Connect with us

Kerala

കേരളത്തിന്റെ മത്സ്യബന്ധന മേഖല അതിഥി തൊഴിലാളികളുടെ കൈയ്യിൽ

മത്സ്യബന്ധന മേഖലയിലെ മൊത്തം തൊഴിലാളികളിൽ 58% വും അതിഥി തൊഴിലാളികളാണെന്ന് പഠനം

Published

|

Last Updated

കൊച്ചി | കേരളത്തിന്റെ സമുദ്ര മത്സ്യബന്ധന മേഖലയിൽ അതിഥി തൊഴിലാളികളുടെ ആധിപത്യം വർധിക്കുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) പഠനം. മത്സ്യബന്ധന മേഖലയിലെ മൊത്തം തൊഴിലാളികളിൽ 58% വും അതിഥി തൊഴിലാളികളാണെന്ന് പഠനം വ്യക്തമാക്കുന്നു. മത്സ്യബന്ധനം, വിപണനം, സംസ്‌കരണം എന്നീ മേഖലകളിലെ അതിഥി തൊഴിലാളികളുടെ വർധിച്ച സാന്നിധ്യത്തെക്കുറിച്ചാണ് സിഎംഎഫ്ആർഐ പഠനം നടത്തിയത്.

പഠനമനുസരിച്ച്, എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ് അതിഥി തൊഴിലാളികളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ. ഇവിടുത്തെ യന്ത്രവൽകൃത മത്സ്യബന്ധന മേഖലയിലെ 78% തൊഴിലാളികളും തമിഴ്നാട്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മത്സ്യ സംസ്‌കരണ യൂണിറ്റുകളിൽ 50 ശതമാനവും വിപണന മേഖലയിൽ 40 ശതമാനവും അതിഥി തൊഴിലാളികളാണ്. യുവതലമുറ ഈ തൊഴിൽമേഖലയിലേക്ക് വരുന്നില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.

തദ്ദേശീയ തൊഴിലാളികളുടെ ദുരിതങ്ങൾ

മത്സ്യബന്ധന മേഖലയിൽ തദ്ദേശീയ തൊഴിലാളികൾ പല വെല്ലുവിളികളും നേരിടുന്നുണ്ട്. കുറഞ്ഞ വരുമാനം, കടബാധ്യത, ഓഫ്-സീസൺ കാലങ്ങളിലെ തൊഴിലില്ലായ്മ, ഉയർന്ന പലിശ നിരക്കുകൾ എന്നിവ ഇവരിൽ പലരുടെയും ജീവിതം ദുരിതപൂർണ്ണമാക്കുന്നു. അതേസമയം, അതിഥി തൊഴിലാളികൾ തങ്ങളുടെ വരുമാനത്തിന്റെ 75% വരെ സ്വന്തം നാട്ടിലെ കുടുംബങ്ങൾക്ക് അയക്കുന്നു. എന്നാൽ, തദ്ദേശീയ തൊഴിലാളികളെക്കാൾ കുറഞ്ഞ വരുമാനമാണ് അതിഥി തൊഴിലാളികൾക്ക് ലഭിക്കുന്നത്.

അതിഥി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ

കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സ്വത്വ പ്രതിസന്ധി, ഒറ്റപ്പെടൽ, വിവേചനം തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. എന്നിരുന്നാലും, സ്വന്തം നാട്ടിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണമാണ് അവർ കേരളത്തിലേക്ക് വരുന്നത്. ഇവിടെ ലഭിക്കുന്ന ഉയർന്ന വേതനവും തൊഴിൽ സാധ്യതകളും അവരെ കേരളത്തിലേക്ക് ആകർഷിക്കുന്നു.

Latest