Articles
പാകിസ്താൻ യുദ്ധം ആഗ്രഹിക്കുന്നു; ഇന്ത്യ ഉത്തരവാദിത്വം കാട്ടുന്നു
പാകിസ്താന്‍ യുദ്ധം ആഗ്രഹിക്കുന്നു; ഇന്ത്യ ഉത്തരവാദിത്വം കാട്ടുന്നു മാധ്യമങ്ങളെ ഉപയോഗിച്ച് പാകിസ്താന്‍ കെട്ടഴിച്ചുവിടുന്ന യുദ്ധത്തിനായുള്ള മുറവിളി, അസ്വസ്ഥമായ പാക് രാഷ്്ട്രീയാന്തരീക്ഷത്തില്‍ ഭരണകൂടത്തിന് കസേര ഉറപ്പിക്കാനുള്ള തന്ത്രമാണ്. അതിനാണ് അതിര്‍ത്തിയില്‍ അവര്‍ നിരന്തരം പ്രകോപനം സൃഷ്്ടിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഭീകരവാദികളെ സന്തോഷിപ്പിക്കാനും അവര്‍ക്കിപ്പോള്‍ ഒരു യുദ്ധം ആവശ്യമുണ്ട്.

ദേശീയതാ സങ്കല്‍പ്പത്തെയും രാജ്യസ്നേഹത്തെ തന്നെയും കച്ചവടവത്കരിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ‘സീസണ്‍’ യുദ്ധകാലമാണെന്ന് ആദ്യം മനസ്സിലാക്കിയയൊരാളെ പരിചയപ്പെടുത്താം. പേര് വില്യം റാന്‍ഡോള്‍ഫ് ഹേര്‍സ്റ്റ്. അയാളുടെ കൈയില്‍ ഒരു പത്രമുണ്ടായിരുന്നു; സാന്‍ഫ്രാന്‍സിസ്‌കോ എക്‌സാമിനര്‍. പില്‍ക്കാലത്ത് ന്യൂയോര്‍ക്ക് ജേര്‍ണലും അദ്ദേഹം സ്വന്തമാക്കി. പത്രക്കച്ചവടം എങ്ങനെ ലാഭകരമാക്കാമെന്ന് അയാള്‍ തല പുകയ്ക്കുന്ന നാളുകളിലാണ് അമേരിക്ക- സ്പെയിന്‍ സംഘര്‍ഷം സംഭവിക്കുന്നത്. ക്യൂബക്ക് മേല്‍ സ്പെയിന്‍ നടത്തിയ അധിനിവേശമാണ് അതിന് വഴിവെച്ചത്. രാഷ്്ട്രങ്ങളുടെ വിഭിന്ന താത്പര്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കാവുന്ന ചെറിയ സംഘര്‍ഷമായി തുടങ്ങുകയും അവസാനിക്കുകയും ചെയ്യുമായിരുന്ന ഒരു സന്ദര്‍ഭത്തെ വില്യം റാന്‍ഡോള്‍ഫ് ഹേര്‍സ്റ്റ് അതിതീവ്ര ദേശീയത ഉദ്പാദിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചു. അതിനുവേണ്ടി സ്വന്തം പത്രം മാത്രം മതിയായിരുന്നു അദ്ദേഹത്തിന്.
മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരുതരത്തിലുള്ള നൈതികതയും അദ്ദേഹത്തെ ബാധിച്ചില്ല. സത്യം ജനങ്ങളെ അറിയിക്കാനോ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനോ വേണ്ടിയല്ല അദ്ദേഹം പത്രങ്ങള്‍ ഉടമപ്പെടുത്തിയത്. കച്ചവടം, ലാഭം- അത് മാത്രമായിരുന്നു ലക്ഷ്യം. ക്ഷീണാവസ്ഥയിലായിരുന്ന പത്രത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരാനും അതുവഴി ലാഭമുള്ള ബിസിനസ്സാക്കി മാറ്റാനും സമര്‍ഥമായി അദ്ദേഹം അമേരിക്കന്‍- സ്പാനിഷ് സംഘര്‍ഷത്തെ ഉപയോഗിച്ചു. നുണകള്‍ നിര്‍ബാധം ഒഴുകി. സ്പെയിന്‍ ക്യൂബയില്‍ സര്‍വനാശം വിതക്കുമ്പോള്‍ അമേരിക്ക കാര്യമായ ചെറുത്തുനില്‍പ്പിന് തയ്യാറാകാതെ വെറുതെ നില്‍ക്കുകയാണെന്ന് ന്യൂയോര്‍ക്ക് ജേര്‍ണല്‍ കുറ്റപ്പെടുത്തി. അമേരിക്കയുടെ ശക്തിക്ഷയമായി അതിനെ വ്യാഖ്യാനിച്ചു. ശക്തമായി ആക്രമിക്കൂ എന്നയാള്‍ ഒച്ചയിട്ടു. അദ്ദേഹത്തിന്റെ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കുതിച്ചുയര്‍ന്നു. തീവ്രദേശീയത ഉന്മാദാവസ്ഥ പ്രാപിച്ചു. സ്പെയിനുമായി യുദ്ധമൊഴിവാക്കാനുള്ള വഴിയെക്കുറിച്ച് ആലോചിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റിന് പോലും ആ യുദ്ധജ്വരത്തിന് വഴങ്ങേണ്ടിവന്നു.
അക്കാലത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ വാചകം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്; You furnish the pictures and I will furnish the war. നിങ്ങള്‍ പടമയക്കൂ, യുദ്ധം ഞാനുണ്ടാക്കാമെന്ന് വില്യം റാന്‍ഡോള്‍ഫ് ഹേര്‍സ്റ്റ് പറഞ്ഞത് ന്യൂയോര്‍ക്ക് ജേര്‍ണലിന്റെ ഫോട്ടോഗ്രാഫറായിരുന്ന ഫ്രഡറികിനോടാണ്. ഇവിടെ യുദ്ധസാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും ക്യൂബയിലെത്തിയ ഫ്രഡറിക് പത്രമുതലാളിയെ അറിയിച്ചപ്പോഴായിരുന്നു മേല്‍പ്രതികരണം. രാജ്യവും ദേശീയതയും ദേശസ്നേഹവുമെല്ലാം കച്ചവടച്ചരക്കുകള്‍ മാത്രമായി കാണുന്ന പത്രമുടമ സൃഷ്്ടിച്ച വ്യാജ ദേശീയത വിഭ്രാന്തി ആയിരങ്ങളുടെ ജീവനെടുക്കുന്ന യുദ്ധമായി മാറി. കനത്ത നാശനഷ്്ടങ്ങള്‍ ഇരുപക്ഷത്തും ഉണ്ടായി. അമേരിക്ക ജയിച്ച യുദ്ധമാണത്. പക്ഷേ ആ യുദ്ധം എല്ലാ നിലക്കും അഭിവൃദ്ധിപ്പെടുത്തിയത് വില്യം ഹേര്‍സ്റ്റിനെയായിരുന്നു. അയാള്‍ പിന്നെയും പിന്നെയും പത്രസ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടി. രാഷ്്ട്രീയത്തിലും ഒരു കൈനോക്കി അദ്ദേഹം. യു എസ് പ്രതിനിധി സഭയിലേക്ക് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യക്കും പാകിസ്്താനുമിടയില്‍ യുദ്ധം സംഭവിക്കുമോ എന്ന് ലോകം ആശങ്കപ്പെടുന്ന നാളുകളാണിത്. യുദ്ധം ആഗ്രഹിക്കുന്നില്ല എന്ന് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ വ്യാജ ദേശീയത ഉദ്പാദിപ്പിച്ച് പൗരന്മാരെ യുദ്ധാസക്തരാക്കുന്ന അവിവേകമാണ് പാകിസ്്താനില്‍ സംഭവിക്കുന്നത്. അതിനുതകുന്ന വിധത്തില്‍ പാക്- ചൈനീസ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടയ്ക്കുന്നുണ്ട്. സംഘര്‍ഷകാലങ്ങളില്‍ ഏത് നുണയും സത്യമെന്നോണം അവതരിപ്പിക്കപ്പെടും. അങ്ങനെയൊരു വാര്‍ത്ത കഴിഞ്ഞ ദിവസം പാക്- ചൈനീസ് മാധ്യമങ്ങള്‍ പടച്ചുണ്ടാക്കിയിരുന്നു; ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു എന്നായിരുന്നു വാര്‍ത്ത. സാമൂഹിക മാധ്യമങ്ങളിലെ പാക് ഹാന്‍ഡിലുകള്‍ അത് ആഘോഷിച്ചു. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തന്നെയും അക്കാര്യം അവകാശപ്പെട്ടു. ഇന്ത്യയുടെ പ്രത്യാക്രമണത്തെക്കുറിച്ച്, അതുണ്ടാക്കിയ നാശനഷ്്ടങ്ങളെ കുറിച്ച് ഏറ്റവും വ്യക്തമായ വിവരങ്ങള്‍ കൈയിലുണ്ടാകേണ്ട പാക് പ്രതിരോധ മന്ത്രി പോലും മാധ്യമ- സാമൂഹിക മാധ്യമ ആഘോഷത്തില്‍ പങ്കുചേരുകയാണ്!. അടിസ്ഥാന രഹിതമായ ഒരു കാര്യം സത്യമെന്നോണം അവതരിപ്പിക്കുകയാണ്.
പാകിസ്്താന്‍ ഈ നുണകള്‍ പടച്ചുവിടുന്ന അതേസമയത്ത് തന്നെ ഇന്ത്യയില്‍ നിന്നൊരു ബദല്‍ മാധ്യമ പ്രവര്‍ത്തകന്‍ അതിനെയെല്ലാം പൊളിച്ചടുക്കി കൊണ്ടിരുന്നു; ആള്‍ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. 2021ല്‍ പഞ്ചാബിലെ മോഗയില്‍ നടന്ന മിഗ്- 21 അപകട ദൃശ്യമാണ് ഇന്ത്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടു എന്ന നിലയില്‍ പാകിസ്്താന്‍ ആഘോഷിക്കുന്നതെന്ന് അദ്ദേഹം തെളിവ് സഹിതം പുറത്തുകൊണ്ടുവന്നു. വേറെയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു പാക്- ചൈനീസ് ഹാന്‍ഡിലുകള്‍. അത് വിശ്വസിച്ച് ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം വാര്‍ത്ത നല്‍കുകയും വൈകാതെ പിന്‍വലിക്കുകയും ചെയ്തു. വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ഒരു മലയാളി യൂട്യൂബര്‍ ആ വ്യാജ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ നിര്‍മിച്ചു. തനിക്ക് ആധികാരിക സ്രോതസ്സില്‍ നിന്ന് കിട്ടിയ വിവരമെന്ന് അവകാശപ്പെട്ടാണ് അയാള്‍ ഇന്ത്യക്ക് പിഴച്ചതെവിടെ എന്ന തലക്കെട്ടില്‍ വീഡിയോ പ്രസിദ്ധീകരിച്ചത്. ‘ഓപറേഷന്‍ സിന്ദൂര്‍’ ഇന്ത്യക്കാരുടെ അഭിമാനത്തെ ആകാശത്തോളമുയര്‍ത്തിയ പകലിലാണ് വ്യാജങ്ങള്‍ കുത്തിനിറച്ച വീഡിയോ പുറത്തുവരുന്നത്. ഔദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ അതിനെ ബാന്‍ ചെയ്തു എന്നാണ് വിവരം.
നിര്‍ണായക നേരത്ത് സമാന്തര മാധ്യമ മുറിയിലെ ഒറ്റയാള്‍ പട്ടാളമായി നിലകൊണ്ട മുഹമ്മദ് സുബൈറിനെ സംഘ്പരിവാര്‍ സൈബറിടത്തില്‍ ക്രൂരമായി ആക്രമിച്ചത് മറക്കാറായിട്ടില്ല. ഹിന്ദുവിരോധിയായും ദേശവിരുദ്ധനായും അദ്ദേഹം മുദ്രകുത്തപ്പെട്ടു. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് 2022 ജൂണ്‍ 27ന് ഡല്‍ഹി പോലീസ് മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കാതെ അറസ്റ്റ് ചെയ്തു. കേസുകള്‍ക്ക് മേല്‍ കേസുകള്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. യു പിയില്‍ മാത്രം ആറ് കേസുകള്‍. ഒരു മാസത്തോളമാണ് സുബൈര്‍ ജയിലില്‍ കിടന്നത്. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടാണ് മോചിപ്പിച്ചത്. ഹിന്ദുത്വര്‍ വേട്ടയാടിയ അതേ മനുഷ്യനാണ് ഓപറേഷന്‍ സിന്ദൂര്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ ജാള്യം മറയ്ക്കാന്‍ പാകിസ്്താന്‍ പടച്ചുണ്ടാക്കിയ നുണകളെ ഒന്നൊന്നായി പൊളിച്ചടക്കിയത്. നമ്മുടെ രാജ്യം അദ്ദേഹത്തോട് ഇക്കാര്യത്തില്‍ കടപ്പെട്ടിരിക്കുന്നു.
മാധ്യമങ്ങളെ ഉപയോഗിച്ച് പാകിസ്്താന്‍ കെട്ടഴിച്ചുവിടുന്ന യുദ്ധത്തിനായുള്ള മുറവിളി, അസ്വസ്ഥമായ പാക് രാഷ്്ട്രീയാന്തരീക്ഷത്തില്‍ ഭരണകൂടത്തിന് കസേര ഉറപ്പിക്കാനുള്ള തന്ത്രമാണ്. അതിനാണ് അതിര്‍ത്തിയില്‍ അവര്‍ നിരന്തരം പ്രകോപനം സൃഷ്്ടിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഭീകരവാദികളെ സന്തോഷിപ്പിക്കാനും അവര്‍ക്കിപ്പോള്‍ ഒരു യുദ്ധം ആവശ്യമുണ്ട്. ഇന്ത്യ ഉത്തരവാദിത്വ ബോധത്തോടെ തന്നെ ഈ നാളുകളും കടന്നുപോകും.
---- facebook comment plugin here -----