്തിയ 2023ലെ കുടിയേറ്റ സര്‍വേ റിപോര്‍ട്ട് പ്രകാരം, 2018 വര്‍ഷത്തെ അപേക്ഷിച്ച് വിദ്യാഭ്യാസ അധിഷ്ഠിത കുടിയേറ്റം 2023ല്‍ ക്രമാതീതമായി വര്‍ധിച്ചു. കുടിയേറ്റം കൂടുതലും യു കെ, കാനഡ പോലെ നോണ്‍ ജി സി സി രാജ്യങ്ങളിലേക്കാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തന്നെ ആഗോള വിദ്യാര്‍ഥി കുടിയേറ്റം ഗണ്യമായി വര്‍ധിച്ചതായി കാണാം. ആഗോള വൈജ്ഞാനിക സാമ്പത്തിക വ്യവസ്ഥ മുന്നോട്ടുവെക്കുന്ന നൂതനവും മെച്ചപ്പെട്ടതുമായ തൊഴില്‍ രീതികളെ സ്വായത്തമാക്കാനുള്ള ശ്രമം കൂടിയാണിത്. ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍, നിലവില്‍ പ്രവാസി മലയാളികളില്‍ 11.3 ശതമാനം വിദ്യാര്‍ഥികള്‍ ആണെന്നും കുടിയേറ്റ വളര്‍ച്ചാ നിരക്ക് 154.9 ശതമാനമാണെന്നും സൂചിപ്പിക്കുന്നുണ്ട്.
വെല്ലുവിളികള്‍
ആഗോള തൊഴില്‍ കമ്പോളത്തില്‍ മത്സരം വര്‍ധിച്ചുവരികയാണ്. ആഗോളനിലവാരത്തില്‍ പരിശീലനവും അനുഭവസമ്പത്തും നേടിയവരെയാണ് തൊഴില്‍ ദാതാക്കള്‍ സ്വീകരിക്കാന്‍ സന്നദ്ധരാകുന്നത്. ഈ പ്രവണത മാതൃരാജ്യത്തിന്റെ മസ്തിഷ്‌ക ചോര്‍ച്ചക്കും സാമ്പത്തിക ചോര്‍ച്ചക്കും കാരണമാകുന്നുവെന്ന് ഇന്റര്‍നാഷനല്‍ ജേര്‍ണലുകള്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ അന്താരാഷ്ട്രാവത്കരണം താത്കാലിക കുടിയേറ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിര കുടിയേറ്റങ്ങള്‍ക്ക് ഇടയാക്കുന്നു എന്നതാണ് ഇത് ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് വിദേശ വിദ്യാഭ്യാസത്തിനായി കുടിയേറിയ മനുഷ്യ വിഭവങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. 2016ല്‍ 3,70,000 പേരും 2023ല്‍ 8,95,000 പേരും 2024ല്‍ ജൂലൈ വരെയുള്ള കണക്കനുസരിച്ച് 3,60,000 പേരും കേരളത്തില്‍ നിന്ന് കടല്‍ കടന്നിട്ടുണ്ട്. ‘വിദ്യാര്‍ഥികളില്‍ രൂപപ്പെട്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഈ കുടിയേറ്റ മനോഭാവം ആശങ്കാജനകമായ കാര്യമല്ലെന്നും സന്തുലിതാവസ്ഥ കൈവരിക്കുമെന്നും ഈ സാഹചര്യത്തെ പാന്‍ ഇന്ത്യന്‍ പ്രതിഭാസമായാണ് വിലയിരുത്തുന്നത് എന്നും എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ടി അരവിന്ദ് കുമാര്‍ പറയുന്നുണ്ട്.
പ്രലോഭിപ്പിക്കുന്ന ഘടകങ്ങള്‍
വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവരുടെ ജീവിതകഥകള്‍ പുതിയ കാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ അടുത്തറിയുന്നതും അവിടുത്തെ സംസ്‌കാരങ്ങളെ അനുഭവിക്കാനുള്ള താത്പര്യം രൂപപ്പെടുന്നതും പ്രധാന ഘടകങ്ങളാണ്. മെച്ചപ്പെട്ട ജീവിത നിലവാരത്തോടൊപ്പം പൗരത്വം ലഭിക്കാനുള്ള എളുപ്പ വഴിയുമായാണ് വിദേശ വിദ്യാഭ്യാസ കുടിയേറ്റത്തെ കണക്കാക്കുന്നത്. സാന്ദര്‍ഭികവും വ്യക്തിപരവുമായ കാരണങ്ങളേക്കാള്‍ നിര്‍ബന്ധിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ ഘടകങ്ങള്‍ വിദ്യാഭ്യാസാധിഷ്ഠിത കുടിയേറ്റത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
മാതൃരാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക ഞെരുക്കം, സാമൂഹിക അസ്വസ്ഥകള്‍ എന്നിവ ജീവിതത്തിനും പഠനത്തിനും സുരക്ഷിതത്വമുള്ള അന്തരീക്ഷം തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നു. സാമ്പത്തിക സഹായങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പരിമിതിയാണ് ഇവിടെ നേരിടുന്ന മറ്റൊരു പ്രശ്‌നം. വിദേശ രാജ്യങ്ങളില്‍ സ്‌കോളര്‍ഷിപ്പുകളും മികച്ച സൗകര്യങ്ങളും അവസരങ്ങളും ലഭിക്കുന്നു. മികച്ച വിദ്യാഭ്യാസ രീതികള്‍, ഗവേഷണ സാധ്യതകള്‍, പഠന മികവിന് സഹായകമാകുന്ന സാമഗ്രികളും സേവനങ്ങളും, മികച്ച പഠനം സാധ്യമാക്കുന്ന ആകര്‍ഷണീയമായ വരുമാനം, മികച്ച കരിയര്‍, വിശാലമായ തൊഴില്‍ സാധ്യതകള്‍, സുസ്ഥിരമായ രാഷ്ട്രീയ പരിസ്ഥിതി, സുരക്ഷിത ചുറ്റുപാടുകള്‍, വിദേശങ്ങളില്‍ മാത്രം ലഭ്യമായ കരിയര്‍ സാധ്യതകള്‍, സ്‌കോളര്‍ഷിപ്പുകള്‍, വ്യത്യസ്ത ദേശങ്ങളിലുള്ള മനുഷ്യരെയും അവരുടെ ഭാഷയെയും സംസ്‌കാരങ്ങളെയും അനുഭവിച്ചറിയാനുള്ള താത്പര്യങ്ങള്‍ എന്നിവയൊക്കെ വിദ്യാര്‍ഥി കുടിയേറ്റത്തിനുള്ള മറ്റു ഘടകങ്ങളാണ്. അത് കൂടാതെ വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന വ്യക്തി സ്വാതന്ത്ര്യവും പ്രധാനമാണ്. തൊഴില്‍ഭാരം കൂടാതെയുള്ള വര്‍ക്ക് ലൈഫ് ബാലന്‍സ്, നൈപുണി ശേഷി വികസിപ്പിക്കാനുള്ള അവസരം തുടങ്ങിയവയാണ് വിദ്യാര്‍ഥികളെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങള്‍.
ലക്ഷ്യം കൈവരിക്കുന്നുണ്ടോ?
ഒരു വര്‍ഷം ഡിപ്ലോമക്കും രണ്ട് വര്‍ഷം ബിരുദാനന്തര ബിരുദത്തിനും എത്തിയ വിദ്യാര്‍ഥിക്ക് പഠനത്തിനു ശേഷം ഒരു വര്‍ഷം മാത്രമേ ആ രാജ്യത്ത് തുടരാന്‍ സാധിക്കൂ. പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിന്നീട് വ്യത്യസ്ത മേഖലകളില്‍ ജോലികള്‍ ചെയ്യുന്നത്. പഠനവുമായി ബന്ധപ്പെട്ട ഒരു ജോലിയും ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്നില്ല. എം ബി എയും എന്‍ജിനീയറിംഗും കഴിഞ്ഞ വിദ്യാര്‍ഥികള്‍ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യേണ്ടിവരുന്ന അനുഭവങ്ങള്‍ പങ്കുവെക്കുന്നു. ലോണ്‍ എടുത്തും വീട് പണയം വെച്ചും എത്തിയവര്‍ക്ക് അവിടെ തുടരുക എന്നല്ലാതെ മറ്റു വഴികള്‍ ഇല്ല. അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയുടെ ലിസ്റ്റില്‍ പോലും ഉള്‍പ്പെടാത്ത സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് തിരിച്ചെത്തുമ്പോള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയോ തൊഴിലവസരത്തിനായി ബിരുദം പ്രയോജനപ്പെടുകയോ ഇല്ല. “ബ്രെയിന്‍ വേസ്റ്റ്’ എന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് ഇത് ഉയര്‍ത്തുന്നത്.
2023ലെ കേരള കുടിയേറ്റ സര്‍വേ റിപോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ, പിരിച്ചുവിടല്‍ കാരണമായി നല്ലൊരു ശതമാനം കുടിയേറ്റക്കാരുടെ തിരിച്ചുവരവ് തകൃതിയായി നടക്കുന്നുണ്ടെന്നും 4.4 ശതമാനം ആളുകള്‍ മാത്രമേ ലക്ഷ്യപൂര്‍ത്തീകരണം കഴിഞ്ഞ് മടങ്ങുന്നവര്‍ ഉള്ളൂ എന്നും സൂചിപ്പിക്കുന്നുണ്ട്. ജസ്റ്റിസ് ബി ആര്‍ ഗവായി അഹമ്മദാബാദ് നാര്‍സല്‍ ലോ യൂനിവേഴ്‌സിറ്റി കോണ്‍വെക്കേഷനില്‍ സംസാരിക്കുന്നതിനിടെ, “സ്‌കോളര്‍ഷിപ്പുകളും ഫണ്ടുകളും നേടി ലക്ഷ്യത്തോടെ മാത്രമാണ് വിദേശത്തേക്ക് പുറപ്പെടേണ്ടത്, സമ്മര്‍ദത്തോടെ അല്ല’ എന്ന് വിദ്യാര്‍ഥികളോട് സംവദിക്കുന്നുണ്ട്. വിദേശ ഡിഗ്രി നേടുക എന്നത് മാത്രം വിദ്യാര്‍ഥികളുടെ മൂല്യത്തിന്റെ മുദ്ര അല്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
പരിഹാരം
ശരിയായ വിദ്യാഭ്യാസത്തിന് മികച്ച തിരഞ്ഞെടുപ്പുകള്‍ അനിവാര്യമാണ്. വ്യാജ ഏജന്‍സികളുടെ ഇടപെടല്‍ മൂലം വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. വിദ്യാഭ്യാസ ലോണ്‍ വീട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി, നിയമവിരുദ്ധമായ പാര്‍ട്ട് ടൈം ജോലികളില്‍ ഇടപെടുകയും വിസ തള്ളിക്കളയാന്‍ കാരണമാകുകയും ചെയ്യുന്നു.
യൂനിവേഴ്‌സിറ്റികളുടെ കമ്മീഷന്‍ മാത്രം ലക്ഷ്യം വെച്ചാണ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ പഠനനിലവാരത്തില്‍ പലരും താത്പര്യം പ്രകടിപ്പിക്കുന്നില്ല. 15 മുതല്‍ 20 ലക്ഷം വരെയാണ് ഒരു വര്‍ഷ ഡിപ്ലോമയുടെ ഫീസ്. രണ്ട് വര്‍ഷത്തിന് മുകളില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ ഫീസിന്റെ നിശ്ചിത ശതമാനമാണ് കമ്മീഷന്‍ നല്‍കുന്നത്. 40 ശതമാനം വരെ കമ്മീഷന്‍ കൊടുക്കുന്ന യൂനിവേഴ്‌സിറ്റികള്‍ നിലവില്‍ യു കെയിലുണ്ട്. ഏജന്‍സികള്‍ പറയുന്നതല്ല യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കുന്നത്.
കൃത്യമായ അവലോകനത്തോടെയും പ്ലാനിംഗോടെയും ശരിയായ വിദേശ വിദ്യാഭ്യാസം നടത്തുക സാധ്യമാണ്. കൃത്യമായ ലക്ഷ്യബോധത്തോടെ വിദേശത്ത് എത്തുന്നവര്‍ വിജയം നേടുമെന്നത് തീര്‍ച്ചയാണ്. പോകുന്ന സ്ഥലത്തിന്റെ അവസ്ഥ, കിട്ടാന്‍ സാധ്യതയുള്ള ജോലി, ശമ്പളം, ജീവിത ചെലവ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ബോധ്യമുണ്ടായിരിക്കുക എന്നത് അത്യാവശ്യമാണ്. വഞ്ചിക്കപ്പെടാതിരിക്കുക എന്നത് സ്വയം ഉത്തരവാദിത്വവുമാണ്.